VOL 12 |
 Flip Pacha Online

ഒ.കെ. മുഹമ്മദ് കുഞ്ഞി സാഹിബ്, പഠിക്കാനേറെയുണ്ട്, പകർത്താനും...

By: എം.കെ പയ്യന്നൂർ

ഒ.കെ. മുഹമ്മദ് കുഞ്ഞി സാഹിബ്, പഠിക്കാനേറെയുണ്ട്, പകർത്താനും...
പൊന്നാനി കടപ്പുറം ജനനിബിഢമാണ്. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്ന ഒരു മഹാ സമ്മേളനം അവിടെ നടക്കുകയാണ്. നേതാക്കൾ വേദിയിലെത്തി. പ്രവർത്തകൾ അവരുടെ പ്രഭാഷണത്തിനായി അക്ഷമരായി കാത്തിരിക്കുന്നു. കാര്യ പരിപാടിയിലേക്ക് കടക്കും മുമ്പേ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ മൈക്കിന് മുന്നിലെത്തി ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ഇങ്ങിനെ പറഞ്ഞു. "മലബാറിൽ മുസ്‌ലിം ലീഗ് കെട്ടിപ്പെടുക്കാൻ സ്വശരീരം മറന്ന് പ്രവർത്തിച്ച ഒരു വലിയ നേതാവ് കണ്ണൂരിലുണ്ട്, പേര് ഒ.കെ. മുഹമ്മദ് കുഞ്ഞി. അദ്ദേഹം അസുഖമായി ഓപ്പറേഷന് വിധേയമായിരിക്കയാണ് അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്ത് കൊണ്ട് നമുക്ക് യോഗ നടപടി ആരംഭിക്കാം."

അതെ, മലബാറിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച നേതാവ് തന്നെയായിരുന്നു ഒ.കെ. മുഹമ്മദ്‌ കുഞ്ഞി സാഹിബ്. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ സന്ദേശവുമായി ഗ്രാമ-ഗ്രാമാന്തരങ്ങളിൽ കാൽ നടയായി സഞ്ചരിച്ചും കവലകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയും അക്ഷീണം യത്നിച്ച അദ്ദേഹത്തിന്, ഒട്ടേറെ തവണ എതിരാളികളുടെ ക്രൂര മർദ്ദനമേൽക്കേണ്ടി വന്നിട്ടുണ്ട്. പട്ടിണിപ്പാവങ്ങൾക്കിടയിൽ അവരിൽ ഒരുവനായും സാധാരണക്കാരിൽ സാധാരണക്കാരനായും ജീവിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവായിരുന്നു അദ്ദേഹം.
കണ്ണൂർ സിറ്റിയിലെ പ്രമുഖ കുടുംബാംഗമായ അദ്ദേഹം, കണ്ണൂർ മുനിസിപ്പൽ കൗണ്‍സിലിൽ ദീർഗ്ഗ കാലം അംഗമായിരുന്നു. കേരള ഹജ്ജ് കമ്മിറ്റി അംഗം, കണ്ണൂർ ദീനുൽ ഇസ്ലാം സഭാംഗം, കണ്ണൂർ മുസ്‌ലിം ജമാഅത്ത് സ്ഥാപകാംഗം എന്നീ നിലകളിലും പ്രവർത്തിച്ച ഒ.കെ. സാഹിബ്, "പ്രഭാതം" എന്ന പത്രത്തിലും സേവനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ലാ പ്രസിഡണ്ട് എന്നീ പദവികളിൽ നിറഞ്ഞു നിന്ന ഒ.കെ.സാഹിബ്, 1957-ൽ നാദാപുരത്ത് നിന്നും മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിനും പാർട്ടിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും വേണ്ടി ഗ്രാമ ഗ്രാമാന്തരങ്ങളിൽ കാൽ നടയായി സഞ്ചരിച്ചും കവലകളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയും അക്ഷീണം യത്നിച്ച ഒ.കെ. സാഹിബ്, ഒട്ടേറെ തവണ എതിരാളികളുടെ ക്രൂര മർദ്ദനത്തിന് ഇരയാവുകയും ചെയ്തിട്ടുണ്ട്. പട്ടിണിപ്പാവങ്ങൾക്കിടയിൽ അവരിൽ ഒരുവനായും സാധാരണക്കാരിൽ സാധാരണക്കാരനായും ജീവിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവായിരുന്ന അദ്ദേഹം, ബീഡി തൊഴിലാളികൾക്കിടയിലും മത്സ്യത്തൊഴിലാളികൾക്കിടയിലും മറ്റു തൊഴിലാളികൾ ക്കിടയിലും സംഘ ബോധവും, സംഘടനാ ബോധവും പറഞ്ഞു ഫലിപ്പിച്ച മികച്ച സംഘാടകനുമായിരുന്നു.

ഖായിദെ മില്ലത്ത്, ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, സീതി സാഹിബ്, സി.എച്ച്, ശിഹാബ് തങ്ങൾ തുടങ്ങി മുൻനിര നേതാക്കളോടൊപ്പം പ്രവർത്തിച്ച അദ്ദേഹത്തെ, "എന്റെനേതാവ് " എന്ന് പറഞ്ഞു കൊണ്ടായിരുന്നു സി.എച്ച്. അഭിസംബോധന ചെയ്തിരുന്നത്. മുസ്‌ലിം ലീഗ് പ്രവർത്തകർ അദ്ദേഹത്തെ ഒ.കെ. മുഹമ്മദ്‌ കുഞ്ഞി തങ്ങൾ എന്ന് സ്നേഹ പൂർവ്വം വിളിച്ചിരുന്നു. നല്ലൊരു പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ഒ.കെ. സാഹിബ്, പഴയ കാല മുസ്‌ലിം ലീഗ് പ്രസിദ്ധീകരണങ്ങളിൽ കനപ്പെട്ട നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. അക്കാലത്ത് ഒ.കെ.മുഹമ്മദ്‌ കുഞ്ഞി സാഹിബിന്റെ ഉജ്ജ്വലമായ പ്രഭാഷണങ്ങൾ കേൾക്കാത്ത മുസ്‌ലിം പ്രദേശങ്ങൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം.

ഉച്ച ഭാഷിണി ഇല്ലാതെയും ഒ.കെ. പ്രസംഗിച്ചു. അദ്ദേഹത്തിന്റെ ശബ്ദനാളിക്ക് മാരകമായ രോഗം ബാധിച്ചു. ഒടുവിൽ ശബ്ദനാളി നീക്കംചെയ്യേണ്ടി വന്നു. ലോകത്ത് തന്നെ അപൂർവ്വമായി മാത്രമേ ഇത്തരം രോഗങ്ങൾ ഉണ്ടാവാറുള്ളൂ എന്നാണ് അക്കാലത്ത് പറഞ്ഞിരുന്നത്. പിന്നീട് വിദേശത്ത് നിന്നും എത്തിച്ച കൃത്രിമ ഉപകരണം ഉപയോഗിച്ചായിരുന്നു ഒ.കെ. സാഹിബിന്റെ പ്രസംഗങ്ങൾ. ഉപകരണത്തിലൂടെയും പിന്നീട് സഹായി യെ വെച്ചും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചു.

ഒ.കെ. മുഹമ്മദ്‌ കുഞ്ഞി സാഹിബിന്റെനേതൃത്വത്തിൽ നടന്ന ഒരു കാൽ നട യാത്ര ഏറെ കൗതുകം നിറഞ്ഞതായിരുന്നു. ഇന്നത്തെ കാസർഗോഡ്‌ ജില്ലയിലെ ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്ന കണ്ണൂർ ജില്ലാ ജാഥയായിരുന്നു അത്. വളണ്ടിയർമാരുടെ അകമ്പടിയോടെ പത്ത് ദിവസം നീണ്ടു നിന്ന ജാഥ, ഹോസ്ദുർഗ്ഗ് താലൂക്കിലെ തൃക്കരിപ്പൂരിൽ നിന്നും തുടങ്ങി, കണ്ണൂർ സിറ്റിയിൽ സമാപിക്കുന്ന തരത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്. ഈ ജാഥ ഉത്തര മലബാറിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് വലിയ വേരോട്ടമുണ്ടാക്കാൻ നിമിത്തമായതായതായിരുന്നു.

ജാഥ കടന്നു പോയ വഴിയിലൊക്കെ ഇരുവശവും നിരന്നു നിന്ന ആളുകൾ ആവേശത്തോടെ ജാഥയെ വരവേറ്റു. അതിരറ്റ സ്നേഹത്തോടെ ജാഥാ നായകൻ ഒ.കെ. സാഹിബിനെയും മറ്റ് ജാഥാംഗങ്ങളെയും ആശിർവദിച്ചു. ഈ ജാഥയുടെ വിജയവും ജന പങ്കാളിത്തവും കണ്ട് ആവേശ ഭരിതനായ ബാഫഖി തങ്ങൾ പ്രത്യേക ദൂതനെ ഒ. കെ. സാഹിബിന്റെഅടുത്തേക്കയച്ചു കൊണ്ട് കോഴിക്കോട്‌ ജില്ലയിലും ഒരു ജാഥ നടത്താൻ ആവശ്യപ്പെട്ടു. വടകര മുതൽ കൊയിലാണ്ടി വരെയാണ് ജാഥാ റൂട്ടായി നിർദ്ദേശിച്ചത്. അത് കൊയിലാണ്ടിയിലെത്തിയാൽ ഭക്ഷണവും വിശ്രമവും തന്റെ വീട്ടിലായിരിക്കണമെന്നും തങ്ങൾ പറഞ്ഞു.

തങ്ങളുടെ ആഗ്രഹം പോലെ ഒ.കെ. സാഹിബിന്റെ നായകത്വത്തിൽ നടന്ന ജാഥ കൊയിലാണ്ടിയിലെത്തിയപ്പോൾ, ബാഫഖി തങ്ങളുടെ വീടിന്റെ കവാടത്തിൽ നിന്ന് തന്നെ ജാഥയെ വരവേറ്റു. നെറ്റിപ്പട്ടം കെട്ടിയ ഗജ വീരന്മാരുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് ജാഥാംഗങ്ങളെ ആയയിച്ചത്. സന്തോഷം കൊണ്ട് ഏറെ നേരം ഒ. കെ. സാഹിനെ കെട്ടിപ്പിടിച്ചു നിന്ന ബാഫഖി തങ്ങൾ ഒരു സ്നേഹ ചുംബനം കൂടി കൊടുത്തിട്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

1974 - 75 കാലഘട്ടം, അഥവാ മുസ്‌ലിം ലീഗ് പാർട്ടിയിലുണ്ടായ ദൗർഭാഗ്യകരമായ പിളർപ്പ് നടന്ന സമയം. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ശക്തനായ വക്താവായ ഒ.കെ.സാഹിബിന്റെ കാർമ്മികത്വത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കണ്ണൂർ സിറ്റിയിൽ ഒരു പൊതുയോഗം സംഘടിപ്പിച്ചു. അഖിലേന്ത്യാ മുസ്‌ലിം ലീഗിനും അത്യാവശ്യം പ്രവർത്തകരൊക്കെ ഉള്ള സ്ഥലം കൂടിയായിരുന്നു സിറ്റി പ്രദേശം.

പൊതുയോഗം ആരംഭിച്ചു. പ്രാർത്ഥനയും സ്വാഗതവും അധ്യക്ഷ പ്രസംഗവും കഴിഞ്ഞ് ഉൽഘാടകനായ ഒ.കെ.സാഹിബ് പ്രസംഗിക്കാൻ എഴുന്നേറ്റു നിന്നു. പ്രസംഗം ആരംഭിക്കാനിരിക്കെ സദസിൽ നിന്നും ഒ.കെ. സാഹിബിന് നേരെ ഒരു കല്ല് വന്നു. കല്ല് അദ്ദേഹത്തിന്റെ തൊപ്പിയിൽ തട്ടി താഴെ വീണു.
വേദിയിലും സദസിലും ആകെ ബഹളമായി. ഇരു ലീഗിന്റെയും പ്രവർത്തകർ പരസ്പരം വാക്കു തർക്കവും ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. പരിപാടി നടക്കുന്ന വേദിക്കിരുവശവുമുള്ള വീടുകളിൽ നിന്നും സ്ത്രീകൾ പുറത്തിറങ്ങി നില വിളിച്ചു. പോലീസിനെ കണ്ട് പലരും പരക്കം പാഞ്ഞു. പക്ഷെ ഒ.കെ. സാഹിബ് പതറിയില്ല. മൈക്കിലൂടെ തന്റെ ആർജ്ജവമുള്ള വാക്കുകൾ പുറത്ത് വന്നു.

"ഇവിടെ പ്രശ്നമൊന്നുമില്ല, എല്ലാവരും ശാന്തരാവണം." ഒ.കെ.മുഹമ്മദ് കുഞ്ഞി സാഹിബ് എന്ന മഹദ് വ്യക്തിയുടെ വാക്കിന് ഫലമുണ്ടായി. സദസ്സ് ശാന്തമായി. പിന്നീടവിടെ കേട്ടത് വികാര നിർഭരമായ അര മണിക്കൂർ നേരത്തെ മധുര മൊഴിയായിരുന്നു. പ്രസംഗം കേട്ട സദസ്സ് വിതുമ്പി.

പിന്നീട് പ്രസംഗിച്ച അന്നത്തെ യുവ പ്രഭാഷകനും, പിന്നീട് കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ടുമായിരുന്ന പി. കുഞ്ഞി മുഹമ്മദ് സാഹിബ്, ഒ.കെ. സാഹിബ് സമുദായത്തിനും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിനും ചെയ്ത വിലമതിക്കാനാവാത്ത സേവനങ്ങളെക്കുറിച്ച് സവിസ്തരം വിശദീകരിച്ചു. പ്രസംഗം അവസാനിക്കാനിരിക്കെ കുഞ്ഞി മുഹമ്മദ് സാഹിബ് മറ്റൊരു കാര്യം കൂടി ചെയ്തു.

ഒ.കെ. സാഹിബിനെ എറിഞ്ഞ ആ കല്ല് ലേലം വിളിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ഒ.കെ. സാഹിബ് പോലും അത് പ്രതീക്ഷിച്ചില്ല. പക്ഷെ ആളുകൾ ലേലത്തിൽ പങ്കെടുത്തു. 316 രൂപക്ക് ഒരു വ്യക്തി ആ കല്ല് ലേലത്തിനടുത്തു. (ഏതാണ്ട് 50 വർഷം മുമ്പ്)

എന്നാൽ ഒ.കെ. സാഹിബിന് ഏറ്റവും സന്തോഷം നിറഞ്ഞ മറ്റൊരു സംഭവം കൂടി അവിടെ നടന്നു. യോഗം അവസാനിക്കാനിരിക്കെ, അഖിലേന്ത്യാ ലീഗിന്റെ പ്രാദേശിക നേതാവ് എം.എം. മൊയ്തീൻ സാഹിബും വലിയൊരു വിഭാഗം പ്രവർത്തകരും സ്റ്റേജിൽ കയറി ഒ.കെ. സാഹിബിനെ കെട്ടിപ്പിടിച്ചു ക്ഷമാപണം നടത്തി. അവിടെ വെച്ച് തന്നെ അവരെല്ലാം മുസ്‌ലിം ലീഗിലേക്ക് തിരിച്ചു വരുന്നതായി പ്രഖ്യാപിച്ചു.

തനിക്ക് നേരെ വന്ന കല്ലേറിൽ തെല്ലും പതറാതെ വിവേകം കൈവിടാതെ ആത്മ സംയമനത്തോടെ ഉത്തമനായ ഒരു നേതാവിന്റെ എല്ലാ സദ്ഗുണവും ഒ.കെ. സാഹിബ് പ്രകടിപ്പിച്ചപ്പോൾ, അവിടെ പാർട്ടി കൂടുതൽ ശക്തിപ്പെടുകയായിരുന്നു. ഇതാണ് പുതിയ നേതൃത്വവും അണികളും പഠിക്കേണ്ട വലിയൊരു പാഠം.

1992 - ൽ നടന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ വെച്ച് അദ്ദേഹത്തെ ആദരിക്കാൻ തീരുമാനിച്ചുവെങ്കിലും സമ്മേളനം തുടങ്ങുന്നതിന്റെരണ്ട് ദിവസം മുമ്പ് 1992 മെയ് 13 ന് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.