VOL 08 |
 Flip Pacha Online

എഡിറ്റർ നോട്ട്

By: ടി പി എം ബഷീർ

യുദ്ധഭീകരതയുടെ
അച്ചുതണ്ട് തകർക്കണം

അമേരിക്കയും ഇസ്രായേലും ചേർന്ന് പുതിയ ആഗോളയുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നു.
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല ഖംനഇയെ വധിച്ചു കൊണ്ട് യുദ്ധഭീകരതയുടെ
അരങ്ങേറ്റം അവർ ആഘോഷിക്കുന്നുമുണ്ട്. 165 പെൺകുഞ്ഞുങ്ങളുടെ വിലാപം
സയണിസ്റ്റ് ഭീകരതയുടെ ഒടുങ്ങാത്ത പകയുടെ അടയാളമായി നമ്മുടെ നെഞ്ചിൽ തറക്കുന്നുണ്ട്.

ഇറാൻ സ്വയരക്ഷയ്ക്ക് വേണ്ടിപ്പോലും ആണവായുധങ്ങൾ നിർമ്മിക്കരുത്. ദീർഘദൂര മിസൈലുകൾ നിർമ്മിക്കരുത് തുടങ്ങിയവയായിരുന്നു ട്രംപിൻ്റെ കൽപ്പനകൾ. ഒരു യുദ്ധം ഒഴിവാക്കാൻ ഇറാൻ ചർച്ചയ്ക്ക് തയ്യാറായി. ചർച്ച നടക്കുന്നതിനിടയിൽ ഇസ്രയേലിന് ഇറാനെ ആക്രമിക്കാൻ തിടുക്കം.
ഒന്നും ആലോചിക്കാതെ കൂട്ടിന് അമേരിക്കയും.

എന്തിനാണ് ഈ യുദ്ധം എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. പിന്നെ ട്രംപ് ഒരു ന്യായം പറയുന്നുണ്ട്. ‘47 വർഷമായി ഇറാൻ അമേരിക്കക്ക് ഭീഷണിയാണ്’. 47 വർഷത്തിനിടയിൽ ഇറാൻ ഒരിക്കൽ പോലും അമേരിക്കയെ അക്രമിച്ചിട്ടില്ല എന്നതും ഇക്കാലത്തിനിടയ്ക്ക് അമേരിക്ക ഒട്ടേറെ രാജ്യങ്ങളെ ആക്രമിച്ചിട്ടുണ്ട് എന്നതും ഒരു യാഥാർത്ഥ്യമായി നിൽക്കെയാണ് ട്രംപിൻ്റെ ഈ ഫലിതം.

ആഗോള ഭീകരനായ നെതന്യാഹുവിൻ്റെ മനുഷ്യത്യരഹിതമായ യുദ്ധക്കൊതിയും ട്രംപിൻ്റെ ആയുധക്കച്ചവട താൽപര്യവും ചേർന്നതോടെയാണ് യാതൊരു ന്യായവുമില്ലാത്ത ഈ യുദ്ധം സൃഷ്ടിക്കപ്പെട്ടത്.

അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയാണെങ്കിലും ഇറാൻ്റെ മിസൈൽ വർഷം പശ്ചിമേഷ്യയിൽ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല. ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള മിസൈൽ വർഷം തുടരില്ല എന്ന ഇറാൻ്റെ പ്രഖ്യാപനം ഒരു പ്രതീക്ഷയാണ്.

അമേരിക്കൻ-ഇസ്രയേൽ അച്ചുതണ്ട് തകർക്കപ്പെടണം.
അത് ലോകത്തിന് ഭീഷണിയാണ്.
ഇസ്രയേലിൻ്റെ യുദ്ധക്കൊതി എന്നെന്നേക്കുമായി ഇല്ലാതാകണം. ലോക സമാധാനത്തിന് അതാണ് ഏകമാർഗം. അല്ലെങ്കിൽ യുദ്ധങ്ങൾ ഇനിയും സംഭവിക്കും.
ലോക രാഷ്‌ട്രങ്ങൾ വിധേയത്വം അവസാനിപ്പിച്ച് യുദ്ധവിരുദ്ധ മുന്നണി രൂപപ്പെടുത്തണം.