VOL 08 |
 Flip Pacha Online

ഇറാനെതിരായ യുദ്ധവും ഇന്ത്യയുടെ നയതന്ത്രവും

By: നൗഷാദ് അരീക്കോട്

ഇറാനെതിരായ യുദ്ധവും ഇന്ത്യയുടെ നയതന്ത്രവും
ഇസ്രയേലിനും ഇറാനും ഇടയിൽ ജോർദാൻ, സൗദി അറേബ്യ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുണ്ട്. ഇറാന്റെ പടിഞ്ഞാറൻ ഭാഗത്ത് ഗൾഫ് കടലിടുക്കിന് അടുത്തായി ബഹറിൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളും .തെക്കായി ഒമാനും .

ഇറാന് നേരെയുള്ള ആക്രമത്തിൽ പശ്ചിമേഷ്യയെ മുഴുവൻ ബാധിക്കുന്നത് ഭൂമിശാസ്ത്രപരമായ ഈ വസ്തുതകളും ഭാഗമാവുന്നുണ്ട്. ഇന്ത്യാക്കാർ വിശേഷിച്ച് മലയാളികൾ ഏറെ ജീവിക്കുന്ന രാജ്യങ്ങളാണ് മധേഷ്യ. മധേഷ്യയിലെ സമാധാനം ഇന്ത്യയുടെ സാമ്പത്തിക ഭദ്രതക്ക് അനിവാര്യമാണ്.

ഹോർമൂസ് കടലിടുക്ക് എന്ന തന്ത്രപരമായ എണ്ണ ഇടനാഴിയുടെ സാന്നിദ്ധ്യം ഇറാന്റെ തെക്ക് പടിഞ്ഞാറുള്ള പേർഷ്യൻ ഗൾഫിലാണ്. അതിസമ്പന്നമായ എണ്ണ നിക്ഷേപങ്ങളുള്ള ഈ മേഖലയുടെ രാഷ്ട്രീയ അധീശത്തം നേടുകയെന്നത് അമേരിക്കയുടെ തന്ത്രപരമായ നീക്കമാണ്. അമേരിക്കയുടെ നിർദ്ദേശങ്ങൾക്ക് എതിര് നിൽക്കാത്തവരാണ് ഇറാനൊഴിച്ചുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ .

അമേരിക്കൻ സാമ്രാജ്യത്വത്തിനെ എതിർത്തിരുന്ന ഇറാഖിലെ സദ്ദാം ഹുസൈൻ ഭരണകൂടത്തെ 2003 ലെ യു.എസ്. അധിനിവേശത്തിൽ തൂത്തെറിഞ്ഞ് അദ്ദേഹത്തെ തൂക്കിലേറ്റുകയായിരുന്നു. അമേരിക്കയുടെ എതിർപ്പോടെ നാല് പതിറ്റാണ്ട് ലിബിയ ഭരിച്ച കേണൽ മുഅമ്മർ ഗദ്ദാഫിയെ അമേരിക്കൻ സഹായത്തോടെ വിതമർ വധിച്ച് രാജ്യത്ത് പുതിയ ഭരണകൂടത്തെ അവരോധിക്കുകയായിരുന്നു.

പശ്ചിമേഷ്യയിൽ മാത്രമല്ല 2001-ൽ അഫ്ഗാനിസ്ഥാനിലെ ഭരണകൂടത്തെ അട്ടിമറിച്ച് ഹമീദ് കർസായിയെ അധികാരത്തിലെത്തിച്ചതും യുഗോസ്ലാവ്യ, ഹെയ്ത്തി, പനാമ, കംബോഡിയ, ഹോണ്ടുറാസ് , പെറു, ബോസ്നിയ , സോമാലിയ, ഡൊമനിക്കൻ റിപ്പബ്ലിക്ക് , വിയറ്റ്നാം, അവസാനമായി വെനസ്വേല എന്നിവിടങ്ങളിലെ കടന്നുകയറ്റങ്ങളും അമേരിക്ക നടത്തിയ രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള ധിക്കാരമാണ്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോക സമാധാനത്തിനായി നിലകൊണ്ട ഐക്യരാഷ്ട്ര സംഘടന (UNO )യെ നോക്കുകുത്തിയാക്കി കൊണ്ടാണ് ഇതെല്ലാമെന്നതാണ് വിരോധാഭാസം.
ലോകത്തെവിടെ നടക്കുന്ന യുദ്ധങ്ങളിലും ഒരു പക്ഷത്ത് അമേരിക്കയുടെ ഇടപെടലുകൾ നമുക്ക് കാണാനാവും.

ഇപ്പോൾ അമേരിക്കയും ഇസ്രയേലും ചേർന്ന് കാണിച്ച ഈ നെറികേട് ലോകരാഷ്ട്രങ്ങളെല്ലാം അപലപിച്ചു , ഇന്ത്യ ഒഴികെ! മറിച്ച് ഇറാൻ GCC രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ നടത്തിയ ആക്രമണത്തെ ഇന്ത്യ വിമർശിക്കുകയും ആ രാജ്യങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തിരിക്കുന്നു. ഈ നിലപാട് ഇന്ത്യയുടെ വിദേശനയത്തിൽ അടുത്തിടെ വന്ന മാറ്റമാണ് കാണിക്കുന്നത്.

ചേരിചേരാ നയമെന്ന നമ്മുടെ അടിസ്ഥാന വിദേശ നയതന്ത്ര നിലപാടാണ് ഇന്ത്യൻ സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. അമേരിക്കയിലും ഇറാനിലും നടക്കുന്ന യുദ്ധ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഉയർത്തിപ്പിടിച്ച ബാനറുകളിൽ ട്രംപിന്റെയും നെതന്യാഹുവിന്റെയും ചിത്രങ്ങൾക്കൊപ്പം നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരിയുടെയും ചിത്രമുണ്ടെന്നത് ലജ്ജാകരമാണ്. അമേരിക്കയുടെ പക്ഷത്തെ വിശ്വസ്ത മിത്രമാവാനുള്ള നമ്മുടെ ശ്രമം ലോക സമാധാനത്തിന് തന്നെ ദോഷകരമാണ്.
ഒരു യുദ്ധവും ആരും ജയിച്ചിട്ടില്ല, മാനവരാശിയുടെ തോൽവിയല്ലാതെ. ഇറാൻ എന്ന രാജ്യത്തിന്റെ മതമോ വിശ്വാസമോ നോക്കിയാവരുത് നമ്മുടെ നിലപാടുകൾ.

ആഗോള ഭീകരർ എന്ന് ലോകം മുഴുവൻ മുദ്രകുത്തുന്ന അമേരിക്ക - ഇസ്രയേൽ സംഖ്യത്തിനൊപ്പം നിൽക്കുന്ന നമ്മുടെ നിലപാടിനോട് യോജിക്കാനാവുന്നില്ല. ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തെ നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗിക വാർത്താ കുറിപ്പിൽ വിമർശിക്കുമെന്ന പ്രതീക്ഷയെല്ലാം വെറുതെയായി. നമ്മുടെ രാജ്യം ആർക്കൊപ്പം എന്നത് വ്യക്തമായി കഴിഞ്ഞു. ഉന്മൂലന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളാണ് സിയോണിസ്റ്റ് ലോബി . അവർക്ക് കുടപിടിക്കുന്നതാവട്ടെ അമേരിക്കയും. ഇന്ത്യയും ഈ നിലപാടിനൊപ്പമെന്ന് വ്യക്തമാവുന്നതാണ് ഇസ്രയേൽ ആക്രമണത്തെ അപലപിക്കാത്തത് . ലോകത്ത് ജൂതർ ഏറ്റവും നാശം വരുത്തിയത് കൃസ്ത്യാനിസത്തെയാണ്. ഇന്നവരെ പിന്തുണക്കുന്ന വർ ഓർക്കുക, നാളെ മറ്റു ജനതകളിലേക്കും ഈ ഉന്മൂലനക്കാർ കടന്നു വരുമെന്നത് .

വ്യാപാരവും വംശിയവും കൂട്ടുപിടിച്ച ഈ യുദ്ധം മാനവരാശിക്ക് തന്നെ ആപത്താണ് . ഇതൊരു മൂന്നാം ലോക യുദ്ധത്തിലേക്കെത്തിയാൽ... നാലാം ലോകയുദ്ധത്തിന് ഈ മണ്ണിൽ പിന്നെ മനുഷ്യനെയും ജീവജാലങ്ങളെയും കാണാനുണ്ടാവില്ല !