മലീമസമാകുന്ന മതമാനവികതയും മാധ്യമ മൂല്യങ്ങളും
By: എമി ഷറഫലി
സ്ത്രീവിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് മുസ്ലിം പെൺകുട്ടികളെ അറിവിന്റെ അക്ഷരമുറ്റങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച പ്രസ്ഥാന നായകനാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മർകസ് ഉൾപ്പെടെയുള്ള ഭൗതിക-മത സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പതിനായിരക്കണക്കിന് പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസവും മതബൗദ്ധിക ശേഷിയും പകർന്നുനൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇത്രയധികം പെൺകുട്ടികളെ അറിവിന്റെ ലോകത്തേക്ക് വഴിനടത്തിയ അതേ പ്രസ്ഥാന നേതൃത്വം അവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തോന്നിയപോലെ ഇറങ്ങിനടക്കേണ്ടവരല്ല. വീടകങ്ങളുടെ ഭരണകർത്താക്കൾ മാത്രമാവേണ്ടവരാണ് എന്ന തരത്തിലുള്ള വ്യാഖ്യാനത്തിന്റെ വിവിധ മേഖലയിലുള്ള ജനരോഷത്തിനാണ് ഈയിടയായി നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
നബിദിനാഘോഷങ്ങളുടെ രീതികളിൽ വന്ന മാറ്റങ്ങളും അനാവശ്യ ആഭാസങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കാൻ സുന്നി സംഘടനകൾ മഹല്ലുകൾക്ക് നൽകിയ ചില നിർദ്ദേശങ്ങളിൽ നിന്നാണ് അടുത്തിടെ പുതിയൊരു തർക്കം ആരംഭിക്കുന്നത്. പരമ്പരാഗതമായി പള്ളികളിലും മദ്രസകളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ആഘോഷങ്ങൾ തെരുവുകളിലേക്കും ക്ലബ്ബുകളിലേക്കും വ്യാപിക്കുകയും അത്തരം പൊതുവിടങ്ങളിൽ വലിയ തോതിൽ ആൺപെൺ സമ്മിശ്ര കൂട്ടായ്മകളും ആഘോഷങ്ങളും നടക്കുകയും ചെയ്തത് മതപരമായ അച്ചടക്കത്തിന് വിരുദ്ധമാണെന്ന് മതനേതൃത്വം വിലയിരുത്തി. എന്നാൽ ഇതിന്റെ തുടർച്ചയായി ഉയർന്നുവന്ന ചില പ്രസ്താവനകൾ സ്ത്രീകളുടെ പൊതുരംഗ പ്രവേശനത്തെ സംബന്ധിച്ചായപ്പോൾ അത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തെ പൂർണ്ണമായി നിഷേധിക്കുന്ന രീതിയിലേക്ക് വ്യാഖ്യാനിക്കപ്പെട്ടു.
ലഹരിയുടെ ഇരുട്ട് ചെറുപ്പക്കാരെ വിഴുങ്ങുമ്പോഴും ഗാർഹിക പീഡനങ്ങളുടെയും സ്ത്രീധനത്തിന്റെയും പേരിൽ പെൺജീവിതങ്ങൾ എരിഞ്ഞുതീരുമ്പോഴും എന്തിന് സംഘടനയ്ക്കുള്ളിൽ തന്നെ നടക്കുന്ന ചില കപട രാഷ്ട്രീയങ്ങൾക്കുനേരെ മൗനത്തിന്റെ മൂടുപടമണിയുന്ന മതാധികാരങ്ങൾ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തിനും നടപ്പിനും മേൽ മാത്രം പെട്ടെന്ന് ജാഗരൂകരാകുന്നതിലെ അനീതി സാമാന്യസമൂഹം ചോദ്യം ചെയ്തതിൽ തെറ്റ് പറയാനൊക്കില്ല.
അറിവ് നേടുക എന്നത് കേവലം വീടകങ്ങളിലെ അടുക്കളച്ചുവരുകൾക്കുള്ളിൽ സൂക്ഷിക്കാനുള്ള ഒന്നല്ല മറിച്ച് അത് ലോകത്തെ അഭിമുഖീകരിക്കാനുള്ള പ്രാപ്തിയാണെന്ന യാഥാർത്ഥ്യം ഇനിയും തിരിച്ചറിയപ്പെടാതെ പോകുന്നുവെന്ന് സംശയിക്കത്തക്കവിധം ആറാം നൂറ്റാണ്ടിൽ നിന്നും ഇനിയും വണ്ടികിട്ടാത്തവരാണോ എന്ന പട്ടം ചാർത്തിക്കിട്ടേണ്ട തരത്തിലേക്ക് എത്തിച്ചു നിർത്തുന്നു ചാനൽ ചർച്ചകൾ. പ്രഗത്ഭരായ മതപണ്ഡിതന്മാരും സമുദായത്തെയും സമൂഹത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രബുദ്ധരായ സാമൂഹിക വീക്ഷകരും വ്യക്തമായ പ്രമാണങ്ങളോടെയും ദീർഘവീക്ഷണത്തോടെയും പറഞ്ഞു വെച്ച ഈ ഗൗരവമേറിയ വിഷയത്തിൽ മതപരമായ തിട്ടൂരങ്ങൾ നൽകാനോ അന്തിമ വിധികൾ പ്രഖ്യാപിക്കാനോ ഞാൻ ആളല്ല. എങ്കിലും ഒരു സാധാരണ പൗരന്റെയും വായനക്കാരന്റെയും വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഏത് സംഘടനകളാവട്ടെ കാലോചിതമായ പുനർചിന്തനങ്ങൾക്കും മൂല്യവർദ്ധിത ചിന്താഗതികൾക്കും പുരോഗമനാദർശങ്ങൾക്കും കൃത്യമായ തേച്ചുമിനുക്കലുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. അനുയോജ്യമായ മതാടിത്തറ ഉൾക്കൊണ്ട് കൊണ്ട് തന്നെ അടിഞ്ഞു കൂടിയ ചപ്പുചവറുകൾ നീക്കം ചെയ്യുക തന്നെ വേണം. ആചാരാനുഷ്ഠാനങ്ങളുടെയും വിശുദ്ധിയുടെയും പേരിൽ കടന്നുകൂടിയ കാലഹരണപ്പെട്ട വീക്ഷണങ്ങളെയും സ്ത്രീവിരുദ്ധ നിലപാടുകളെയും തിരിച്ചറിഞ്ഞ് തിരുത്താൻ സമുദായ നേതൃത്വങ്ങൾ തയ്യാറാകേണ്ടതുണ്ട്.
അതേസമയം പ്രസ്ഥാന നായകന്റെ നിലപാടുകളെയും വ്യക്തിത്വത്തെയും പൂർണ്ണമായി ഉൾക്കൊള്ളാതെ ഈ വിഷയത്തെ ഉപരിപ്ലവമായി മാത്രം സമീപിക്കാൻ കഴിയില്ല. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്നത് ചെമ്പട്ട് വിരിച്ച രാജവീഥിയിലൂടെ കടന്നുവന്ന ഒരു വ്യക്തിത്വമല്ല. പതിറ്റാണ്ടുകളായി തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും എതിർപ്പുകളെയും സ്വന്തം തലപ്പാവിലെടുത്ത് വച്ച് അക്ഷോഭ്യനായി തന്റെ ആദർശങ്ങളിലും നിലപാടുകളിലും ഉറച്ചുനിന്ന ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന്റെ വിമർശനശരങ്ങൾ ഏൽക്കുമ്പോഴും താൻ വിശ്വസിക്കുന്ന ഇസ്ലിാമിക പ്രമാണങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന അദ്ദേഹത്തിന്റെ നിലപാട്, മത പരിപാലനത്തിലെ ലെഗസി എന്നിവ അദ്ദേഹത്തിന്റെ അനുയായികൾക്ക് ആവേശവും എതിരാളികൾക്ക് വലിയ വെല്ലുവിളിയുമായി മാറുന്നു.
ഈ പ്രസ്താവന പുറത്തുവന്നതോടെ നാടിന്റെ രാഷ്ട്രീയ മണ്ഡലങ്ങളിൽ കൃത്യമായ ചേരിതിരിവുകളോടെയുള്ള കടന്നാക്രമണങ്ങളാണ് രൂപപ്പെട്ടത്. സമുദായ വോട്ടുകളും രാഷ്ട്രീയ ലാഭങ്ങളും മാത്രം മുന്നിൽ കണ്ടുകൊണ്ട് വിവിധ പ്രസ്ഥാനങ്ങൾ വിഷയത്തെ തങ്ങളുടെ ആഖ്യാനങ്ങൾക്കനുസരിച്ച് ഉപയോഗപ്പെടുത്തി. പ്രബുദ്ധമായ ആശയസംവാദങ്ങൾക്ക് പകരം കേവലം രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള ഈ പാരസ്പര്യ എതിർപ്പുകൾ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണമാക്കുക മാത്രമാണ് ചെയ്തത്.
ഇവിടെയാണ് മാധ്യമങ്ങൾ വിഷയത്തെ കൈകാര്യം ചെയ്ത രീതിയിലൂടെ മാധ്യമ മലിനീകരണം അതിന്റെ പൂർണ്ണരൂപത്തിൽ ദൃശ്യമായത്. പക്വമായ ചർച്ചകൾക്ക് പകരം പ്രൈംടൈം ചാനൽ ചർച്ചകളെ വെറും അലർച്ചകളും ആൾക്കൂട്ട വിചാരണകളുമാക്കി മാറ്റാൻ മാധ്യമങ്ങൾ മടിച്ചില്ല. വാർത്തകളെ ചടുലവും നാടകീയവുമാക്കി മാറ്റി റേറ്റിംഗ് കൂട്ടാനുള്ള ഓട്ടത്തിൽ ഗുണപരമായ യാതൊരുവിധ നേട്ടങ്ങളും ഇല്ലാതെ കാതലായ പ്രശ്നങ്ങൾ മറയ്ക്കപ്പെടുകയായിരുന്നു.
എന്നാൽ ഈ വിഷയത്തിലെ കാതലായ തർക്കങ്ങളെക്കാൾ ഭയാനകമാണ് അതിനെ കച്ചവടച്ചരക്കാക്കി മാറ്റിയ മാധ്യമങ്ങളുടെ ഇടനില. പരമ്പരാഗത ദൃശ്യമാധ്യമങ്ങൾ മാത്രമല്ല ഇന്നു ജനങ്ങളുടെ കയ്യിലെ ഓരോ സ്മാർട്ട്ഫോണും ഒരോ വ്യക്തിഗത മാധ്യമമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏത് വിഷയത്തിലും അനുകൂലിച്ചും പ്രതികൂലിച്ചും തൽക്ഷണം പ്രതികരിക്കാൻ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആർക്കും സാധിക്കുന്ന ഈ കാലത്ത് അനിയന്ത്രിതമായ അഭിപ്രായപ്രകടനങ്ങൾ ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുന്നത്. ഉയർന്നുവന്ന ഒരു നിർദ്ദേശത്തിന്റെ യഥാർത്ഥ ഉദ്ദേശശുദ്ധി എന്തായിരുന്നു എന്ന് വസ്തുനിഷ്ഠമായി നിരീക്ഷിക്കുന്നതിന് മുൻപ് തന്നെ ഡിജിറ്റൽ ഇടങ്ങളിൽ വലിയൊരു പുകമറ സൃഷ്ടിക്കപ്പെടുന്നു. കേവലം വൈകാരിക പ്രകടനങ്ങൾക്കും അധിക്ഷേപങ്ങൾക്കും വ്യൂസിനുമായി നടത്തുന്ന ഇത്തരം സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം യഥാർത്ഥ വിഷയം മലിനീകരിക്കപ്പെടുന്നു. അതോടെ ചർച്ച ചെയ്യപ്പെടേണ്ട കാതലായ ചോദ്യങ്ങൾ വഴിമാറിപ്പോവുകയും പരസ്പര വിദ്വേഷവും ചേരിതിരിവും മാത്രം അവശേഷിക്കുകയും ചെയ്യുന്നു. കാണുന്ന എല്ലാ കാര്യങ്ങളോടും പെട്ടെന്ന് ചാടിവീണ് പ്രതികരിക്കേണ്ട ആവശ്യമുണ്ടോ എന്ന ഗൗരവതരമായ ചോദ്യം ഇതിലൂടെ ഉയർന്നുവരുന്നുണ്ട്.അങ്ങാടികളിലും സോഷ്യൽ മീഡിയയിലുമുള്ള ഈ വിഷപ്പുകയിൽ നിന്ന് സത്യവും മിഥ്യയും വേർതിരിച്ചറിയാൻ പൊതുസമൂഹം കൃത്യമായ സ്വയം നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. കേൾക്കുന്ന വാർത്തയോ കാണുന്ന പോസ്റ്റോ എത്രത്തോളം സത്യസന്ധമാണെന്ന് ബോധ്യപ്പെടാതെ പെട്ടെന്നുള്ള വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കുകയാണ് ആദ്യപടി.
ഒരു മതവിഭാഗത്തിന് അവരുടെ വിജ്ഞാന ചട്ടക്കൂടിനുള്ളിൽ നിന്ന് സംസാരിക്കാൻ അവകാശമുള്ളതുപോലെ തന്നെ ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും അനുസരിച്ച് ജീവിക്കാൻ ഓരോ പൗരനും അവകാശമുണ്ടെന്ന തിരിച്ചറിവ് സൂക്ഷിക്കണം. മാധ്യമങ്ങൾ തങ്ങളുടെ കച്ചവട താല്പര്യത്തിനായി നൽകുന്ന അനാവശ്യ ഹൈപ്പുകളും സോഷ്യൽ മീഡിയ ട്രോളുകളുടെ അജണ്ടകളും വിവേചനബുദ്ധിയോടെ തിരിച്ചറിയാൻ പൊതുസമൂഹത്തിന് സാധിക്കേണ്ടതുണ്ട്. മതനേതൃത്വങ്ങൾ മാറിയ കാലത്തിന്റെ വെളിച്ചം ഉൾക്കൊണ്ട് കൂടുതൽ ജനാധിപത്യപരമായി ചിന്തിക്കുകയും പൊതുസമൂഹം അനാവശ്യ വിവാദങ്ങളിൽ പെടാതെ സമാധാനാന്തരീക്ഷം സൂക്ഷിക്കുകയും ചെയ്യുമ്പോൾ മാത്രമേ നമ്മുടെ നാടിന്റെ സൗഹാർദ്ദവും വരുംതലമുറയുടെ ഭാവിയും സുരക്ഷിതമായി നിലനിൽക്കൂ.