VOL 12 |
 Flip Pacha Online

പാണക്കാട് പൂക്കോയതങ്ങൾ പാവങ്ങളുടെ പടത്തലവൻ

By: നൗഷാദ് മണ്ണിശ്ശേരി

പാണക്കാട് പൂക്കോയതങ്ങൾ പാവങ്ങളുടെ പടത്തലവൻ
ഹതാശയരും നിസ്സഹായരുമായ സാധാരണക്കാരുടെ ആശ്വാസ തീരമാണ് എന്നും പാണക്കാട് കുടുംബം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ ബ്രിട്ടീഷ് അധികാരികൾ പിടികൂടുകയും വെല്ലൂർ ജയിലിലടക്കുകയും അവിടെ വച്ച് മരണപ്പെടുകയും ചെയ്ത സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളുടെ കാലം മുതലുള്ള പാരമ്പര്യം ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുകയാണ്. ആവലാതികളുടെയും ദൈന്യതയുടെയും ഭാരം ഇറക്കിവെക്കാനുള്ള അത്താണിയാണവിടം. ഒരിറ്റ് തണൽ തേടിയെത്തുന്നവർക്ക് പ്രാർത്ഥനയുടെ കുളിര് കോരിയിട്ട ധന്യയുടെ പേരായിരുന്നു പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങൾ.

മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത തലക്കടത്തൂർ ഒരു കാലത്ത് കേരളത്തിലെ പ്രധാന കാലിച്ചാക്ക്, അടക്ക വ്യാപാരകേന്ദ്രമായിരുന്നു. നൂറുകണക്കിന് വ്യാപാരികളും വിവിധ മേഖലകളിലായി ആയിരക്കണക്കിന് തൊഴിലാളികളും ജോലിചെയ്തിരുന്ന ഒരു പ്രതാപകാലം തലക്കടത്തൂരിന് ഉണ്ടായിരുന്നു.

വളരെ തുച്ഛമായ വേതനമാണ് തൊഴിലാളികൾക്ക് അന്ന് ലഭിച്ചിരുന്നത്. ജീവിത ചിലവുകൾ കൂടുകയും ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടുകയും ചെയ്തപ്പോൾ 50 പൈസ കൂലി വർദ്ധനവ് ആവശ്യപ്പെട്ടെങ്കിലും മുതലാളിമാർ നൽകാൻ തയ്യാറായില്ല. അതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സമരം പ്രഖ്യാപിച്ച് തൊഴിൽ ബഹിഷ്കരിച്ചു. സമരം മുന്നോട്ടു പോയതോടെ ഇരുകൂട്ടർക്കും വാശിയായി തൊഴിലാളി യൂണിയൻ ഓഫീസുകൾ മുതലാളിമാർ ഒഴിപ്പിച്ചു. മാത്രമല്ല തമിഴ്നാട്ടിൽനിന്ന് പണിക്കാരെ ഇറക്കി വ്യാപാരം മുന്നോട്ടു കൊണ്ടു പോയാലും കൂലി വർദ്ധിപ്പിച്ചു തരുന്ന പ്രശ്നമേയില്ല എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ദിവസംചെല്ലുംതോറും തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങി. നിസ്സഹായരായ തൊഴിലാളികൾ ഒരു തീരുമാനം എടുത്തു. പാണക്കാട് പൂക്കോയ തങ്ങളുടെ സന്നിധിയിൽ പോയി സങ്കടം അവതരിപ്പിക്കുക. തങ്ങൾ പറയുന്ന ഏതു തീരുമാനവും നമ്മൾ അനുസരിക്കും. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അവർക്കാർക്കും പൂക്കോയതങ്ങളെ നേരിട്ട് പരിചയമില്ല. പാണക്കാട് അധികം പോയവരുമല്ല. എന്നാൽ അപ്പുറത്തുള്ള മുതലാളിമാർ പൂക്കോയ തങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ്. പലരും സ്ഥിരമായി പാണക്കാട് പോകുന്നവരും പാരിതോഷികങ്ങൾ നൽകുന്നവരും ഒക്കെയാണ്. പലരുടെയും വീടുകളിൽ പൂക്കോയതങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്.

എന്നാലും പോവുക തന്നെ. തങ്ങൾ ആവശ്യപ്പെട്ടതിന്റെ പേരിൽ സമരം പിൻവലിച്ചു എന്ന് പറഞ്ഞിട്ടെങ്കിലും ജോലിക്ക് കയറാമല്ലോ എന്നായിരുന്നു അവരുടെ ചിന്ത. പൂക്കോയതങ്ങളുടെ അടുത്ത് വലിയ സ്വാധീനമുള്ള ആളുകളെ കുറിച്ചുള്ള പരാതി അവർ അവതരിപ്പിച്ചത് ഏറെ ഭയത്തോടെ ആയിരുന്നു. തങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നായിരുന്നു അവരുടെ ആശങ്ക. രണ്ടും കൽപ്പിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. അവരോട് അടുത്താഴ്ച വരാൻ പറഞ്ഞ് തങ്ങൾ അവരെ മടക്കിയയച്ചു. ഒട്ടും പ്രതീക്ഷയില്ലാതെയാണവർ പാണക്കാട് നിന്ന് മടങ്ങിയത്. പാണക്കാട് പൂക്കോയതങ്ങൾ കാര്യങ്ങളെക്കുറിച്ച് പഠിക്കാൻ തന്റെ സന്തതസഹചാരിയായ പാണക്കാട് അഹമ്മദ് ഹാജിയെയും മറ്റും ഏൽപ്പിച്ചു. അവർ വിഷയം പഠിച്ച് കാര്യങ്ങൾ തങ്ങളെ ബോധിപ്പിച്ചു. അടുത്താഴ്ച തൊഴിലാളികൾ പാണക്കാട് വരുമ്പോൾ അവിടെ തലക്കടത്തൂരിലെ വ്യാപാര പ്രമുഖരും ഉണ്ടായിരുന്നു. തങ്ങൾ ഇരുകൂട്ടരെയും വിളിപ്പിച്ചു. ഞാൻ ഒരു തീരുമാനം എടുത്താൽ ഇരുകൂട്ടരും അനുസരിക്കുമോ എന്ന് ആരാഞ്ഞു. തീർച്ചയായും തങ്ങളുടെ തീരുമാനം ഇരുകൂട്ടർക്കും നൂറ് ശതമാനം സ്വീകാര്യമായിരുന്നു.

എങ്കിൽ ഞാൻ എന്റെ തീരുമാനം അറിയിക്കുകയാണെന്ന് പറഞ്ഞ് ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലി മുതലാളിമാരോടായി പറഞ്ഞു. ഈ പാവങ്ങളായ തൊഴിലാളികളുടെ ആവശ്യം തികച്ചും ന്യായമാണ്. അതുകൊണ്ട് ഈ ആഴ്ച മുതൽ ഇവരെ എല്ലാവരെയും ജോലിയിൽ തിരിച്ചെടുക്കുകയും ഇവരുടെ കൂലിയിൽ ഒരു രൂപ വീതം വർധിപ്പിച്ചു കൊടുക്കുകയും ചെയ്യണം. തങ്ങളുടെ പ്രഖ്യാപനം ഇരു കൂട്ടർക്കും അപ്രതീക്ഷിതമായിരുന്നു. തൊഴിലാളികൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം അതിനുമാത്രം ബന്ധം വ്യാപാരികൾക്ക് പൂക്കോയതങ്ങളുമായി ഉണ്ടായിരുന്നു. ഒരു തൊഴിലാളിയെ പോലും നേരിട്ട് തങ്ങൾക്ക് പരിചയവും ഉണ്ടായിരുന്നില്ല. പക്ഷേ ന്യായമായ ഒരാവശ്യത്തിന്റെ മുമ്പിൽ അതൊന്നും മഹാനായ പൂക്കോയതങ്ങളുടെ പരിഗണന വിഷയമായിരുന്നില്ല.

ലോകചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിൽ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് കേരളത്തിൽ അധികാരത്തിലിരിക്കുമ്പോഴാണ് കൊല്ലം ജില്ലയിലെ കുണ്ടറയിൽ ചന്ദനത്തോപ്പ് വെടിവെപ്പ് ഉണ്ടാവുന്നത്. ചന്ദനത്തോപ്പ് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ കൂലി അധികം ചോദിച്ചെങ്കിലും ഫാക്ടറി മുതലാളി അതനുവധിക്കാത്തതിന്റെ പേരിൽ പണിമുടക്കി സമരം ചെയ്തു. സമരം നീണ്ടു പോകവെ ഫാക്ടറിക്ക് അകത്തുണ്ടായിരുന്ന തോട്ടണ്ടികളും മറ്റ് സാധനസാമഗ്രികളും മറ്റൊരുസ്ഥാപനത്തിലേക്ക് കടത്തിക്കൊണ്ടുപോകാൻ വാഹനവുമായി എത്തിയെങ്കിലും തൊഴിലാളികൾ തടഞ്ഞു. തുടർന്ന് ഫാക്ടറി മുതലാളി ഇ.എം.എസ് സർക്കാരിന്റെ പോലീസിന്റെ സഹായം തേടി. പോലീസെത്തി സ്ത്രീകളടക്കമുള്ള കമ്മ്യൂണിസ്റ്റ് തൊഴിലാളികൾക്കെതിരെ ഭീകരമായ അക്രമം അഴിച്ചുവിട്ടു. ഇങ്കുലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കി പോലീസിന്റെ അതിക്രമം തടയാനെത്തിയ സുലൈമാൻ എന്ന സഖാവിനെ പോലീസ് തോക്കിന്റെ ബയണറ്റ് കൊണ്ട് വയറിന് കുത്തി. തുടർന്നു അദ്ദേഹം മരണപ്പെടുകയായിരുന്നു. മറ്റൊരു തൊഴിലാളി സഖാവ് രാമൻ പോലീസിന്റെ വെടിയേറ്റും മരണപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

ഈ സമയം തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം നടക്കുകയായിരുന്നു. തിരൂരിനടുത്ത പോറൂർ സ്വദേശിയും പ്രമുഖ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും നേതാവുമായ സഖാവ് കെ.ദാമോദരൻ ഈ സംഭവം യോഗത്തിൽ ഉന്നയിച്ചു. ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്തു. തൊഴിലാളിവർഗ പാർട്ടിയായ കമ്മ്യൂണിസ്റ്റ്പാർട്ടി കേരളം ഭരിക്കുമ്പോൾ ന്യായമായ അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്ത തൊഴിലാളികളെ പോലീസ് വെടിവെച്ചു കൊന്നത് തെറ്റാണ് എന്ന് പാർട്ടി പ്രഖ്യാപിക്കണം എന്ന് അദ്ദേഹം അവിടെ ഉന്നയിച്ചു. പക്ഷേ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന്റെ വാദങ്ങളെ അംഗീകരിച്ചില്ല എന്ന് മാത്രമല്ല പ്രശ്നബാധിത പ്രദേശത്ത് പോയി തൊഴിലാളികളെ എതിർത്തും പോലീസിനെ ന്യായീകരിച്ചും പ്രസംഗിക്കണമെന്ന് കൽപ്പിച്ചു. സഖാവ് ദാമോദരൻ അവിടെ പോവുകയും പാർട്ടി നിർദ്ദേശിച്ചത് പോലെ പ്രസംഗിക്കുകയും ചെയ്തു.

ഇതിനെക്കുറിച്ച് പിന്നീട് അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു ഒറ്റുകാരനെ പോലെയാണ് ഞാനവിടെ പ്രസംഗിച്ചത്. പ്രസംഗം കഴിഞ്ഞ് വീട്ടിലെത്തി ഭാര്യ വിളമ്പിവെച്ച ഭക്ഷണത്തിലേക്ക് നോക്കുമ്പോൾ വെടിവെപ്പിൽ ചിന്നിച്ചിതറിയ തലച്ചോറ് പോലെയാണ് തോന്നിയത്. വിളമ്പി വെച്ച കറി കണ്ടപ്പോൾ തളംകെട്ടിനിൽക്കുന്ന ചോരപോലെ തോന്നുകയാണ്. വാവിട്ട് ഒരു കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞ് ഭക്ഷണം കഴിക്കാനാകാതെ വന്ന് കിടക്കുമ്പോൾ ഭാര്യ ചോദിക്കുന്നുണ്ട്. എന്തിനാണ് ദാമുവേട്ടാ കരയുന്നത്. സംഭവം വിവരിച്ചുകേട്ടപ്പോൾ ഭാര്യയുടെ ചോദ്യം. എന്തിനാണ് പിന്നെ അവിടെ പോയി പ്രസംഗിച്ചത്. ഞാനൊരു കമ്മ്യൂണിസ്റ്റല്ലേ എനിക്ക് അവിടെ പോയി അതിനെ ന്യായീകരിക്കാതിരിക്കാൻ കഴിയില്ലല്ലോ. എങ്കിൽ പിന്നെ എന്തിനാണ് ഇപ്പോൾ വാവിട്ടുകരയുന്നത്. ഞാൻ ഒരു മനുഷ്യനല്ലേ. കേരള മാർക്സ് എന്നറിയപ്പെട്ട കെ.ദാമോദരൻ പിന്നീട് 1964-ൽ രാജ്യസഭാ എം.പിയായി.

വിമോചനസമരകാലത്ത് ഈ കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരെ സി.എച്ച് മുഹമ്മദ് കോയ സാഹിബ് പ്രസംഗിച്ചിരുന്നു. മനുഷ്യൻ അധപതിച്ചാൽ മൃഗമാവും. മൃഗം അധപതിച്ചാൽ കമ്മ്യൂണിസ്റ്റാവും എന്ന്. തലക്കടത്തൂരിലെ തൊഴിലാളികൾ 50 പൈസ കൂലി വർദ്ധനവ് ആവശ്യപ്പെട്ടാണ് സമരം ചെയ്തതെങ്കിലും ജോലിക്ക് തിരിച്ചെടുത്താൽ മതി എന്ന സ്ഥിതിയിലേക്ക് കഷ്ടപ്പാടുകൾ അവരെ എത്തിച്ചിരുന്നു. അവിടെയാണ് ഒരു രൂപ വർധനവ് വരുത്താൻ പൂക്കോയതങ്ങൾ നിർദ്ദേശിച്ചത്. എന്നാൽ കൊല്ലം കുണ്ടറയിൽ സമരം ചെയ്ത തൊഴിലാളികളെ മുതലാളിക്ക് വേണ്ടി വെടിവെച്ചു കൊല്ലുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്തത്. തൊഴിലാളികളുടെ പേരിൽ മുതലെടുപ്പ് നടത്തുകയും മുതലാളിമാരോടൊപ്പം നിൽക്കുകയും ചെയ്യുന്ന ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും വാഴുന്നിടത്ത് യഥാർത്ഥ 'പാവങ്ങളുടെ പടത്തലവൻ' പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങൾ തന്നെ.