VOL 12 |
 Flip Pacha Online

പി.കുഞ്ഞി മുഹമ്മദ്: വാഗ്മിതയുടെ വിസ്മയം

By: ബഷീർ വെള്ളിക്കോത്ത്

പി.കുഞ്ഞി മുഹമ്മദ്: വാഗ്മിതയുടെ വിസ്മയം
പൊന്നാനി കുഞ്ഞി മുഹമ്മദ്‌ എന്ന പേരിൽ പുകൾ പെറ്റ പി കുഞ്ഞുമുഹമ്മദ് സാഹിബും നമ്മെ വിട്ട് പോയി. പൊന്നാനിക്കാരനായ പി കുഞ്ഞു മുഹമ്മദ്‌ പുതിയാപ്പിളയായാണ് കണ്ണൂരിലെത്തുന്നത്.മരിച്ചാലും പിയ്യാപ്പളസ്ഥാനം നഷ്ടപ്പെടാത്തത്ര സ്വീകാര്യതയാണ് കണ്ണൂരുകാർ പുതിയാപ്പിളക്ക് നൽകാറുള്ളത്.പെണ്ണ് കെട്ടിയാൽ പുരുഷൻ ഭാര്യ വീട്ടിൽ താമസിക്കുന്ന രീതിയാണല്ലോ കണ്ണൂരിൽ. കണ്ണൂരുകാർ പൊന്നാനിക്കാരനായ പുതിയാപ്പിളയെ നന്നായി പരിഗണിച്ചു.പൊന്നാനിയിൽ നിന്നേ കൂടെയുണ്ടായിരുന്ന ഹരിത രാഷ്ട്രീയ ചിന്ത,70 കളിൽ മുസ്‌ലിം യൂത്ത് ലീഗിന്റെ സംഘാടന ഘട്ടത്തിൽ എറണാകുളം ജില്ലാ യൂത്ത് ലീഗ് കോ ഓർഡിനേറ്റർ ആയി നിയോഗിക്കപ്പെടാനും പ്രസിഡന്റായി പ്രവർത്തിക്കാനുമുള്ള അവസരത്തിലൂടെ തന്റെ കൂടെ ചേർത്ത് നിർത്തുകയും അതിനെ കൂടുതൽ ജ്വലിപ്പിക്കാൻ കണ്ണൂരിലെ ലീഗ് രാഷ്ട്രീയത്തിലെ ത്യാഗത്തിന്റെ തിളക്കമുള്ള ഒ കെ മുഹമ്മദ്‌ കുഞ്ഞു സാഹിബിന്റെയും പദവികളുടെ പത്തരമാറ്റിൽ തിളങ്ങിയ അഹമദ് സാഹിബിന്റെയും കർമോൽസുകതയും എളിമയും തിളക്കം കൂട്ടിയ മൗലവി സാഹിബിന്റെയുമൊക്കെ സാമീപ്യവും സഹവാസവും വഴി കുഞ്ഞു മുഹമ്മദിന് സാധിച്ചു. ജന്മ നാടുമായുള്ള പൊക്കിൾക്കൊടി ബന്ധം മുറിച്ചു മാറ്റാതെ കുഞ്ഞു മുഹമ്മദ്‌,പൊന്നാനി കുഞ്ഞു മുഹമ്മദായിത്തന്നെ കണ്ണൂർ രാഷ്ട്രീയ ഭൂമികയിൽ കാലെടുത്തു വെച്ചു.പ്രഭാഷണ കലയുടെ കരുത്തും പരിഭാഷയുടെ മികവും കൊണ്ട് കുഞ്ഞു മുഹമ്മദ്‌ സംസ്ഥാനത്താകെ ശ്രദ്ധിക്കപ്പെട്ടു.സേട്ട് സാഹിബ്‌, ബനാത്ത് വാല സാഹിബ്‌ എ കെ എ ഹസനുസ്സമാൻ തുടങ്ങി മലയാളികളല്ലാത്ത മുസ്‌ലിം ലീഗ് മഹാ നേതാക്കളുടെ പരിഭാഷകൻ എന്ന നിലയിൽ ലീഗ് വേദികളിലാകെ കുഞ്ഞി മുഹമ്മദ്‌ നിറഞ്ഞു നിന്നു.കണ്ണൂർ ദീനുൽ ഇസ്‌ലാം സഭയുടെ മാനേജർ,പിന്നീട് വൈസ് ചെയർമാൻ,ജില്ലാ ലീഗ് പ്രസിഡന്റ്,അതിന് മുമ്പ് കണ്ണൂർ നഗരസഭയുടെ ചെയർമാൻ മുതലായ പദവികളലങ്കരിച്ചു ഈ പുതിയാപ്പിള.കണ്ണൂരിലെ ഈദ് ഗാഹ് സംസ്ഥാപനത്തിലും കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരമായ കാൾടെക്സ് ജംങ്ഷനിലെ ബാഫഖി തങ്ങൾ സ്മാരക സൗധം യഥാർഥ്യമാക്കുന്നതിലും നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട് അദ്ദേഹം. സി എച്ചിന്റെയും അഹമദ് സാഹിബിന്റെയും വാത്സല്യം അനുഭവിക്കാനാവസരമുണ്ടായ കുഞ്ഞി മുഹമ്മദ്‌ സാഹിബിന് അദ്ദേഹത്തിന്റെ എഴുത്തിലും പ്രഭാഷണത്തിലും പരിഭാഷയിലുമുള്ള മികവ് തന്നെയാണ് ആ വാത്സല്യത്തിന് അദ്ദേഹത്തെ അർഹമാക്കിയത്. 74 ലെ മുസ്‌ലിം ലീഗിന്റെ പിളർപ്പു കാലത്ത് നേതാക്കന്മാരും പ്രാസംഗികരും എല്ലാം അഖിലേന്ത്യാ ലീഗ് പക്ഷത്തായപ്പോൾ അന്ന് പാർട്ടിയെ പിടിച്ചു നിർത്തിയ വാഗ്ധോരണികളുടെ ഉടമകളിൽ പ്രധാനിയായിരുന്നു കുഞ്ഞി മുഹമ്മദ്‌ സാഹിബ്‌. പി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ,ജാഫർ അത്തോളി, ബി പി അബൂബക്കർ മുതലായവരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. വ്യക്തതയുള്ള നയവും കൃത്യതയോടെ അവതരിപ്പിക്കാനുള്ള വാങ്‌മിതയും ആകർഷണീയതക്ക് കരുത്ത്പകർന്ന ശബ്ദഗാമ്ഭീര്യവും അദ്ദേഹത്തിന്റെ ശ്രോതാക്കളെ വിസ്മയിപ്പിച്ചു. വിഷയങ്ങൾ പഠിക്കാനും ഇടപെടാനുമുള്ള കണ്ണൂർ നഗരസഭയുടെ പ്രഥമ ചെയർമാനായിരുന്ന അഹമദ് സാഹിബ്‌ നിയമസഭാഗമായിപ്പോയപ്പോ പകരം ആ ചുമതല വര്ഷങ്ങളോളം കുഞ്ഞി മുഹമ്മദ്‌ സാഹിബിന്റെ ചുമലിലായി. നവ കണ്ണൂരിന്റെ സൃഷ്ടിയിൽ കുഞ്ഞി മുഹമ്മദ്‌ സാഹിബിന്റെ പങ്ക് ആർക്കും നിഷേധിക്കാനാവാത്തതാണ്. ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരോടെല്ലാം ഇടപെടാൻ കഴിഞ്ഞ അദ്ദേഹം ഏവർക്കും സ്വീകാര്യനുമായി. നയചാതുര്യം അദ്ദേഹത്തെ കണ്ണൂരിന്റെ മുഖമാക്കി മാറ്റി. അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന കാഞ്ഞങ്ങാട്ടുകാരായ ഞങ്ങൾക്കും ഞങ്ങളുടെ സ്വന്തമായിരുന്നു അദ്ദേഹം. 84-85 കാലത്ത് കാഞ്ഞങ്ങാട്ടെ അതിഞ്ഞാലിൽ പണിതീർത്ത അൻസാറുൽ ഇസ്‌ലാം മദ്രസയുടെ ഉദ്ഘാടനം ബനാത്ത് വാല സാഹിബാണ് നിർവഹിച്ചിരുന്നത്.പതിവ് പോലെ പൊന്നാനി കുഞ്ഞു മുഹമ്മദിനെ പരിഭാഷകനായി നിശ്ചയിച്ചിരുന്നു.പക്ഷെ പ്രോഗ്രാമിൽ എത്താൻ കുഞ്ഞി മുഹമ്മദിന് കഴിയാതെ പോയതിനാൽ സംഘാടകർ ആകെ അങ്കലാപ്പിലായി.അപ്പോഴാണ് അതിഞ്ഞാൽ സ്വദേശിയും അധ്യാപകനും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മേൽ മദ്രസാ കമ്മിറ്റി ഭാരവാഹിയും മുസ്‌ലിം ലീഗിന്റെ തീപ്പൊരി പ്രസംഗകനുമായ പി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ പരിഭാഷ ഏറ്റെടുത്തത്.പികുഞ്ഞിമുഹമ്മദ്സാഹിബിനെപ്പോലെതന്നെ മാഷിന്റെ പരിഭാഷയും തിളങ്ങിയപ്പോൾ പിന്നെ മുമ്പ് കുഞ്ഞിമുഹമ്മദ് ഓടിത്ത്തീർത്ത വഴികളിലൂടെ മാഷക്കും ഓടേണ്ടി വന്നു പരിഭാഷകനായി.പ്രഭാഷണത്തിലും പരിഭാഷയിലും സംഘടനാ രംഗത്തും സഹപ്രവർത്തകരായിരുന്നവരിൽ പി മുഹമ്മദ്‌ കുഞ്ഞി മാഷ് 2019 ഏപ്രിൽ 5 ന് പോയി.ആറു വർഷങ്ങൾക്കിപ്പുറം കുഞ്ഞി മുഹമ്മദ്‌ സാഹിബും പോയി.അല്ലാഹു ഇരുവർക്കും സ്വർഗം നൽകട്ടെ.