VOL 12 |
 Flip Pacha Online

ആട്ടക്കാരി

By: സജറസമീർ

ആട്ടക്കാരി
അവളൊരു ആട്ടക്കാരി
പലയിടങ്ങളിലായി
തെരുവോരങ്ങളിൽ
ആടിത്തിമിർത്തു നാട്‌ ചുറ്റുന്നവൾ.
അങ്ങാടിപ്പുറങ്ങളിലും
കടത്തിണ്ണയിലും
രാപ്പാർത്തുറങ്ങുന്നോൾ
വിഷാദമൊളിപ്പിച്ച കാന്തിയിൽ
ചായം പൂശുന്നോൾ
നരച്ച കുപ്പായങ്ങളിലങ്ങിങ്ങായി
ചമയങ്ങൾ ഒരുക്കുന്നവൾ
നനഞ്ഞ മാറിടം വിങ്ങുന്ന
വേളയിലവളൊരു പക്ഷേ
ഒരു ചാൺ കയറിനു മുകളിൽ തികഞ്ഞൊരഭ്യാസി
കൊട്ടയിൽ കിട്ടിയ ചില്ലറത്തുട്ടുകൾ
അന്നമാക്കി കുരുന്നുകൾതൻ
പശിമാറ്റുന്നവൾ
കഴുകൻ കണ്ണുകൾ തേടിയെത്തുന്ന യാമങ്ങളിൽ
കള്ളിയങ്കാട്ടു നീലിയവൾ
മിഴികളിലൊപ്പിച്ച വേദനകളത്രയും
മൗനത്തിൻ തടാകത്തിലൊഴുക്കിയവൾ
അവളൊരു ആട്ടക്കാരി
പലയിടങ്ങളിലായി തെരുവോരങ്ങളിൽ
ആടിത്തിമിർത്തു നാട്‌ ചുറ്റുന്നവൾ!