VOL 14 |
 Flip Pacha Online

റോസാരിയോയിലെ മാന്ത്രികൻ: വിടപറയലിന്റെ അവസാന വിസിൽ

By: മിർഷാ മഞ്ഞപെറ്റ

റോസാരിയോയിലെ മാന്ത്രികൻ: വിടപറയലിന്റെ അവസാന വിസിൽ
ഫുട്ബോളിനെ സ്വന്തം സിരകളിലേക്ക് ആവാഹിച്ച രണ്ട് പതിറ്റാണ്ടുകൾ; കോടിക്കണക്കിന് മനുഷ്യരുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം ഒരൊറ്റ തുകൽപ്പന്തിലേക്ക് ചുരുക്കിക്കെട്ടിയ ഒരേയൊരു മാന്ത്രികൻ ലയണൽ ആന്ദ്രേസ് മെസ്സി. അന്നൊരു ശൈത്യകാലത്ത്, അർജന്റീനയിലെ റൊസാരിയോ തെരുവുകളിൽ പിറന്നുവീണ ആ കൊച്ചുബാലൻ പിന്നീട് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ഉന്മാദത്തിന്റെ കൊടുമുടി കയറ്റിയ അവിശ്വസനീയമായ കഥയ്ക്കാണ് 2026 ഓഗസ്റ്റ് 31-ന് തിരശ്ശീല വീഴുന്നത്. ഫുട്ബോളിന്റെ ദൈവം ഒടുവിൽ കളം വിടുകയാണ്.

ലോകത്തെ ഇത്രമേൽ ആനന്ദിപ്പിച്ച, കൺചിമ്മാതെ നോക്കിനിൽക്കാൻ പ്രേരിപ്പിച്ച, പന്തുകൊണ്ട് അദ്ഭുതങ്ങൾ തീർത്ത മറ്റൊരു കളിക്കാരൻ ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടോ എന്നത് സംശയമാണ്. അതിരുകളില്ലാത്ത ആ മാസ്മരികത മനുഷ്യരെ ഒരേപോലെ വിസ്മയിപ്പിച്ചു. മെസ്സിയാവുക, അല്ലെങ്കിൽ മെസ്സിയായിത്തീരുക എന്നത് ഈ പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു നിയോഗമാണ്.

അർജന്റീനയുടെ ആകാശനീല ജഴ്സിയണിഞ്ഞ് മൈതാനങ്ങളിൽ നിറഞ്ഞാടിയ അയാൾ പടിയിറങ്ങുമ്പോൾ, ലോകമെമ്പാടുമുള്ള കണ്ണുകളിൽ അറിയാതെ ഈറനണിയുന്നുണ്ട്. ഒരു ആയുഷ്കാലം മുഴുവൻ ആ നാടിന്റെ പ്രതീക്ഷകളുടെ ഭാരവും പേറി നടന്നവൻ. 2005-ൽ തുടങ്ങിയ ആ സുവർണ്ണ അധ്യായം വർഷങ്ങൾ കഴിയുംതോറും കൂടുതൽ മിഴിവുള്ളതായി മാറുകയായിരുന്നു. കരിയറിന്റെ സായാഹ്നത്തിലും എണ്ണംപറഞ്ഞ ഗോളുകളുമായി വിസ്മയിപ്പിച്ച അയാൾ, ഒടുവിൽ തന്റെ മുപ്പത്തിയൊമ്പതാം വയസ്സിൽ ആ പത്താം നമ്പർ കുപ്പായം അഴിച്ചുവെച്ച് മടങ്ങുമ്പോൾ ഫുട്ബോൾ ലോകത്ത് ബാക്കിയാകുന്നത് നികത്താനാവാത്ത ഒരു വലിയ ശൂന്യതയാണ്.
2016-ൽ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ കണ്ണീരണിഞ്ഞ രാത്രി; പന്ത് ആകാശത്തേക്ക് പായിച്ച്, മൈതാനത്തെ പുൽത്തകിടിയിൽ തലചായ്ച്ച് ഏങ്ങിക്കരഞ്ഞ ആ നിമിഷം ഇന്നും മനസ്സിലുണ്ട്. എന്നാൽ പിന്നീട് കണ്ടത് ഒരു ഫീനിക്സ് പക്ഷിയെപ്പോലെയുള്ള അയാളുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു. തുടർച്ചയായ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, ഫൈനലിസിമ, ഖത്തറിന്റെ മണ്ണിൽ ലോകം കാത്തിരുന്ന ആ വിശ്വകിരീടം... അങ്ങനെ നേടാവുന്നതെല്ലാം കൈപ്പിടിയിലൊതുക്കിയാണ് ലിയോയുടെ ഈ രാജകീയ പടിയിറക്കം.
എന്നെങ്കിലും ഒരിക്കൽ അയാൾ കളി നിർത്തുമെന്ന് അറിയാമായിരുന്നു; എങ്കിലും 'ഇത്ര പെട്ടെന്ന് വേണമായിരുന്നോ ലിയോ' എന്ന് ചോദിക്കുന്ന ആരാധകരുടെ ഇടറിയ ശബ്ദങ്ങൾ മൈതാനങ്ങളിൽ ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ട്. അർജന്റീന എന്ന രാജ്യത്തെയും അവരുടെ ദേശീയപതാകയെയും സ്വന്തം പത്താം നമ്പറിനെയും ലോകത്തിന്റെ നെഞ്ചിൽ കൊത്തിവെച്ചാണ് ആ മടക്കം. ആ മാന്ത്രികനെ പൂർണ്ണമായി വരച്ചിടാൻ ഒരു ജന്മം തന്നെ വേണ്ടിവരും. ഓർക്കുമ്പോൾത്തന്നെ കണ്ണുകളിൽ നനവുപടർത്തുന്ന ഒരൊറ്റ വികാരമേയുള്ളൂ—അതിന്റെ പേരാണ് ലയണൽ മെസ്സി.