VOL 12 |
 Flip Pacha Online

സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ

By: അബ്ദുൽ ജബ്ബാർ പി പി

സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ
പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ വിടവാങ്ങിയിട്ട് 18 വർഷം പൂർത്തിയാവുകയാണ്. സമുദായത്തിന്റെ കാവൽ നക്ഷത്രമായി തെളിഞ്ഞു നിന്നിരുന്ന ഉമറലി ശിഹാബ് തങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാധ്യക്ഷനും സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. പാണക്കാട് വാർഡ് മുസ്‌ലിംലീഗ് പ്രസിഡണ്ട് പദവി മരണം വരെ അദ്ദേഹം വഹിച്ചു. മഹല്ല് കമ്മിറ്റിയുടെയും മദ്രസ കമ്മിറ്റിയുടെയും ആജീവനാന്ത സെക്രട്ടറിയും അദ്ദേഹമായിരുന്നു.

പി.എം.എസ്.എ പൂക്കോയ തങ്ങളുടെ രണ്ടാമത്തെ പുത്രനായി ജനിച്ച അദ്ദേഹത്തെ പിതാവ് സ്നേഹപൂർവ്വം മൂത്ത മോൻ എന്നാണ് വിളിച്ചിരുന്നത്. നാട്ടുകാർക്ക് ഇദ്ദേഹം മുത്തുകോയ ആയിരുന്നു. മുസ്‌ലിം ലീഗിന്റെ നിർണായകമായ എല്ലാ തീരുമാനങ്ങളിലും അദ്ദേഹത്തിന്റെ പങ്കും സ്വാധീനവും ഉണ്ടായിരുന്നു. പാണക്കാട്ടെ ആഭ്യന്തരമന്ത്രി എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉപരിപഠനത്തിന് വിദേശത്തേക്ക് പോയപ്പോൾ പിതാവിനോടൊപ്പം വീട്ടുകാര്യങ്ങളും സ്വത്തു കാര്യങ്ങളിലും കുടുംബകാര്യങ്ങളും നോക്കി നടത്താൻ ഉണ്ടായിരുന്നത് ഉമറലി തങ്ങൾ ആയിരുന്നു. മരണം വരെ അദ്ദേഹം അത് നിർവഹിച്ചു. നാട്ടുകാരുടെ എന്ത് കാര്യത്തിനും കൂടെ നിൽക്കുന്ന തനി നാടൻ നാട്ടുമ്പുറത്തുകാരൻ. മുസ്‌ലിംലീഗിന്റെ വാർഡ് പ്രസിഡണ്ട് സ്ഥാനം അദ്ദേഹത്തിന് ഒരലങ്കാരമായിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് മുതൽ തുടങ്ങി പ്രചരണ സമയത്ത് വീടുവീടാന്തരം കയറിയിറങ്ങി സ്കോഡ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതും തെരഞ്ഞെടുപ്പ് ദിവസം ബൂത്തിനു മുമ്പിൽ സ്ലിപ്പ് കൊടുക്കുന്ന പ്രവർത്തകരോടൊപ്പം തലയിൽ ഒരു ഉറുമാൽ കെട്ടി സമയാസമയം നിർദ്ദേശങ്ങൾ നൽകുന്ന തികഞ്ഞ ഒരു രാഷ്ട്രീയ നേതാവായും നമുക്ക് അദ്ദേഹത്തെ കാണാമായിരുന്നു. മലപ്പുറം നഗരസഭയിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതും നഗരസഭാ ചെയർമാനെ പ്രഖ്യാപിക്കുന്നതും തങ്ങളായിരുന്നു. കൃത്യനിഷ്ഠയും സത്യസന്ധതയും ആർജവവും സമഞ്ജസമായി സമ്മേളിച്ച വ്യക്തിത്വം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് സുഖമില്ലാതായപ്പോൾ എല്ലാ കാര്യത്തിനും കൂടെ നിന്ന് ധൈര്യവും ആത്മവിശ്വാസവും പകർന്നത് ഉമറലി തങ്ങൾ ആയിരുന്നു. വിദഗ്ധ ചികിത്സക്കായി ശിഹാബ് തങ്ങൾ അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോയ സമയത്താണ് അദ്ദേഹത്തിന്റെ ഭാര്യയുടെ മരണം സംഭവിക്കുന്നത്. തിരിച്ചുവന്ന ശിഹാബ് തങ്ങളോട് ഈ കാര്യം പറയാൻ ആരും കൂട്ടാക്കാത്ത സമയത്ത് ഉമറലി ശിഹാബ് തങ്ങൾ തന്നെയാണ് ശിഹാബ് തങ്ങളെ വിവരം അറിയിക്കുന്നത്. ശിഹാബ് തങ്ങൾ വിദേശത്ത് പോയ സമയത്ത് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല വഹിച്ചതും ഉമറലി തങ്ങൾ ആയിരുന്നു. കാഴ്ചയിൽ പരുക്കനും ഗൗരവക്കാരനും ആണെന്ന് തോന്നുമെങ്കിലും അദ്ദേഹത്തെപ്പോലെ തമാശ പറയുന്ന സ്നേഹ സമ്പൂർണ്ണമായി പെരുമാറുന്ന ഒരാളെ വേറെ കാണാൻ കഴിയില്ല.

1977 എന്റെ പിതാവ് സൗദിയിലേക്ക് പോയപ്പോൾ ഞങ്ങളൊക്കെ ചെറിയകുട്ടികളാണ്. അന്ന് ഞങ്ങളുടെ എല്ലാ കാര്യങ്ങളും പിതാവ് ഏൽപ്പിച്ചത് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ പക്കൽ ആയിരുന്നു. ഞങ്ങളുടെ മാത്രമല്ല ഒരു നാടിന്റെ എല്ലാ കാര്യങ്ങളിലും രക്ഷാകർത്താവായി നിന്നിരുന്നത് ഞങ്ങളുടെ മുത്തുകോയ ആയിരുന്നു. പാണക്കാട് മഹല്ല് പള്ളി മദ്രസ എന്നിവക്ക് ഒരു രൂപ പോലും നാട്ടുകാർ വരിസംഖ്യ കൊടുക്കേണ്ടതില്ലായിരുന്നു. ദൈനംദിന ചെലവുകൾക്കുള്ള വക അദ്ദേഹം തന്നെ കണ്ടെത്തും. വരവും ചെലവും കൃത്യമായി രേഖപ്പെടുത്തുകയും ജനറൽബോഡിയിൽ അത് അവതരിപ്പിക്കുകയും ചെയ്യും. പാലക്കാട് ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിനെ ഒരു കോൺവെന്റ് സ്കൂളിന്റെ നിലവാരത്തിലേക്ക് ഉയർത്തിയതിലെ മുഖ്യപങ്കും അദ്ദേഹത്തിനായിരുന്നു.

ഉമറലി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് വാർഡ് മുസ്‌ലിംലീഗ് കമ്മിറ്റി നടത്തിയിരുന്ന കളരി സംഘത്തിലെ ഒരു അംഗമായിരുന്ന തങ്ങൾ മികച്ച കളരി അഭ്യാസി കൂടിയായിരുന്നു. ബാബരി മസ്ജിദ് തകർച്ചയുടെ സന്ദർഭത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ എസ്.വൈ.എസ് നടത്തിയ ശാന്തിയാത്രയിലെ അദ്ദേഹത്തിന്റെ നിലപാടുകളും പ്രഭാഷണങ്ങളും സമുദായത്തിനു പകർന്ന ആത്മവിശ്വാസം ചെറുതല്ല. നാട്ടിലെ എല്ലാ ചടങ്ങുകളുടെയും ഉദ്ഘാടനം നിർവഹിച്ചത് അദ്ദേഹമായിരുന്നു. ഞങ്ങളുടെ നാട്ടിൽ നടക്കുന്ന എല്ലാ മതപ്രഭാഷണങ്ങളുടെയും ദുആ സമ്മേളനങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചിരുന്നത് തങ്ങളായിരുന്നു.

'പത്ത്ദിന പരിപാടിയുടെ ഉദ്ഘാടന നിർവ്വഹണത്തിനായി പണ്ഡിതരാം മർഹൂം പി.എം.എസോർ തന്നുടെ ഓമനപുത്രൻ ഉമറലി സയ്യിദവർകളുടെ തിരുനാമത്തിൽ.....
എന്ന് തുടങ്ങുന്ന ഒരു ഗാനം ഞങ്ങളുടെ മദ്രസ സ്റ്റേജിൽ നിന്ന് വളരെ ചെറുപ്പത്തിൽ കേട്ടത് ഇന്നും എന്റെ കാതുകളിൽ ഉണ്ട്.

പൂക്കോയ തങ്ങളുടെ മരണശേഷം സഹോദരങ്ങളുടെയും സഹോദര പുത്രൻമാരുടെയും എന്നുവേണ്ട കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും ഒരു പിതാവിന്റെ സ്ഥാനത്തുനിന്ന് നേതൃത്വം നൽകിയത് ഉമറലി ശിഹാബ് തങ്ങൾ തന്നെയായിരുന്നു. കോഴിക്കോട് വലിയ ഖാസി സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ മകളാണ് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ.

ഇമ്പിച്ചിക്കോയ തങ്ങൾ മരണപ്പെട്ടപ്പോൾ ഖാസി സ്ഥാനം ഏറ്റെടുക്കാൻ ഉമറലി ശിഹാബ് തങ്ങളുടെ മേൽ വലിയ സമ്മർദ്ദങ്ങൾ ഉണ്ടായെങ്കിലും അദ്ദേഹം അതിന് വഴി പെട്ടില്ല. സമസ്തയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാനും ഇതേപോലെ സമ്മർദ്ദം ഉണ്ടായിരുന്നു അതിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി വൈസ് പ്രസിഡണ്ട് സ്ഥാനത്തു തുടർന്നു. എങ്കിലും ഒട്ടേറെ പ്രശസ്തമായ ദീനി സ്ഥാപനങ്ങളുടെ അമരത്ത് ഇരുന്ന് ഏറ്റവും ആധുനിക രീതിയിൽ സ്ഥാപനങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. പാണക്കാട് ദാറുൽ ഉലൂം ഹൈസ്കൂളിൽ വച്ച് നടന്ന മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രവർത്തക സമിതി ക്യാമ്പിൽ നേതാക്കളോടായി അദ്ദേഹം നടത്തിയ ഒരു ഉൽബോധന ക്ലാസുണ്ട്. ആ ക്ലാസ് കേട്ടവരാരും മറന്നിട്ടുണ്ടാവില്ല. ഒരു മുസ്‌ലിംലീഗ് നേതാവ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ മാർഗരേഖയായിരുന്നു അന്ന് അദ്ദേഹം അവിടെ വരച്ചുകാണിച്ചത്. അർബുദം എന്ന മഹാവ്യാധി ശരീരത്തെ വരിഞ്ഞു മുറുക്കുമ്പോൾ പോലും അസഹ്യമായ വേദന കടിച്ചുപിടിച്ച് അനാരോഗ്യവും വിശ്രമവും വകവെക്കാതെ മറ്റുള്ളവർക്ക് വേണ്ടി ഒരു ആയുസ്സ് മുഴുവൻ ജീവിച്ചു തീർത്ത സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ഒരു പനിനീർ പുഷ്പത്തിന്റെ വിശുദ്ധിയോടെ ഇന്നും നമ്മുടെ മുമ്പിൽ തെളിഞ്ഞു നിൽക്കുകയാണ്.