VOL 12 |
 Flip Pacha Online

ജൂലൈയിലെ മറ്റൊരു നഷ്ടം

By: ഫൈസൽ മാലിക് എ.ആർ നഗർ

ജൂലൈയിലെ മറ്റൊരു നഷ്ടം
രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിന് തന്റെ ഭൗതിക സാന്നിധ്യം കൊണ്ട് അതുല്യമായ സംഭാവനകളർപ്പിച്ച എം.ഐ തങ്ങൾ അല്ലാഹുവിന്റെ അലംഘനീയമായ വിളിക്കുത്തരം നൽകി നാഥന്റെ സവിധത്തിലേക്ക് യാത്രയായിട്ട് ഏഴ് വർഷം തികയുകയാണ്. അദ്ദേഹത്തെപ്പോലെ ഒരു ബുദ്ധിജീവി ഒരുപക്ഷേ അടുത്തകാലത്തൊന്നും മുസ്‌ലിംലീഗിന്റെ നേതൃരംഗത്ത് വന്നു പോയിട്ടുണ്ടാവില്ല. കോഴിക്കോട്ട്‌ മാർക്സിസ്റ്റ് പാർട്ടി നടത്തിയ ഒരു മഹാ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറിൽ എം ഐ തങ്ങൾ കമ്മ്യൂണിസവും ദേശീയ പ്രസ്ഥാനവും എന്ന വിഷയത്തിൽ ഒരു പേപ്പർ പ്രസന്റ് ചെയ്ത് പ്രസംഗിച്ചപ്പോൾ കേരളം കണ്ട എക്കാലത്തെയും വലിയ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപിള്ള എന്ന പി.ജി പറഞ്ഞത് ഇത്രയേറെ കമ്യൂണിസത്തെയും ഇത്ര വിശദമായി വിശകലനം ചെയ്യാൻ കഴിയുന്ന തരത്തിൽ ദേശീയ പ്രസ്ഥാനത്തെയും നന്നായി ആഴത്തിൽ മനസ്സിലാക്കിയ മറ്റൊരാളെ ഞാൻ കണ്ടിട്ട് പോലുമില്ല എന്നാണ്. വഴി തെറ്റുന്ന ജിഹാദ് എന്ന വിഷയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേരിയിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചതിന്റെ അവസാനം അദ്ദേഹം പറഞ്ഞു. എന്റെ സമുദായം ചിരിക്കുന്നതും സംതൃപ്തിയോട്കൂടി ബഹുസ്വരസമൂഹത്തിൽ ജീവിക്കുന്നതും കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാൻ. സമുദായത്തിന് ആ ആഹ്ലാദാരവങ്ങൾ ഈ രാജ്യത്ത് ഉണ്ടാവണമെങ്കിൽ ജനാധിപത്യത്തിന്റെ മാർഗ്ഗത്തിലൂടെ വ്യവസ്ഥാപിതമായി അവർ മുന്നോട്ടു പോകേണ്ടതുണ്ട്. മധ്യേഷ്യയിൽ നടക്കുന്ന വേട്ടയാടൽ പോലെ സമുദായത്തെ വേട്ടയാടാൻ വേട്ടക്കാർക്ക് മുമ്പിലേക്ക് ഇട്ടു കൊടുക്കുന്ന ചിന്തയാണ് എൻഡിഎഫ്കാരന്റേത്. ‌

ഒരുപാട് കാലത്തെ അണ്ടർ ഗ്രൗണ്ട് വർക്കിന് ശേഷം എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി എന്ന ധാരണയിൽ എൻ ഡി എഫ് കോഴിക്കോട് പ്രഖ്യാപന സമ്മേളനം വെച്ചപ്പോൾ ആ പ്രസംഗത്തിൽ പങ്കെടുത്ത എം ഐ തങ്ങൾ ചോദിച്ചു. ഒരുപാട് പ്രശ്നങ്ങളെക്കുറിച്ച് നിങ്ങളിവിടെ സംസാരിച്ചു. ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി നിങ്ങൾക്ക് മുമ്പോട്ട് വെക്കാനുള്ളത് എന്താണ്

? ഏത് ന്യൂനപക്ഷ സമുദായമാണ് അവർ ന്യൂനപക്ഷമായ രാജ്യത്ത് ഇതുപോലെ പ്രവർത്തിച്ച് വിജയിച്ചത്. എന്നാൽ ഞാൻ പറയാം പരിഹാരമാർഗം. അതെ, അത് മുസ്‌ലിംലീഗാണ്.

മുസ്‌ലിംലീഗ് പ്രവർത്തിച്ചിടത്ത് മുസ്‌ലിംലീഗിന് സ്വാധീനം ഉള്ളിടത്ത് നമ്മൾ ഉണ്ടാക്കി എടുത്ത സാമൂഹ്യമായ അംഗീകാരത്തെ വളരെ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം വിശദീകരിച്ചു. അതിനു മറുപടി പറയാൻ അവർക്ക് കഴിഞ്ഞില്ല.
ശബാബിൽ മിത്ത് എന്ന പേരിൽ അദ്ദേഹം എഴുതുന്ന വാരാന്ത്യത്തിലെ ലേഖനങ്ങൾ സമുദായത്തിനുഉള്ള വലിയ നിർദ്ദേശങ്ങളായിരുന്നു. മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ ഇസ്ലാമികമാനം എന്ന വിഷയത്തിലും അരാഷ്ട്രീയവാദത്തിന്റെ കാണാച്ചരടുകൾ എന്ന വിഷയത്തിൽ എം.എസ്.എഫ് നടത്തിയ സെമിനാറിലെ അദ്ദേഹത്തിന്റെ ക്ലാസ്സുകളും പ്രഭാഷണങ്ങളും സംഘടനാ ജീവിതത്തിൽ മറക്കാൻ കഴിയാത്ത പാഠങ്ങളാണ് എനിക്ക് നൽകിയത്. ജമാഅത്തെ ഇസ്ലാമി മുസ്‌ലിംലീഗിനെ കൊത്തിവലിക്കുന്ന സമയത്താണ് തിരൂർക്കാട് ജമാഅത്തെ ഇസ്ലാമിയുടെ ഇലാഹിയ കോളേജിന്റെ മുമ്പിൽ മൈക്ക് കെട്ടി എം ഐ തങ്ങൾ പ്രസംഗിച്ചത്. എഴുതിയും പ്രസംഗിച്ചും സ്വാതന്ത്ര പൂർവ്വ ഇന്ത്യയിലെ മുസ്‌ലിംലീഗിന്റെ മഹിതമായ ചരിത്രത്തെ ആവേശമായി കൊണ്ടുനടന്ന് ആ ചരിത്രത്തിൽ ഊറ്റം കൊണ്ടിരുന്ന സിഎച്ചിനെ കുറിച്ച് പറഞ്ഞും എം ഐ തങ്ങൾ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു.

മഹാനായ ഖാഇദെ അഅ്സം മുഹമ്മദലി ജിന്നാ സാഹിബ് ലോക മുസൽമാന്റെ രണ്ടാം സ്വലാഹുദ്ദീൻ അയ്യൂബിയാണ് എന്ന് എം ഐ തങ്ങൾ പ്രസംഗിക്കുമായിരുന്നു രാജ്യത്തിന്റെ വിഭജനവുമായി ബന്ധപ്പെട്ട് ഒരു സമുദായത്തെ കൊത്തി വലിച്ചപ്പോൾ ദേശീയ മൂവ്മെന്റിന്റെ ഭാഗമായി ഉണ്ടായ ആ സിവിൽ കരാറിനെ എത്ര അയത്നലളിതമായിട്ടാണ് എം ഐ തങ്ങൾ വിശദീകരിച്ചിട്ടുള്ളത്. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും പാവപ്പെട്ട മാപ്പിളമാർ ഈ പച്ചക്കൊടിയെ നെഞ്ചോടു ചേർത്തതിനെതിന്റെ ചരിത്രം പറഞ്ഞുകൊണ്ട് തങ്ങൾ ഇങ്ങനെ പറയുമായിരുന്നു. ജീവിതത്തിന്റെ ത്രസിക്കുന്ന സമയ ബിന്ദുക്കളിൽ ത്യാഗത്തിന്റെ അഗ്നി നിറച്ച് കേരളീയ മുസ്‌ലിം യുവത ഉരുകിയൊലിച്ചപ്പോഴാണ് ഈ പ്രബുദ്ധത ഉണ്ടായതെന്ന്.

തന്റെ സംഘടന ഈ രാജ്യത്തിന് വലിയ സംഭാവനകൾ അർപ്പിക്കുന്നത് തന്റെ കണ്ണുകൊണ്ട് കണ്ടിട്ടാണ്, താൻ സ്വപ്നം കണ്ടതുപോലെ കേരളീയ മുസ്‌ലിം സമൂഹത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞതിന്റെ ആത്മനിർവൃതിയോടെ കൂടിയാണ് എം എ തങ്ങൾ വിടവാങ്ങുന്നത്.

മികച്ച ഹോമിയോ ഡോക്ടർ കൂടിയായിരുന്നു എം.ഐ തങ്ങൾ. ഗുജറാത്തിലാണ് അദ്ദേഹത്തിന്റെ ഉപരി പഠനം. ഉത്തരേന്ത്യൻ ജീവിതകാലത്തെ ഒട്ടേറെ അനുഭവപാഠങ്ങൾ കൈമുതലായിട്ടുണ്ടായിരുന്നു. ഇലക്ട്രോണിക്സ് രംഗത്തെ നല്ലൊരു ടെക്നീഷ്യനായിരുന്നു എം ഐ തങ്ങൾ. ആ മേഖലയിൽ നല്ല സാധ്യതയുണ്ടായിരുന്ന അദ്ദേഹം ഒരു ബിസിനസിനും ഇറങ്ങിത്തിരിക്കാതെ ഹോമിയോ പ്രാക്ടീസ് ചെയ്യാതെ സമുദായത്തിന് വേണ്ടി ചിന്തിച്ചും എഴുതിയും ജീവിതം അർഥപൂർണ്ണമാക്കി. മുസ്‌ലിംലീഗ് നേതാക്കന്മാർക്ക് എന്തെങ്കിലും സംശയം ഉണ്ടാകുമ്പോൾ അങ്ങോട്ട് കയറി ചെല്ലും. യൂത്ത് ലീഗും എം.എസ്.എഫുമൊക്കെ എപ്പോഴും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തേടുമായിരുന്നു.

അദ്ദേഹത്തിന്റെ ബുദ്ധിപരമായ നേതൃത്വം പാർട്ടിക്ക് എന്നും മുതൽ കൂട്ടായിരുന്നു. വർത്തമാനം പത്രത്തിന്റെയും പിന്നീട് ചന്ദ്രികയുടെയും പത്രാധിപരായും പ്രവർത്തിച്ചു. മുസ്ലിം സമുദായത്തിലെ ചില പണ്ഡിതന്മാർ ബാലിശമായ അവകാശവാദങ്ങളുമായി വന്ന് മുസ്‌ലിം സംഘശക്തിയെ വെല്ലുവിളിക്കാൻ ശ്രമിച്ചപ്പോൾ പി.പി കമ്മുസാഹിബിന്റെ മാപ്പിളനാടിലൂടെ അന്നതിനെ തുറന്നുകാട്ടി പൊളിച്ചടുക്കി.

ഇന്ന് സോഷ്യൽ മീഡിയ സംഘടനയെ പ്രതിരോധിക്കാനുള്ള വലിയ മാർഗ്ഗമാണ്. അതില്ലാത്ത അക്കാലത്ത് വഅളുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ചില വാറോലകളിലൂടെയും സംഘടനയെ തകർക്കാൻ ശ്രമിച്ചപ്പോൾ ചന്ദ്രികയിലൂടെ പറയാൻ നിയന്ത്രണമുണ്ടായിരുന്ന പലതും വിളിച്ച് പറഞ്ഞത് മാപ്പിളനാടിലൂടെ ആയിരുന്നു. പല പേരുകളിൽ ലേഖനങ്ങളെഴുതിയും കാര്യങ്ങൾ വിശദീകരിച്ചും ഛിദ്ര ശക്തികളുടെ എല്ലാ കുതന്ത്രങ്ങളെയും എം.ഐ തങ്ങൾ നേരിട്ടു.

അബ്ദുസമദ് സമദാനി രാജ്യസഭാംഗമായിരിക്കെ ഒരിക്കൽ അദ്ദേഹത്തെ കാണാൻ ചെന്നപ്പോൾ 2 ദിവസം മുമ്പ് ലണ്ടനിൽ നിന്ന് ഇറങ്ങിയ ഒരു പുസ്തകം അദ്ദേഹത്തിന്റെ മേശപ്പുറത്ത് കണ്ട സമദാനി അത്ഭുതപ്പെട്ടത്രെ. ഇറങ്ങുന്ന ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളും വരുത്തി വായിക്കുകയും അതിൽ നിന്നൊക്കെ എന്റെ സമുദായത്തെ എങ്ങനെയാണ്, ഈ ബഹുസ്വര സമൂഹത്തിൽ ന്യൂനപക്ഷമായ മുസ്‌ലിം ജനതയെ അന്തസോടെ രക്ഷിച്ചെടുക്കുക എന്ന് സാകൂതം നോക്കുകയും മനസ്സിലാക്കുകയും ചെയ്യുമായിരുന്നു. മുസ്‌ലിംലീഗിന്റെ സംസ്ഥാന വൈ:പ്രസിഡണ്ട് പദവിയെ അങ്ങേയറ്റത്തെ ഉത്തരവാദിത്തമായി കണ്ട് വളരെ സത്യസന്ധമായി തന്റെ ചുമതലകൾ നിർവഹിച്ചു പോന്നു. മുസ്‌ലിം സമുദായത്തിനും മുസ്‌ലിംലീഗിനും വേണ്ടി മാത്രമാണ് ഈ മനുഷ്യൻ ജീവിച്ചത്.

അവസാനമായി ഞാൻ അദ്ദേഹത്തിന്റെ പ്രസംഗം കേട്ടത് വള്ളിക്കുന്ന് സമാനമനസ്കർ കൂട്ടായ്മ അദ്ദേഹത്തിന് നൽകിയ ഇ.അഹമ്മദ് സേവന രത്നപുരസ്കാരം കൈമാറുന്ന ചടങ്ങിലെ മറുപടി പ്രസംഗമാണ്. പലപ്പോഴും അദ്ദേഹത്തിന്റെ പ്രസംഗം വലിയ വികാരത്തിന്റെ അകമ്പടിയോടുകൂടി ആയിരുന്നില്ല അതേസമയം വിവേകത്തോടെ നമ്മുടെ ചിന്തയെ ആഴങ്ങളിലേക്ക് കൊണ്ടുപോകുന്ന പ്രഭാഷണങ്ങൾ ആയിരുന്നു അത്. ഒരിക്കൽ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ഇബ്രാഹിം മുഹമ്മദ് സാഹിബ് വിങ്ങിപ്പൊട്ടി കൊച്ചുകുട്ടിയെപ്പോലെ വാവിട്ട് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരുപാട് ആലോചനകൾക്ക് വഴി തന്നും പ്രവർത്തനമേഖലയിൽ കരുത്തുപകർന്ന പ്രിയപ്പെട്ട എം ഐ തങ്ങൾ ഇന്ന് നമ്മോടൊപ്പമില്ല.

സർവ്വശക്തനായ നാഥൻ നാളെ ആദരവായ പുണ്യറസൂലിനോടൊപ്പം അദ്ദേഹത്തെ കണ്ടുമുട്ടാൻ നമുക്ക് സൗഭാഗ്യം നൽകട്ടെ..-ആമീൻ.