VOL 06 |
 Flip Pacha Online

ഇടതുപക്ഷത്തിന്റെ അനിവാര്യമായ പതനം

By: മുസ്തഫ വാക്കാലൂർ

ഇടതുപക്ഷത്തിന്റെ  അനിവാര്യമായ പതനം
ജനാധിപത്യത്തിൽ തോൽവിയും ജയവും സർവ്വസാധാരണമാണെങ്കിലും രണ്ടും മുൻകൂട്ടി കാണാൻ കഴിയുക എന്നത് രാഷ്‌ട്രീയ നേതൃത്വത്തിന്റെ മികവാണ്. എന്നാൽ എല്ലാവരേയും അതിശയിപ്പിക്കുന്ന ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. തദ്ദേശ തെരെഞ്ഞെടുപ്പിൽ ഇത് രണ്ടാം തവണയാണ് ഇടതുപക്ഷം തകർപ്പൻ പരാജയം രുചിക്കുന്നത്. 2010-ലെ യു.ഡി.എഫ് തരംഗമെടുത്താൽ തന്നെ ഇപ്പോഴുണ്ടായത്ര തിരിച്ചടി മലബാർ മേഖലയിൽ അന്നുണ്ടായിരുന്നില്ല. ഈ തിരിച്ചടിയാവട്ടെ ഇടതുപക്ഷത്തിന് തിരിച്ചറിയാനും സാധിച്ചില്ല. ഈ തെരഞ്ഞെടുപ്പ് ഫലത്തെ മുസ്‌ലിം വോട്ടുകൾ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്. ആയതിനാൽ മലബാറിലെ മുസ്ലിം വോട്ടുകൾ എങ്ങനെ ഇടതുവിരുദ്ധ തരംഗമായി എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.

പാർട്ടിയിലെ താത്വിക വിശാരദന്മാരായ ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ മാഷ് മുതൽ സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ വരെയും മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ മുതൽ മുൻമന്ത്രി എസ്. ശർമ്മ വരെയും ഉള്ളവർ തോൽവിക്ക് കാരണമായി "ജമാഅത്തെ ഇസ്ലാമി" എന്ന മറുപടിയാണ് പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതുതന്നെയാണ് സി.പി.ഐ.എം പറഞ്ഞു കൊണ്ടിരിക്കുന്നത്. രാഹുലിനെയും പ്രിയങ്കയെയും പാർലമെന്റിലെത്തിച്ച രാജ്യദ്രോഹ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിനെങ്ങാനും വോട്ടുചെയ്ത് വിജയിപ്പിച്ചാൽ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി ജമാഅത്തെ ഇസ്ലാമിക്കാരനായ കൊടും തീവ്രവാദിയാകുമത്രെ വരിക!

1987ൽ ഇ.എം.എസ് ആണ് ആദ്യമായി കേരളത്തിൽ വിഭജന രാഷ്ട്രീയത്തിന് വിത്തിട്ടത്. അതും മുസ്ലിം ശരീഅത്തിനെതിരെ കനത്ത വെല്ലുവിളികൾ ഇന്ത്യയിലൊട്ടും ഉയർത്തിയശേഷം. അന്നത്തെ ആ സംഭവങ്ങളാണ് തൃണമൂലത്തിൽ അവശേഷിച്ചിരുന്ന ബിജെപി എന്ന പാർട്ടിയെ വളരുന്നതിന് സഹായിച്ചതെന്ന വസ്തുതയും നാം മറന്നുകൂടാ. പിന്നീട് പലപ്പോഴായി സി.പി.എം ഇതേ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. അതിലൊരിക്കൽ മുസ്ലിം സെന്റിമെന്റാണ് എടുത്തിട്ടത്. ആ തദ്ദേശ തെരെഞ്ഞെടുപ്പിൽ സദ്ദാം ഹുസ്സൈൻ ആയിരുന്നു കേരളത്തിലെ പ്രചാരണായുധം. മറ്റൊരിക്കൽ മഅ്ദനിയെയും സുലൈമാൻ സേട്ടുവിനെയും ഗാന്ധിജിക്ക് സമന്മാരായി അവതരിപ്പിച്ചു.

ഇ.എം.എസ് ഇങ്ങിനെയൊക്കെ ചെയ്യുമ്പോൾ അതിലദ്ദേഹം വിജയിച്ചിരുന്നു. ഈ വിഭജനനയങ്ങൾ കൊണ്ട് സാമുദായിക ധ്രുവീകരണങ്ങൾ സംഭവിക്കാറുണ്ടെങ്കിലും അതൊരു തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം (ശരീഅത്തിലൊഴികെ) വലിയ ചേരിത്തിരിവുകൾ ഉണ്ടാക്കിയില്ല. എന്നാൽ 2016-ൽ പിണറായി വിജയൻ അധികാരത്തിൽ വന്നത് മുതൽ വിഭജന രാഷ്ട്രീയത്തിന്റെ തീവ്രത കൂട്ടുകയും തന്ത്രം വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു കള്ളം ആവർത്തിച്ച് പറഞ്ഞാൽ സത്യമാകുമെന്നത് ഒരു നൂറ്റാണ്ട് മുമ്പ് ഹിറ്റ്ലറും ഗീബൽസും സ്ഥാപിച്ചതും പ്രയോഗിച്ചതുമാണ്. പിണറായിയും അതേ പാതയിലാണ് സഞ്ചരിച്ചത്.

സാമുദായിക സമവാക്യമാണ് വലതുപക്ഷത്തിന്റെ തുറുപ്പ് ചീട്ട്. അതു മനസ്സിലാക്കി തന്നെയാണ് ഈ സാമുദായികതയിൽ വിള്ളൽ വീഴ്ത്തിയത്. കേരള സമൂഹത്തിലെ രണ്ട് പ്രബല ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലകറ്റി കൊണ്ടാണ് ഈ ധ്രുവീകരണം സാധ്യമാക്കിയത്. സത്യാനന്തര കാലത്ത് ഏറ്റവും എളുപ്പത്തിൽ ചെലവാക്കാൻ കഴിയുന്ന ഏറ്റവും മൂർച്ച കൂടിയ ആയുധം തന്നെ സി.പി.ഐ.എം മനസ്സാക്ഷിക്കുത്തേതുമില്ലാതെ അന്ന് പയറ്റി. മദ്രസകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് വേണ്ടി ഖജനാവിൽ നിന്ന് എണ്ണിയാലൊടുങ്ങാത്തത്ര കോടികൾ വാരിക്കോരി ചെലവഴിക്കുന്നു എന്നൊരു കിംവദന്തി പടച്ചുവിടുന്നതിൽ അവർ വിജയിച്ചു. സർക്കാർ കാസ എന്ന ക്രിസ്തീയ വലത് സംഘടനയെ കൊണ്ടുപിടിച്ച് സഹായിച്ചു.

ഏത് മുസ്ലിം വിരുദ്ധ കേട്ടുകേൾവിയേയും സത്യമാക്കി അവതരിപ്പിക്കുന്നതിൽ കാസ അസാമാന്യ പാടവം കാണിച്ചു. ക്രിസ്തീയ ജനത കുറെയൊക്കെ അത് വിശ്വസിച്ചു. അവർ മുസ്ലിംകൾക്കെതിരാകാൻ തുടങ്ങി. സച്ചാർ ശുപാർശകളുടെ വെളിച്ചത്തിൽ കൊണ്ടുവന്ന മുസ്ലിം സ്കോളർഷിപ്പിൽ നിന്ന് ഒരു വിഹിതം ക്രിസ്ത്യാനികൾക്ക് കൊടുത്തു. ശേഷം കോടതി കയറിയ 80:20 അവസാനം മുസ്ലിംകൾക്ക് നഷ്ടപ്പെടുത്തി. ന്യൂനപക്ഷ വകുപ്പ് തന്നെ മുസ്ലിം മന്ത്രിയിൽനിന്നും എടുത്തുകളഞ്ഞു. ഹലാൽ വിവാദം, ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിവാദങ്ങളിലോക്കെ മുസ്ലിംകളെ ഒറ്റപ്പെടുത്തുന്ന സമീപനം കൈകൊണ്ടു.

അഞ്ചാം മന്ത്രി വിവാദം തരാതരം ഓർമ്മിപ്പിച്ച് മുസ്ലിം രാഷ്ട്രീയത്തോട്‌ വെറുപ്പ്, ഭീതി എന്നിവ സൃഷ്ടിച്ചു. ഈ സർക്കാർ വന്നശേഷമുള്ള ആദ്യത്തെ തദ്ദേശ തെരെഞ്ഞെടുപ്പിൽ ഹിന്ദു ഏകീകരണം ഉണ്ടാക്കാനായി "കുഞ്ഞൂഞ്ഞ്-കുഞ്ഞു മാണി-കുഞ്ഞാപ്പ" എന്നൊരു ചാപ്പ ഇറക്കി. അത് സാമാന്യം വിജയിച്ചു. അതിന് ശേഷം വന്ന രണ്ടാം പിണറായി മന്ത്രിസഭയിൽ മുസ്ലിം മന്ത്രിമാരെ വെട്ടിക്കുറച്ചു. ഉള്ളവർക്ക് മെസ്സി കളികൾ പോലെയുള്ള കോമഡി വകുപ്പുകൾ കൊടുത്തു അപഹസിച്ചു. എന്നാലോ 'അട്ടിപ്പേറവകാശം' തങ്ങൾക്കുള്ളതാണെന്ന് ബോധിപ്പിക്കാൻ മലബാർ കേന്ദ്രീകരിച്ച് ചില റാലികൾ, പരസ്യങ്ങൾ എന്നിവ പരീക്ഷിച്ചു. എന്നാൽ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ അടിപതറി. നേരത്തെ തന്നെ പഠിപ്പിച്ച മുസ്ലിം വിരുദ്ധ പാഠങ്ങൾ മനപാഠമാക്കിയവർ അപ്പോഴേക്കും തലചൊറിയാൻ തുടങ്ങി. അതോടെ 'മുസ്ലിം പ്രീണന നയം' ചതിച്ചുവെന്ന് പ്രസ്താവന വന്നു. പിന്നീട് അതിവേഗം 'തെറ്റുതിരുത്തൽ' പ്രക്രിയകളിലേക്ക് കടന്നു.

അങ്ങനെയാണ്, കയ്യാലപ്പുറത്തെ തേങ്ങപോലെ ഇരിക്കുന്ന വെള്ളാപ്പള്ളിയെ ഗോദയിലിറക്കിയത്. ഇത്ര അറപ്പുകൂടാതെ വർഗീയം പറയുന്ന ഒരു മനുഷ്യൻ കേരളത്തിൽ വേറെയില്ലല്ലോ. പിന്നീട് തെക്കുവടക്ക് നടന്ന് മുസ്ലിം വിരുദ്ധത പറയലായി അദ്ദേഹത്തിന്റെ ജോലി. മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ മലപ്പുറത്തും അദ്ദേഹത്തെക്കൊണ്ട് മുസ്ലിം വിരോധം പ്രസംഗിപ്പിച്ചു. ഓരോ ഛർദ്ദീൽ കഴിയുമ്പോഴും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേർന്ന് ഡിക്ഷനറിയിലെ ഏറ്റവും മനോഹരമായ വാക്കുകൾ കൊണ്ട് അദ്ദേഹത്തെ രോമാഞ്ച കഞ്ചുകമണിയിക്കും. ഈ ചട്ടയാണ് എല്ലാമെന്ന് കരുതി മുസ്ലിം വിരുദ്ധ വിഷം കാളകൂടം പോലെ അദ്ദേഹം വിസർജിച്ചുകൊണ്ടേയിരിക്കും. മുഖ്യമന്ത്രി പലവിധത്തിൽ പരിശ്രമിച്ചുനോക്കി. മലപ്പുറം ജില്ല എന്ന മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ തന്നെ അദ്ദേഹം ലക്ഷ്യമിട്ടു. അതിനായി, കള്ളക്കേസുകൾ മെനഞ്ഞുണ്ടാക്കാൻ ഒരു പൊലീസ് ഓഫീസർക്ക് വിശേഷാൽ അധികാരം നൽകി ഡി.വൈ.എസ്.പിയായി ചുമതല നൽകി.

അദ്ദേഹം ‘ഡാൻസാഫ്’ എന്നൊരു രഹസ്യസേനയെ ഉണ്ടാക്കി പലരെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുത്തി കൊന്നുതള്ളി. 'സ്വർണ്ണ വേട്ട' എന്ന പേരിൽ കരിപ്പൂർ കേന്ദ്രീകരിച്ച് ഡാൻസാഫ് കരിപ്പൂർ വിമാനത്താവളം വഴി വരുന്ന സ്വർണ്ണം അടിച്ചുമാറ്റി ആർക്കെല്ലാമോ എത്തിച്ചു. ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമായിരിക്കാം, എ.ഡി.ജി.പി അജിത്കുമാർ ഇതിനെല്ലാം ഒത്താശയൊരുക്കി കൂടെ നിന്നു. പൊലീസ് സ്വമേധയാ കേസുകളുണ്ടാക്കി മലപ്പുറത്തിന്റെ ക്രൈം റെക്കോർഡ് നാലിരട്ടി വരെ ഉയർത്തി. മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോയി അവിടെവെച്ച് ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം കൊടുത്തു- കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം രാജ്യദ്രഹ വിരുദ്ധ പ്രവർത്തനങ്ങളുടെയും കള്ളക്കടത്തിന്റെയും പ്രഭവ കേന്ദ്രമാണെന്ന്.

മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ക്ലച്ചുപിടിച്ച ഈ കളികളിൽ വലിയൊരു വിജയമായിരുന്നു കേരള കോൺഗ്രസ് എമ്മിനെ മറുകണ്ടം ചാടിക്കാനായത്. എന്നാൽ കുറേക്കൂടി മുസ്ലിം പക്ഷത്തോട് ചേർന്നുനിന്ന ലത്തീൻ കത്തോലിക്ക വിഭാഗത്തെ മുസ്ലിം വിരുദ്ധരാക്കുവാൻ മുഖ്യമന്ത്രിയുടെ ആവനാഴിയിലെ തീവ്രതയേറിയ ആയുധമായിരുന്നു മുനമ്പം. അത് എളുപ്പത്തിൽ പരിഹരിക്കാമായിരുന്നു. അതിനവസരം കൊടുക്കാതെ വ്യവഹാരങ്ങളുടെ ഫയലിനുള്ളിലേക്ക് തിരുകിക്കയറ്റിയെന്ന് മാത്രമല്ല, ഒരു കോടതിയിൽ കേസിരിക്കെ തന്നെ ഒരു ജുഡീഷ്യൽ കമ്മീഷനെ പ്രഖ്യാപിച്ച് പ്രശ്നം രൂക്ഷമാക്കി. കലക്ക് വെള്ളത്തിൽ മീൻ പിടിക്കുന്ന മിടുക്കോടെ പാലക്കാട് തെരെഞ്ഞെടുപ്പിൽ വിജയിക്കാമെന്ന് മുനമ്പത്തെ വെച്ച് പരീക്ഷിച്ചു. ബിജെപി ശക്തമായ ആ തെരെഞ്ഞെടുപ്പിൽ ബിജെപിയെ വിമർശിക്കാതെ മുസ്ലിം ലീഗ്-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ദേശദ്രോഹ വർഗീയതയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജമാഅത്തെ ഇസ്ലാമിയെ പെഹൽഗാം തീവ്രവാദവുമായി കൂട്ടിക്കെട്ടി പ്രചാരണമഴിച്ചു വിട്ടു. ഇതെല്ലാം കേരളത്തിൽ ബിജെപി പോലും ചെയ്യാത്ത ഇസ്ലാമോഫോബിയ വളർത്തലായി.

പിണറായിക്ക് മുമ്പും അച്യുതാനന്ദനെപ്പോലെ, കടകംപള്ളി സുരേന്ദ്രനെപ്പോലെ പല സി.പി.എം നേതാക്കളും മുസ്ലിംകളെ അടച്ചാക്ഷേപിച്ചിട്ടുണ്ട്. എങ്കിലും അവയൊന്നും ഇത്രക്ക് അധഃപതിച്ചിട്ടുള്ളവയായിരുന്നില്ല. അവരാരും ബിജെപിയുടെ ബി-ടീം പോലെ മുസ്ലിംകളെ ഒന്നടങ്കം മറുപുറത്ത് നിർത്തി അതുവഴിയുണ്ടാകുന്ന മുസ്ലിം വിരുദ്ധ വികാരത്തിൽ ഹിന്ദു-ക്രിസ്ത്യൻ ഏകീകരണം ലക്ഷ്യം വെച്ചിട്ടുള്ളവയായിരുന്നില്ല. കേരളത്തിലെ ജനത സി.പി.എം ഉയർത്തുന്ന വിഭാഗീയത തിരിച്ചറിഞ്ഞിരിക്കുന്നു. സഖാവ് ഇ.എം.എസ് പ്രയോഗവൽക്കരിച്ച വിഭാഗീയത നാല് പതിറ്റാണ്ട് മുൻപാണ്. അതായത്, ആ വിഭജന തന്ത്രത്തിന് ശേഷം ഒരു തലമുറ കടന്നുപോയി. മാത്രമല്ല രാഷ്ട്രീയ പ്രബുദ്ധതയുടെ വളർച്ചയും കൂടിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ ഈഴവ സമുദായം പോലും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളോടെ ഈ വിഭജന തന്ത്രത്തിനെതിരെ വോട്ട് രേഖപ്പെടുത്തി. കേരളം അത്ര പെട്ടെന്നൊന്നും വർഗീയമായി വിഭജിക്കപ്പെടില്ല.

ജമാഅത്തിനെ പറഞ്ഞാൽ മുസ്ലിംകളിലെ മറ്റിതര വിഭാഗങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസം വെറുതെയാണ്. ഈ ബുദ്ധിയുപദേശിക്കുന്ന കേന്ദ്രങ്ങൾ പറയുന്നത് കേട്ടിട്ട് ജമാഅത്തിനോട് എതിർപ്പുള്ള മുസ്ലിം സംഘടനകൾ പാർട്ടിക്ക് വോട്ടുചെയ്യുമെന്നൊന്നും വ്യാമോഹിക്കരുത്. മുസ്ലിം വോട്ടർമാർ പ്രബുദ്ധരാണ്. അതിന്റെ കൃത്യമായ പ്രതിഫലനമാണ് നിങ്ങൾ ഒറ്റുകൊടുത്ത മലപ്പുറത്തെ ജനങ്ങൾ ഇത്തവണ കാണിച്ചുതന്നത്. ചരിത്രത്തിൽ ആദ്യമാണ് പ്രതിപക്ഷമില്ലാത്ത ഒരു ജില്ലാ പഞ്ചായത്ത് കേരളത്തിലുണ്ടാകുന്നത്. മലപ്പുറത്തെ 94 ഗ്രാമ പഞ്ചായത്തുകളിൽ മൂന്നിടത്ത് മാത്രമാണ് സി.പി.എം മുന്നണിക്ക് ഭരണം കിട്ടിയത്. കോഴിക്കോട്ടെ കോട്ടകളിലും തിരിച്ചടി നേരിട്ടു. ബി.ജെ.പിയുടെ ഹിന്ദുത്വ പ്രചരണത്തിന്റെ പ്രതിരോധമായിട്ടല്ല, മറിച്ച് ന്യൂനപഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുവാനും ഭൂരിപക്ഷത്തിന്റെ മനസ്സിൽ ഇസ്ലാമോഫോബിയ സൃഷ്ടിക്കുവാനും നിങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തോടുള്ള എതിർപ്പാണ് മലബാറിൽ പ്രതിഫലിച്ചത്.

സിപിഎം തെറ്റുതിരുത്തേണ്ടതുണ്ട്. ഇസ്ലാമോഫോബിയ കൊണ്ട് കേരളത്തിൽ മൂന്നാമൂഴം സാധ്യമാകില്ല. അതുറപ്പ്.