VOL 12 |
 Flip Pacha Online

പൗരത്വ നിഷേധത്തിൻ്റെ പുത്തൻ പരീക്ഷണങ്ങൾ

By: ടി.പി.എം. ബഷീർ

പൗരത്വ നിഷേധത്തിൻ്റെ  പുത്തൻ പരീക്ഷണങ്ങൾ
ഇന്ത്യയിലെ ഓരോ പൗരനും തങ്ങളുടെ പൗരത്വത്തിൻ്റെ പേരിൽ
ആശങ്കാകുലരാണ്. തങ്ങൾ ഈ രാജ്യത്തെ പൗരൻമാരാണ് എന്ന് തെളിയിക്കേണ്ടത് പൗരൻമാരുടെ
ചുമതലയായി മാറിയിരിക്കുന്നു.

പൗരത്വനിയമ ഭേദഗതി മുതൽ ഉയർന്ന ആശങ്കകൾ എസ്.ഐ.ആർ പ്രക്രിയയിലൂടെ അതിൻ്റെ പാരമ്യത്തിൽ എത്തിയിട്ടുണ്ട്. പ്രസ്തുത പ്രക്രിയയിലൂടെ ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടു. വോട്ടവകാശം നിഷേധിക്കുന്നതിലൂടെ അവർക്ക്
ജനാധിപത്യത്തിൽ ഇടപെടാനുള്ള
അവസരമാണ് നിഷേധിക്കുന്നത്.
എന്നാൽ അതു മാത്രമല്ല, അവരുടെ പൗരത്വ നിഷേധത്തിൻ്റെ ആദ്യചുവടാണ്
എസ്.ഐ.ആർ എന്ന് ‘ദി ടെലഗ്രാഫ്’
മുൻ പത്രാധിപർ ശ്രീ. രാജഗോപാലിൻ്റെ അനുഭവം തെളിയിക്കുന്നു.

കൊൽക്കത്ത ആസ്ഥാനമായി
പ്രസിദ്ധീകരിക്കുന്ന ദിനപത്രമായ
‘ദി ടെലഗ്രാഫി’ൽ 2016 മുതൽ 2023 വരെ പത്രാധിപരായി ജോലി ചെയ്തിരുന്ന ശ്രീ. ആർ. രാജഗോപാലിൻ്റെ പേര് ബംഗാളിലെ എസ്.ഐ.ആറിൻ്റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. വോട്ടർ പട്ടികയിൽ പേര് ഇല്ല എന്നതിൻ്റെ പേരിൽ പാസ്പോർട്ട് പുതുക്കി നൽകാതെ വന്നപ്പോഴാണ് ഇത് വാർത്തയായത്.

ആദ്യം വോട്ട് നിഷേധിക്കുന്നു.
പിന്നീട് പാസ്പോർട്ട് നിഷേധിക്കുന്നു. ഒടുവിൽ പൗരത്വം തന്നെ ഇല്ലാതാവുന്നു.
ഇത് ഇന്ത്യയിലെ ഓരോ പൗരനും
അനുഭവിക്കാൻ സാധ്യതയുളള
പരീക്ഷണമാണ്.

1951-ലെ എൻ.ആർ.സി, വിവിധ കാലങ്ങളിലെ വോട്ടർ പട്ടികകൾ,
വോട്ടർ ഐ.ഡി, പാൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ് തുടങ്ങിയ പതിനഞ്ചോളം രേഖകൾ ഹാജരാക്കിയിട്ടും ആസാം സ്വദേശിയായ അമീനുൽ ഹഖ് എന്ന യുവാവിനെ ഫോറിനേഴ്‌സ് ട്രിബ്യൂണൽ
വിദേശിയായി പ്രഖ്യാപിക്കുകയും ആസാം ഹൈക്കോടതി അത് ശരി വെക്കുകയും ചെയ്ത ഏറ്റവും പുതിയ വാർത്തയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.

മോദിയും സംഘവും ഈ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന് സഗൗരവം
ചിന്തിക്കേണ്ടിയിരിക്കുന്നു.