VOL 06 |
 Flip Pacha Online

കേരളത്തിൽ അപ്രഖ്യാപിത സെൻസർഷിപ്പോ? വിമർശകരെ നിശബ്ദരാക്കുന്ന രാഷ്ട്രീയം...

By: ബാദുഷ കാരക്കാടൻ

കേരളത്തിൽ അപ്രഖ്യാപിത സെൻസർഷിപ്പോ? വിമർശകരെ നിശബ്ദരാക്കുന്ന രാഷ്ട്രീയം...
പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം കേവലം ഭരണഘടനയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണോ??
ഇന്ത്യയിലെ സമകാലിക രാഷ്ട്രീയത്തിൽ ഈയൊരു ചോദ്യത്തിന് വളരെ പ്രാധാന്യമുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥ പുറപ്പെടുവിച്ചിട്ടുള്ള വിധികളെ കീറിമുറിച്ച് പരിശോധിക്കുന്ന സമയത്ത്, നമുക്ക് മനസ്സിലാവുന്നത് ഇത് കേവലം ഭരണഘടനയിൽ ഒതുങ്ങി നിൽക്കുന്നതല്ല എന്ന് വ്യക്തം....
ഇന്ത്യയിൽ മാത്രമാണോ പൗരന്റെ അവകാശസ്വാതന്ത്ര്യത്തിനു നേരെ ഭരണകൂടം കുച്ചുവിലങ്ങിടുന്നത്?
ഉത്തരം അല്ല എന്ന് തന്നെയാണ്...ഫാസിസം ബാധിച്ച ഭരണകൂടങ്ങൾക്ക് എക്കാലത്തും പൗരന്റെ അഭിപ്രായസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഏറ്റവും വലിയ ഭീഷണിയാണ്..
വികസിത രാജ്യങ്ങളായ അമേരിക്ക പോലും പൗരന്റെ അഭിപ്രായസ്വാതന്ത്ര്യങ്ങൾക്ക്
കൂച്ചുവിലങ്ങിടുന്നുണ്ട് ഗാസ പോലുള്ള
സംഭവങ്ങളിലെ അൽഗോരിതങ്ങൾ നമ്മുടെ മുന്നിൽ തെളിവായി നിൽക്കുന്നുണ്ട്....

ഇന്ത്യയിൽ ഇത് നടക്കുന്നില്ല എന്ന് വിശ്വസിക്കുന്നുണ്ടോ നിഷ്കളങ്കരെ?
കർഷക സമരകാലത്തും മറ്റ് കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന ട്വിറ്റർ ഹാൻഡലുകൾ അപ്രതീക്ഷിമാവുന്നത് ഒരു പുതിയ സംഭവമല്ല, ഇത്തരം വാർത്തകൾ, വാർത്ത മാധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്തതുമാണ്..
ലോകത്തെ വാർത്ത സ്വാതന്ത്ര്യത്തിനുള്ള ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം കൂപ്പുകുത്തിയതും ഈ കാലയളവിലാണ്...

കേന്ദ്രസർക്കാരിന്റെ ഇത്തരം പ്രവണതകളെ ദക്ഷിണേന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങൾ നിഷിദ്ധമായി വിമർശിച്ചുപോന്നിരുന്നു, കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ ശബ്ദമുയർത്തുകയും, പ്രതിഷേധം നടത്തുകയും ഒക്കെ ചെയ്തിരുന്നു.. കേരളത്തിലെ പ്രമുഖ വാർത്ത ചാനലായ മീഡിയ വൺ സുപ്രീംകോടതിയിൽ പോയി ഒരു സുപ്രധാന വിധിയും ഇതിൽ
നേടിയെടുക്കുന്നുണ്ട്.

സമീപ ദിവസങ്ങളിലായി പുറത്തുവരുന്ന
വാർത്തകൾ കേൾക്കുന്ന സമയത്ത്, കേരളത്തിൽ ഒരു രഹസ്യ സെൻസർഷിപ്പ് സർക്കാർ ഏർപ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ?
കേരളത്തിലെ ജനങ്ങളും ഭരണകൂടങ്ങളും സിവിക് സൊസൈറ്റിയിൽ പ്രബുദ്ധരാണ് എന്ന് വിശ്വസിക്കുന്ന നിഷ്കളങ്കരോടാണ് എനിക്ക് പറഞ്ഞു വയ്ക്കാനുള്ളത്..

2023-ൽ മുൻ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് സംഘടിപ്പിച്ച ഒരു സെക്രട്ടറിയേറ്റ് മാർച്ചിൽ മാതൃഭൂമിയിലെ പത്രപ്രവർത്തകർക്കും, അതുപോലെതന്നെ ഏഷ്യാനെറ്റ് ന്യൂസിൽ റിപ്പോട്ടാറായ അഖില നന്ദകുമാറിനും നേരെയുള്ള
വിവിധ വിഷയങ്ങളിൽ കേരള പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ അപലപിച്ചുകൊണ്ട് ഇങ്ങനെ
പ്രസംഗിക്കുന്നുണ്ട്
"മാധ്യമപ്രവർത്തകർ എന്തെഴുതണം എന്ന് തീരുമാനിക്കുന്നത് സർക്കാരോ പോലീസും അല്ല ....സംസ്ഥാനത്തെ രാഷ്ട്രീയക്കാരുടെ പ്രവർത്തനങ്ങൾ ഓഡിറ്റ് ചെയ്യാൻ പത്രപ്രവർത്തനം സഹായിക്കുന്നുണ്ട്... ഇപ്പോൾ കേരളത്തിൽ ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഒരു പത്രപ്രവർത്തകൻ എന്തെങ്കിലും റിപ്പോർട്ട് ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നുണ്ട്, ഒന്നിലധികം കുറ്റങ്ങൾ അവരുടെ പേരിൽ ചുമത്തുന്നുണ്ട്.

ആ പ്രസംഗം അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെപ്പോലുള്ള വിപ്ലവകാരികളായ പത്രപ്രവർത്തകർക്ക് ജന്മം നൽകിയ മണ്ണാണ് കേരളം. സർക്കാരിന്റെ ഇപ്പോഴത്തെ പോക്ക് ആ പോരാളികളുടെ ചരിത്രത്തെ മലിനമാക്കുന്നതാണെന്ന് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു

കേരളത്തിലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകനായ എൻ മാധവൻകുട്ടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് മെറ്റ ഡീആക്ടിവേറ്റ് ചെയ്യുന്നുണ്ട്. വിലക്ക് കേരള പൊലീസിന്റെ ആവശ്യപ്രകാരം എന്നാണ് മെറ്റ അറിയിച്ചത്. കാരണം വ്യക്തമാക്കിയില്ല, സംഘപരിവാറിനെ വിമർശിച്ചതിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെയും വിമർശിക്കാറുണ്ട്, താൻ ഇടതുപക്ഷ നിലപാടുകൾക്കൊപ്പമാണ്.
ആർഎസ്എസ് ഫാഷിസ്റ്റ് ഭരണകൂടത്തിന് ഉണ്ടായ ഭയം ഇടതുപക്ഷത്തിനുണ്ടായെങ്കിൽ അപകടകരമാണ്. താൻ ഇടതുപക്ഷ നിലപാടുകൾക്കൊപ്പമാണ്. ഇടതുപക്ഷത്തിന് അപചയം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്.

എൻ മാധവൻകുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട്
യാതൊരുവിധ പരാതിയോ അടിസ്ഥാനമോ ഇല്ലാതെയാണ് ഡീആക്ടിവേറ്റ് ചെയ്യുന്നത്. എൻ മാധവൻകുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് എടുത്തു പരിശോധിച്ചാൽ എൻ മാധവൻകുട്ടി ആർഎസ്എസിനെയും ബിജെപിയെയും നിഷിദ്ധമായി വിമർശിക്കുകയും, ഇടത് സർക്കാറിന്റെ ആർഎസ്എസുമായുള ബന്ധത്തെയും നിരന്തരം ക്രൂശിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം...കേരള പോലീസിന്റെ നിർദ്ദേശപ്രകാരം ആ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുമ്പോൾ സർക്കാറിന്റെ താൽപര്യം വ്യക്തമല്ലേ?
വിമർശകർക്ക് സ്ഥാനമില്ല എന്നല്ലേ ആ നിലപാട്, അങ്ങനെയല്ലെങ്കിൽ അത് തിരുത്തൽ
അനിവാര്യമാണ്..

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പോറ്റിയെ കേറ്റിയെ എന്ന പാരഡി പാട്ടിൻറെ രചയിതാവിനും, പാട്ടു ആലപിച്ചവൻ നേരെയും കേസെടുക്കാൻ വേണ്ടി മുതിർന്ന സർക്കാർ, സ്വയം അപഹാസ്യ പാത്രം ആവുകയാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പിന്മാറുന്നതും ഈ കാലഘട്ടത്തിലാണ്.

നിരന്തരം വർഗീയത ഉത്പാദിപ്പിക്കുന്ന, വാർത്താമാധ്യമമാണെന്ന് സ്വയം അവരോധിക്കുന്ന ചില യൂട്യൂബ് ചാനലുകൾ. വർഗീയതയെ കൊടികുത്തി വായിക്കുന്ന ചില രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങൾ സൈബർ ഹാൻഡിലുകളിൽ നിലനിൽക്കുമ്പോഴും അതിനെതിരെ പരാതിയുണ്ടെങ്കിൽ പോലും കേസ് എടുക്കാൻ തയ്യാറാവാത്ത അവസ്ഥ.
ഇത്തരം വിഷയങ്ങളിൽ പരാതിയുമായി അധികൃതരുടെ മുമ്പിലേക്ക് പോകുന്നവരെ തെരുവിൽ, തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് പോലെയാണ് ഭരണകൂടം ആക്രമിക്കുന്നത്..

എൻ മാധവൻകുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കേരള പോലീസിന്റെ നിർദ്ദേശപ്രകാരം മെറ്റ ഡിആക്ടിവേറ്റ് ചെയ്തു എന്നുള്ളത് ഒരൊറ്റ ഉദാഹരണം അല്ല, കേരളത്തിന്റെ സമീപകാല വാർത്തകൾ പരിശോധിച്ചാൽ ഇനിയും ഒരുപാട് ഉദാഹരണങ്ങൾ കാണും..

ഇടതു പ്രസ്ഥാനങ്ങളിൽ എക്കാലത്തും പാർട്ടിക്കുള്ളിലുള്ള വിമർശകർ പാർട്ടിയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.സമീപകാലങ്ങളിൽ അത്തരം വിമർശനങ്ങളുടെ അപാവം ഇടതു പ്രസ്ഥാനങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

വിമർശനങ്ങളെ നിശബ്ദമാക്കുന്ന രാഷ്ട്രീയം, ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന രാഷ്ട്രീയമാണ്..