VOL 12 |
 Flip Pacha Online

കോഴിക്കോട്ടെ ചാവക്കാട്ടുകാരന്‍

By: സിദ്ദീഖ് തളിക്കുളം

കോഴിക്കോട്ടെ ചാവക്കാട്ടുകാരന്‍
കോഴിക്കോട് നഗരിയുടെ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്ത് അതിപ്രഗത്ഭരായ അതിഥികള്‍ അന്നുമിന്നും സജീവസാനിധ്യമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നിറഞ്ഞു നിന്ന് കോഴിക്കോടിന്റെ വിദ്യാഭ്യാസ രാഷ്ട്രീയ മേഖലയില്‍ അതുല്യമായ സംഭാവനകളര്‍പ്പിച്ച എം വി ഹൈദ്രോസ് വക്കീല്‍ അവരില്‍ ശ്രദ്ധേയനാണ്. കേരളീയ മുസ്ലിംകളുടെ സാസ്കാരിക, രാഷ്ട്രീയ വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ചരിത്രം പഴയ കൊച്ചിയിലും മലബാറിലുമായി മണ്ണു പങ്കിട്ടുകിടന്ന ഇന്നത്തെ തൃശ്ശൂര്‍ ജില്ലയുമായും ഈ മണ്ണില്‍ നിന്നുയര്കൊണ്ട മഹത്തുക്കളായ നേതാക്കളും മതസാമൂഹിക പര്ഷ്കരണസംരഭങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടതാണ്.

തൃശ്ശൂരിലെ ചാവക്കാട് ജനിച്ച്, മദിരാശിയില്‍ പഠിച്ച്, കോഴിക്കോടിനെ തന്റെ കര്മ്മഭൂമിയായി തെരഞ്ഞെടുത്ത എം വി ഹൈദ്രോസ് വക്കീല്‍ എന്ന വഴിവിളക്കിനെ പുതിയ തലമുറ മാത്രമല്ല, ആരും അത്ര ഓര്‍ക്കുന്നില്ല എന്നത് എത്രമേല്‍ നന്ദികേടാണ്. 1910 ഫെബ്രുവരി 7 ന് ചാവക്കാട് ആണ് ഹൈദ്രോസ് സാഹിബിന്റെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് മുഹമ്മദൻ കോളേജിൽ (1849-ൽ സ്ഥാപിതമായ ദക്ഷിണേന്ത്യയിലെ പ്രധാന മുസ്ലീം സ്കൂളായി അറിയപ്പെട്ടിരുന്ന മദ്രസ-ഐ-അസം 1934-ൽ സർക്കാർ മുഹമ്മദൻ കോളേജായി ഉയർത്തി) നിന്നും ബിരുദം നേടി. തുടർന്ന് മദ്രാസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ചാവക്കാട്ടെ ആദ്യത്തെ ബി.എല്‍. ബിരുദധാരി സ്മരണീയന്‍ എം വി ഹൈദ്രോസ് വക്കീലായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. (വിശദമായ വിവരങ്ങളോ റഫറന്‍സോ ലഭ്യമല്ല)

മദ്രാസ് ലോ കോളേജിൽ പഠിക്കുമ്പോൾത്തന്നെ ഹൈദ്രോസ് വക്കീൽ മുസ്ലിംലീഗ് പ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്നു. ആ ലഹരിയുമായാണ് അദ്ദേഹം കോഴിക്കോട് വന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംദശകത്തിനോടുവില്‍ തലശ്ശേരിയിലും മറ്റും ഒറ്റപ്പെട്ട ചില പരിശ്രമങ്ങള്‍ നടത്തി അസ്തമിച്ചുപോയ മലബാറിലെ മുസ്ലിം ലീഗ് സംഘാടനം മുപ്പതുകളുടെ അവസാനം ആണല്ലോ വിജയവഴിയിലെത്തിയത്. പ്രതിഭാശാലിയായ എം.വി. ഹൈദ്രോസ് വക്കീൽ ജോലി ആവശ്യാർത്ഥം കോഴിക്കോടെത്തിയതോടെ കോഴിക്കോടിന്റെ സാംസ്കാരികചരിത്രത്തിൽ വർണോജ്ജ്വലമായ അദ്ധ്യായമാണ് വിരചിതമായത്.

വളരെ വേഗത്തിൽ കോഴിക്കോട്ടെ പ്രമുഖനായ സമൂഹ്യ പ്രവര്‍ത്തകന്‍ കെ.എം. കാതിരിക്കോയ ഹാജിയുമായി പരിചയപ്പെട്ടു. ആ ബന്ധം കോഴിക്കോടിന്റെ രാഷ്ട്രീയ ജീവിതത്തിൽ പുതിയൊരു ചന്ദ്രോദയത്തിന് വഴി തെളിയിച്ചു. മുസ്ലിങ്ങൾക്കിടയിൽ ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ മലബാറിലുടനീളം അദ്ദേഹം ഓടിനടന്നു. കോഴിക്കോട് കല്ലായ് റോഡിലുള്ള ഹൈദ്രോസ് വക്കീലിന്റെ വീട്ടിൽവച്ചാണ് കോഴിക്കോട്ടെ മുസ്ലിംലീഗ് ശാഖ രൂപീകരിക്കാനുള്ള ആലോചനായോഗം നടന്നത്. വാണിശ്ശേരി ഉമ്മർകോയ ഹാജി കെ.എം. കാതിരിക്കോയ ഹാജി, ബി.വി. അബ്ദുള്ളക്കോയ, എം. ബാവുട്ടി ഹാജി, കെ.പി. ഉസ്മാൻ ഹാജി, പരീത് മാസ്റ്റർ മുതലായവർ ഈ യോഗത്തിൽ പങ്കെടുത്തു. അതിന്റെ തുടർച്ചയായി തെക്കെ കടപ്പുറത്തെ സഭാഹാളിൽ ചേർന്ന ഒരു വിപുലമായ യോഗത്തിൽ വച്ചാണ് കോഴിക്കോട് ടൗൺ മുസ്ലിംലീഗ് കമ്മിറ്റി നിലവിൽ വന്നത്. കെ.എം. കാതിരിക്കോയ (പ്രസിഡന്റ്) അഡ്വ. എം.വി. ഹൈദ്രോസ്‌ (സെക്രട്ടറി) ദാവൂദ് ഭാല്ലാ ജീവാജി കപാസി (ഖജാൻജി) എന്നിവരായിരുന്നു പ്രധാന ഭാരവാഹികൾ. മലബാറിലെ രണ്ടാമത്തെ മുസ്ലിംലീഗ് ശാഖാകമ്മിറ്റിയാണിതെന്ന് പറയപ്പെടുന്നു.

കോഴിക്കോട്ടെ മുസ്ലിം ലീഗ് രാഷ്ട്രീയം പെറ്റു വീണത് ഒരു ചാവക്കാട്ടുകാരന്റെ വീടകത്താണെന്ന് ഇന്ന് എത്ര ചാവക്കാട്ടുകാര്‍ക്കറിയാം!!!! അദ്ദേഹമായിരുന്നു കൊഴിക്കോട്ടെ പ്രഥമ മുസ്ലിം ലീഗ് ശാഖാ കമ്മിറ്റിയുടെ സെക്രട്ടറിയും. 1937 ഡിസംബർ 20-ാം തീയതി തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന മലബാറിലെ മുസ്ലിംലീഗ് പ്രവർത്തകന്മാരുടെ യോഗത്തിൽ വച്ചാണ് മലബാർ ജില്ലാ മുസ്ലിംലീഗിന്റെ ആദ്യത്തെ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. ഹാജി അബ്ദുസത്താർ സേട്ട് സാഹിബ്, സീതി സാഹിബ്, സി.പി. മമ്മുക്കേയി, എം.വി. ഹൈദ്രോസ് വക്കീൽ, ഷെയ്ഖ് റാവുത്തർ, (പാലക്കാട്) എ.കെ. കുഞ്ഞിമായൻ ഹാജി, ടി.എം. മൊയ്തു, സി.കെ. മമ്മത് കേയി, എ.കെ. കാതർകുട്ടി, ബി. പോക്കർ സാഹിബ്, ടി.എം. മൂസ്സസാ ഹിബ്, ഹസ്സൻകുട്ടി കുരിക്കൾ, കെ.എം. മൗലവി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തവരിൽപ്പെടും. സമ്മേളനാദ്ധ്യക്ഷൻ അറക്കൽ അബ്ദുറഹിമാൻ ആലി രാജാ സാഹിബും.

ജസ്റ്റിസ് ഇ.കെ. മൊയ്തു, കെ.എം. മുഹമ്മദലി (ജില്ലാ ജഡ്ജി) കെ.എം. മുഹമ്മദ് (അഡ്വക്കേറ്റ്) കെ. ആലുപ്പി (മുൻഫാക്ടറീസ് ചീഫ് ഇൻസ്പെക്ടർ) എ.പി. മൂസ്സ (അഡ്വക്കേറ്റ്) എം. മക്കി (മുൻ രജിസ്ട്രാർ) സി.ഒ. കുഞ്ഞാലിക്കുട്ടിക്കേയി, ബി. മൂസ്സക്കുട്ടി (അഡ്വ ക്കേറ്റ്) ബി.എം. കാതർകുട്ടി, ബി. ഉമ്മർകുട്ടി, പി. മൊയ്തു (മുൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ) കെ.പി. മമ്മു ഹാരിസായൻ, ഉമ്മർകുട്ടി, പയ്യമ്പള്ളി മായൻ, അബ്ദുൽഖാദർ, ഒ. മാഹിനലി, സി.പി. പക്കിക്കേയി, ബാപ്പു സേട്ട്, സി.പി. അബ്ദുള്ളക്കേയി, മുഹമ്മദ് ദാവൂദ് സേട്ട്, ജാനിസേട്ട്, നാസിമൂസ്സ എന്നിവരും സംഘാടനത്തിന് നേതൃത്വം നല്‍കിയവരില്‍ ഉള്‍പ്പെടും.

സമ്മേളനത്തിൽ വച്ച് മലബാർ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി രൂപീകരിച്ചു. അറക്കൽ അബ്ദുറഹിമാൻ ആലിരാജാ (പ്രസിഡന്റ് ) കെ.എം. ഹസ്സൻ കോയ, കെ. ഉപ്പി സാഹിബ് (വൈസ്പ്രസിഡന്റു മാർ) ഹാജി അബ്ദുസ്സത്താർ സേട്ട് (സെക്രട്ടറി) കെ.എം. സീതി സാഹിബ്, എം.വി. ഹൈദ്രോസ് വക്കീൽ (ജോയിന്റ് സെക്രട്ടറിമാർ) സി.പി. മമ്മുക്കേയി (ഖജാൻജി) എന്നീ ഭാരവാഹികളും തിരഞ്ഞടുക്കപ്പെട്ടു. സീതിസാഹിബിനോടൊപ്പം മലബാർ ജില്ലാ മുസ്ലിം ലീഗിന്റെ സഹാകാര്യദര്‍ശിയും എം വി ആയിരുന്നു. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മാത്രമേ ന്യൂനപക്ഷ സമൂഹത്തിന് പുരോഗതിയുടെ ഔന്നിത്യം പ്രാപിക്കാനാവൂ എന്ന് തിരിച്ചറിഞ്ഞ് പതിതരായ ഒരു ജനതക്ക് അക്ഷര വിപ്ലവം തീർക്കാൻ ഫാരൂഖാബാദിലെ പൂന്തോട്ടത്തെ പാകപ്പെടുത്തിയ ധിഷണാശാലികൽളില്‍ ഒരു മുഖ്യ കണ്ണിയായിരുന്നു എം വി. ഹൈദ്രോസ് വക്കീല്‍.

മൗലാന അബുസ്സബാഹ് മൗലവിക്കും സീതിസാഹിബിനുമൊപ്പം ഫാറൂഖ്‌ കോളേജ്‌, റൗളത്തുൽ ഉലൂം തുടങ്ങീ സ്ഥാപനങ്ങളുടെ മാനേജിംഗ്‌ കമ്മിറ്റിയായ റൗളത്തുൽ ഉലൂം അസോസിയേഷന്‍റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അസോസിയേഷന്റെ സ്ഥാപക സെക്രട്ടറിയും ആയിരുന്നു. മദിരാശി അസ്സംബ്ലിയില്‍ അംഗമായിരുന്ന വക്കീല്‍ സാഹിബ്, ഫാറൂഖ് കോളെജിനു അംഗീകാരം ലഭിക്കുന്നതിനും വിഭവങ്ങള്‍ സംഭരിക്കുന്നതിനും വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക. വട്ടംപൊയിലിലെ തന്റെ സ്വന്തം വീടും ഭൂമിയും പണയപ്പെടുത്തിയിട്ടാണ് അദ്ദേഹം ഫാറൂഖ് കോളേജിന്റെ പ്രതിസന്ധിയില്‍ കരുതലായത്. (അല്ലാഹു സ്വീകരിക്കട്ടെ ആമീന്‍)
1948 നു ശേഷം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ സമരണീയന്‍ 1972 ജൂലൈ 5 നാണ് വിടപറഞ്ഞത്‌.

സ്വര്‍ഗ്ഗത്തില്‍ ഔന്നിത്യം നല്‍കി നാഥന്‍ അനുഗ്രഹിക്കട്ടെ.