VOL 06 |
 Flip Pacha Online

ഉത്തരേന്ത്യൻ ഗ്രാമീണരുടെ വിമോചനവും വിദ്യാഭ്യാസ പദ്ധതികളും

By: പി.കെ. ഹാരിഫ്

ഉത്തരേന്ത്യൻ ഗ്രാമീണരുടെ  വിമോചനവും  വിദ്യാഭ്യാസ പദ്ധതികളും
ദക്ഷിണേന്ത്യയിലെ വിഷേശിച്ച് കേരളത്തിലെ വിവിധ ട്രസ്റ്റുകളും ദാനഹൃദയങ്ങളായ വ്യക്തികളും വർഷങ്ങളായി ഉത്തരേന്ത്യയിലെ ഗ്രാമങ്ങളോട് കരുണയും സഹകരണവും കാട്ടിവരുന്നു. ബീഹാർ, ഝാർഖണ്ഡ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ അനവധി ദരിദ്ര കുടുംബങ്ങൾക്ക് ഇവരുടെ സഹായം പ്രതീക്ഷയുടെ വിളക്കായി മാറിയിരിക്കുന്നു. കുടിവെള്ളം, വസ്ത്രം, താമസം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പോലും ഇല്ലാത്തവർക്ക് ഈ കാരുണ്യം അനന്തമായ നന്ദിയോടെ ഓർക്കപ്പെടേണ്ടതാണ്.

എന്നാൽ, ഈ സഹായങ്ങൾക്കൊപ്പം ദീർഘകാല ഫലം നൽകുന്നത് വിദ്യാഭ്യാസ സഹായം തന്നെയാണ്. ആഹാരവും വസ്ത്രവും താൽക്കാലിക ആശ്വാസം നൽകുമ്പോൾ, വിദ്യാഭ്യാസം ഒരു തലമുറയുടെ ജീവിതം മാറ്റാനുള്ള ശക്തിയുള്ളതാണ്. ബീഹാർ, ബംഗാൾ, ഝാർക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് പ്രീ-പ്രൈമറി മുതൽ തന്നെ ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ വിദ്യാഭ്യാസരംഗത്ത് മുന്നേറിയത് അവരുടെ വിജ്ഞാനപാരമ്പര്യം, സമൂഹപങ്കാളിത്തം, അധ്യാപകരുടെ സമർപ്പണം എന്നിവ കൊണ്ടാണ്. സമാനരീതിയിൽ വിദ്യാഭ്യാസ നവോത്ഥാനത്തിലേക്ക് ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ആനയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വലുതായ കെട്ടിടങ്ങളേക്കാൾ ആവശ്യമുള്ളത് ഗുണമേൻമയുള്ള പഠനം, മാതൃകാധ്യാപകർ, ജീവിതബോധ്യമുള്ള പാഠ്യരീതികൾ എന്നിവയാണ്. കുട്ടികളുടെ മനസ്സിൽ ആത്മവിശ്വാസം, ഉത്തരവാദിത്തം, മനുഷ്യസ്നേഹം എന്നിവ വളർത്തുന്ന വിദ്യാഭ്യാസമുറയാണ് യഥാർത്ഥ വളർച്ചയുടെ അടിത്തറ.

“ബീഹാറിന്റെ വളർച്ച കെട്ടിടങ്ങളുടെ കട്ടപ്പാളികളിൽ അല്ല, അവിടുത്തെ കുട്ടികളുടെ കണ്ണുകളിൽ തെളിയുന്ന വിജ്ഞാനപ്രകാശത്തിലാണ്.” അതുകൊണ്ട്, ദക്ഷിണേന്ത്യയിലെ വിവിധ ട്രസ്റ്റുകളും ഉദാരമതികളും ബീഹാറിനെ പ്രത്യേകം പരിഗണിച്ചു കൊണ്ട് ‘വിദ്യ അഭ്യസിപ്പിക്കാനായി ബീഹാറിലേക്ക്’ എന്ന് വിഭാവനം ചെയ്തുകൊണ്ടുള്ള പദ്ധതി ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇത് ഇന്നത്തെ കാലഘട്ടത്തിൽ ഏറെ അനിവാര്യമാണ്. കേരളത്തിന്റെ മദ്രസയും പ്രീ-പ്രൈമറി മാതൃകകളും ബീഹാറിലേക്കും എത്തിക്കാനായാൽ അതാണ് ഏറ്റവും വലിയ ദാനം.

ഭാവിയെ മാറ്റാനുള്ള ഏറ്റവും നല്ല വഴി വിദ്യാഭ്യാസം തന്നെയാണ്. ഒരു പുസ്തകം കുട്ടിക്ക് നൽകുന്നത് ഒരു തലമുറയ്ക്ക് വെളിച്ചം പകരുന്ന പ്രവർത്തനമാണ്.

ഇത്തരത്തിൽ നടപ്പാക്കാവുന്ന വിവിധ വിദ്യാഭ്യാസ പ്രൊജക്ടുകൾ സംബന്ധിച്ച് തുടർ ലക്കങ്ങളിൽ വിശദീകരിക്കാം. താൽപ്പര്യമുള്ള വ്യക്തികൾക്കും ട്രസ്റ്റുകൾക്കും അവ ഏറ്റെടുക്കാവുന്നതാണ്. പ്രസ്തുത പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ട സഹായ സഹകരണങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.