VOL 12 |
 Flip Pacha Online

യു.ഡി.എഫ് സെഞ്ച്വറിയടിക്കുമ്പോള്‍ സുവര്‍ണ്ണ ശോഭയോടെ മുസ്്‌ലിംലീഗ്

By: ലുഖ്മാന്‍ മമ്പാട്

യു.ഡി.എഫ് സെഞ്ച്വറിയടിക്കുമ്പോള്‍ സുവര്‍ണ്ണ ശോഭയോടെ മുസ്്‌ലിംലീഗ്
- കേരളത്തിലും തമിഴ്‌നാട്ടിലുമായി രണ്ടു ഡസന്‍ എം.എല്‍.എമാര്‍
- കേരളത്തിലെ ഭൂരിപക്ഷത്തിലെ ആദ്യ രണ്ട് റാങ്കുകളും സ്വന്തം
- ആദ്യ വനിതാ എം.എല്‍.എയായി ഫാത്തിമ തഹ്്‌ലിയ
- 15 സിറ്റിംഗ് സീറ്റുകളും നിലനിര്‍ത്തി ഏഴെണ്ണം പിടിച്ചു
- തമിഴ്‌നാട്ടില്‍ മുന്നണി തകര്‍ന്നപ്പോഴും രണ്ടിലും ജയം

വൈവിധ്യങ്ങളുടെ പൂങ്കാവനമായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാന്‍ ഭരണകൂടം ഒളിഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കുന്ന കാലത്ത് ഖാഇദെമില്ലത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. രാജ്യതലസ്ഥാനത്ത് ഇരു സഭകളിലുമായി അഞ്ചു എം.പിമാരുളള മുസ്്‌ലിംലീഗിന് ദക്ഷിണേന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളി ല്‍ നിന്നായി രണ്ടു ഡസന്‍ അംഗങ്ങളെന്ന അഭിമാന നേട്ടം കൈവരുമ്പോള്‍ പ്രത്യാശയുടെ ആത്മഹര്‍ഷമുയരുകയായി. മലയാളികള്‍ കേരളത്തെ തിരിച്ചുപിടിച്ച അസംബ്ലി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സെഞ്ച്വറിടിച്ച് ഉജ്വല വിജയം നേടുമ്പോള്‍ ആരാണ് മാന്‍ഓഫ് ദ മാച്ച് എന്ന ചോദ്യത്തിന് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് എന്നാണുത്തരം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കരുതലും കരുത്തും മേളിച്ച പ്രസ്ഥാനം കേരളത്തില്‍ വീണ്ടും അധികാരത്തിലേക്ക് വരുന്നത് പല റെക്കോര്‍ഡുകളും കടപുഴക്കിയാണ്. 140ല്‍ 102 സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരം പിടിക്കുമ്പോള്‍ മത്സരിച്ച 27ല്‍ 22ഉം മിന്നും ജയം സ്വന്തമാക്കാന്‍ മുസ്്‌ലിംലീഗിനായി. മൂന്നിടത്ത് പരാജയപ്പെട്ടതാകട്ടെ ആകെ രണ്ടായിരം വോട്ടുകള്‍ക്ക് മാത്രം. അര ലക്ഷത്തിലേറെ ഭൂരിപക്ഷം നേടിയാണ് മുസ്്‌ലിംലീഗിന്റെ അഞ്ച് പേര്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

സംസ്ഥാനത്തെ ഒന്നാമത്തെ ഭൂരിപക്ഷം മലപ്പുറത്തിന്റെ സ്വന്തം കുഞ്ഞാപ്പയായ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കാണ്. 85327 എന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അതിന് ഒരുപാട് കഥകള്‍ പറയാനുണ്ട്്. കെ.കെ ശൈലജ 2021-ല്‍ മട്ടന്നൂരില്‍ നേടിയ 60,963 വോട്ടിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 1,31,632 വോട്ടാണ് പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥി കെ.ടി മുജീബ് റഹ്മാന് ആകെ കിട്ടിയത് 46,305 വോട്ടുകള്‍ മാത്രമാണ്. ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷവും മുസ്്‌ലിംലീഗിനാണ്. തിരൂരങ്ങാടിയില്‍ നിന്ന് ജയിച്ച പി.എം.എ സമീറിന്റെ ഭൂരിപക്ഷമാണ് കേരള ചരിത്രത്തിലെയും രണ്ടാം റാങ്ക് 63,387. അഡ്വ. എം. റഹ്മത്തുള്ള (മഞ്ചേരി) 57,887, ടി.പി. അഷ്‌റഫ് അലി (കൊണ്ടോട്ടി) 55,366, ടി.വി ഇബ്രാഹിം (വള്ളിക്കുന്ന്) 51,289 എന്നിവരും അര ലക്ഷം ഭൂരിപക്ഷം കടന്നു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടക്കല്‍) 49,340, മഞ്ഞളാംകുഴി അലി (മങ്കട) 45,609, പി.കെ. ബഷീര്‍ (ഏറനാട്) 41,289 എന്നിവരുടെ ഭൂരിപക്ഷവും ഞെട്ടിക്കുന്നതാണ്. മലപ്പുറം (12-ല്‍ 12), കോഴിക്കോട്(6-ല്‍-6), കാസര്‍കോഡ് (രണ്ടില്‍-രണ്ട്), പാലക്കാടും എറണാകുളവും (ഓരോന്ന് വീതം) നൂറു മേനി കൊയ്യാന്‍ മുസ്്‌ലിംലീഗിനായി.

കോണ്‍ഗ്രസ് തനിച്ച് 63 സീറ്റില്‍ ജയിച്ചപ്പോള്‍ മുസ്‌ലിം ലീഗ് 22 സീറ്റുകളിലും കേരള കോണ്‍ഗ്രസ് ഏഴു സീറ്റുകളിലും ആര്‍എ.സ്.പി മൂന്നു സിറ്റുകളിലും വിജയിച്ചു. സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോള്‍ സിപിഐക്ക് നേടാനായത് 8 സീറ്റ് മാത്രം. ആര്‍ജെഡി ഒരു സീറ്റ് നേടിയപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) സംപൂജ്യരായി. 82 മണ്ഡലങ്ങളില്‍ മത്സരിച്ച സി.പി.എം 26-ലാണ് വിജയിച്ചത് (32%). 27-ല്‍ മത്സരിച്ച മുസ്്‌ലിംലീഗ് 22ലും (81%) വെന്നിക്കൊടി പാറിച്ചു. ഇതിന് സമാനമാണ് തമിഴ്‌നാട്ടിലെയും വിജയം. മുസ്്‌ലിംലീഗ് ഉള്‍പ്പെട്ട ഡി.എം.കെ സഖ്യം അമ്പേ പരാജയപ്പെടുകയും തലവന്‍ സ്റ്റാലി ന്‍ ഉള്‍പ്പെടെ കടപുഴകുകയും ചെയ്തപ്പോഴും മത്സരിച്ച രണ്ടിടത്തും മുസ്്‌ലിംലീഗ് ഉജ്വല വിജയം നേടി. വാണിയമ്പാടിയില്‍ എസ്.എസ്.ബി ഫാ റൂഖ് ബാഷ 2982 വോട്ടിന്റെയും പാപനാശത്ത് എ.എം ഷാജഹാന്‍ 1065 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി മുസ്്‌ലിംലീഗ് എം.എല്‍.എമാര്‍ രണ്ടു ഡസനാവുമ്പോള്‍ ഇതാദ്യമായി അതിലൊരു വനിതയും ഉള്‍പ്പെടുന്നുവെന്നതും ചരിത്രമാണ്. വര്‍ഗീയതയുടെ വിഷപ്പൂട്ടും പൊളിച്ചാണ് പേരാമ്പ്ര അഡ്വ.ഫാത്തിമ തഹ്്‌ലിയ പിടിച്ചെടുത്തത്. എല്‍.ഡി.എഫ് ക ണ്‍വീനര്‍ ടി.പി രാമകൃഡഷ്ണനെ കന്നി മത്സരത്തില്‍ത്തന്നെ 5,087 വോട്ടിന്റെ ഭൂരിപക്ഷത്തിനാവര്‍ തോല്‍പ്പിച്ചത്. 55 വര്‍ഷത്തിനിടയില്‍ രണ്ടു തവണ മാത്രം യുഡിഎഫിനെ ജയിപ്പിച്ച മണ്ഡലമാണ് പേരാമ്പ്ര. 1970ല്‍ ഡോ.കെ.ജി. അടിയോടിയും 1977-ല്‍ കേരള കോണ്‍ഗ്രസിലെ ഡോ. കെ.സി.ജോസഫുമാണ് ഇവിടെ നിന്ന് മുമ്പ് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ഥികള്‍. 1977-ന് ശേഷം യുഡിഎഫിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്ന പേരാമ്പ്രയില്‍ നിന്ന്, യുഡിഎഫില്‍നിന്നു കേരള കോണ്‍ഗ്രസ് (എം) പിന്‍മാറിയതോടെയാണ് 2021-ല്‍ മുസ്‌ലിം ലീഗ് മത്സരിച്ചു തുടങ്ങിയത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനില്‍നിന്ന് കൗണ്‍സിലറായ ഫാത്തിമ തഹ്‌ലിയ പേരാമ്പ്രയിലെത്തയതോടെ ഖൗമിലെ കുട്ടിയും ജമാഅത്ത് ചാപ്പയും തുടങ്ങി അശ്ലീല പ്രചാരണം വരെ അഴിച്ചുവിട്ടു. രണ്ടു വനിതകളാണ് ഇത്തവണ മുസ്്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം നേടിയത്. കൂത്തുപറമ്പില്‍ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തഹ്‌ലിയയും. കൂത്തുപറമ്പില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി പി.കെ പ്രവീണിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജയന്തി രാജന്‍ 1286 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. 2021 ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.മോഹനന്‍ 9,541 വോട്ടിന് ജയിച്ച മണ്‍ലമാണിത്.

തിരുവമ്പാടി, കുറ്റ്യാടി. കോഴിക്കോട് സൗത്ത്, കുന്ദമംഗലം, താനൂര്‍, കളമശ്ശേരി സീറ്റുകള്‍ വലിയ ഭൂരിപക്ഷത്തില്‍ തിരിച്ചു പിടിച്ച മുസ്‌ലിംലീഗ് എല്ലാ സിറ്റിംഗ് സീറ്റുകളും ഭൂരിപക്ഷം പലമടങ്ങ് വര്‍ധിപ്പിച്ചാണ് നിലനിര്‍ത്തിയത്. 3/4 ഭൂരിപക്ഷത്തിന് മൂന്നു സീറ്റിന്റെ മാത്രം കുറവുമായി യു.ഡി.എഫ് മിന്നും ജയത്തോടെ അധികാരത്തില്‍ വരുമ്പോഴും മൂന്നു സീറ്റുകളുമായി ബി.ജെ.പി വീണ്ടും അകൗണ്ട് തുറന്ന ആശങ്കയുമുണ്ട്. സി.പി.എമ്മിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളിലാണ് (നേമം-രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടം-വി മുരളീധരന്‍, ചാത്തന്നൂര്‍-ബി.ബി ഗോപകുമാര്‍) ബി.ജെ.പിയുടെ വിജയം. എന്‍.ഡി.എ രണ്ടാം സ്ഥാനത്തെത്തിയ പാലക്കാട്ട് കോണ്‍ഗ്രസ്് കോട്ടകെട്ടിയപ്പോള്‍ ഉത്തര കേരളത്തില്‍ മുസ്്‌ലിംലീഗാണ് ബി.ജെ.പിയെ തറപറ്റിച്ചത്. മഞ്ചേശ്വരത്ത് 29252 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് ബി.ജെ.പി ഉന്നത നേതാവ് കെ സുരേന്ദ്രനെ മുസ്്‌ലിംലീഗിലെ എ.കെ.എം അഷ്‌റഫ് തോല്‍പ്പിച്ചപ്പോള്‍ കാസര്‍കോട്ട് മുസ്്‌ലിംലീഗിലെ കല്ലട്ര മായിന്‍ഹാജി 22698 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ എം.എല്‍ അശ്വിനിയെ തറപറ്റിച്ചത്. യഥാക്രമം 2021-ല്‍ 855 ഉം 12,901-ഉം വോട്ടുകളായിരുന്നു ഇവിടെ മുസ്്‌ലിംലീഗ് ഭൂരിപക്ഷം. 2021-ല്‍ 333 വോട്ടുകള്‍ക്ക് കുറ്റ്യാടി കൈവിട്ട പാറക്കല്‍ അബ്ദുല്ല 10922 വോട്ടുകള്‍ക്കാണ് മണ്ഡലം തിരിച്ചു പിടിച്ചത്. കഴിഞ്ഞ തവണ ഡോ.എം.കെ മുനീര്‍ 6,344 വോട്ടുകള്‍ക്ക് പിടിച്ചെടുത്ത കൊടുവള്ളിയില്‍ 36682 വോട്ടുകള്‍ക്കാണ് പി.കെ ഫിറോസിന്റെ വിജയം.

പുതിയ മണ്ഡല രൂപീകരണ ശേഷം എല്‍.ഡി.എഫ് കുത്തകയാക്കിയ കഴിഞ്ഞ തവണ 10276 വോട്ടുകള്‍ വിജയിച്ച് പി.ടി.എ റഹീം ഹാട്രിക്ക് നേടിയ കുന്ദമംഗലം 13313 വോട്ടുകള്‍ക്കാണ് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ പിടിച്ചെടുത്തത്. 2021-ല്‍ 4,643 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് വിജയിച്ച തിരുമ്പാടി സി.കെ കാസിം 6741 വോട്ടുകള്‍ക്കാണ് തിരിച്ചു പിടിച്ചത്. മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ അടിയറവ് പറയിച്ചാണ് കോഴിക്കോട് സൗത്തില്‍ 10795 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അഡ്വ.വി.കെ ഫൈസല്‍ ബാബുവിന്റെ ജയം. വേങ്ങരയില്‍ സി.പി.എം -എസ്.ഡി.പി.ഐ -ഷജറ കൂട്ടുകെട്ടിനെ പണച്ചാക്കില്‍ എഴുന്നള്ളിച്ചിട്ടും 30325 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ.എം ഷാജിയുടെ വിജയം. ഏറനാട്ടില്‍ നാലാം അങ്കത്തിനിറങ്ങിയ പി.കെ ബഷീര്‍ (കഴിഞ്ഞ തവണ 22,546) 41289 വോട്ടുകളുടെ കനത്ത ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൊണ്ടോട്ടിയില്‍ (2021ല്‍ 17,666) ടി.പി അഷ്‌റഫലിയുടെ വിജയം (ഭൂരിപക്ഷം 56017) എല്ലാ കണക്കുകൂട്ടലുകളെയും മറികടക്കുന്നതാണ്. വള്ളിക്കുന്നില്‍ ടി.വി ഇബ്രാഹീം 51289 വോട്ടുകളുടെ ഭൂരിപക്ഷം നേടുമ്പോള്‍ 2021ലെ 14,116 വോട്ടുകളുടെ ഭൂരിപക്ഷം പഴങ്കഥയായി. തുടര്‍ച്ചയായി രണ്ടു തവണ തോറ്റ മന്ത്രി മണ്ഡലമായ താനൂര്‍ 27131 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് തിരിച്ചു പിടിച്ചത്. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം റഹ്മത്തുല്ലയുടെ മഞ്ചേരിയിലെ (2021ല്‍ 14,573) 57887 വോട്ടുകളുടെ ഭൂരിപക്ഷം ആരെയും ഞെട്ടിക്കും.

പണച്ചാക്കിലേറെ തിരൂരിലെത്തിയ മന്ത്രി വി അബ്ദുറഹിമാനെ (2021ല്‍ 7,214) 24137 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുറുക്കോളി മൊയ്തീന്‍ അടിയറവ് പറയിച്ചത്. 2021ല്‍ പെരിന്തല്‍മണ്ണയില്‍ നേടിയ 38 വോട്ടുകളുടെ ഫോട്ടോഫിനിഷ് ജയം നേടിയ നജീബ് കാന്തപുരം 32431വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് മിന്നും ജയം സ്വന്തമാക്കിയത്. എല്‍.ഡി.എഫ് മുസ്്‌ലിംലീഗ് വിമതനെ പരീക്ഷിച്ച മങ്കടയില്‍ മഞ്ഞളാംകുഴി അലി (2021ല്‍ 6,246) 45609 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയം കൊയ്തു. മണ്ണാര്‍ക്കാട് വിസ്മയം തീര്‍ക്കുന്ന അഡ്വ.എന്‍ ഷംസുദ്ദീന്‍ (2021ല്‍ 5,870) കാല്‍ലക്ഷത്തിലേറെ (25903) വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിയമസഭാ ടിക്കറ്റ് സ്വന്തമാക്കിയത്. കളമശേരിയില്‍ സിറ്റിംഗ് അംഗമായ മന്ത്രി പി രാജീവിനെ 16312 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.ഇ അബ്ദുല്‍ ഗഫൂര്‍ തോല്‍പ്പിച്ചത്. കൂത്തുപറമ്പിലും (ജയന്തിരാജന്‍) ഗുരുവായൂരിലും (സി.എച്ച് റഷീദ്) അഴീക്കോടും (കരീം ചേലേരി) നേരിയ വോട്ടുകള്‍ക്ക് തോല്‍ക്കുന്നതും വിജയത്തോളം പോന്ന മികവോടെയാണ്.

ചരിത്രത്തിലേക്ക്
ചെവിയോര്‍ക്കുക
ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ മനുഷ്യന്റെ മൗലികാവകാശവും ദളിത് മുസ്്‌ലിം പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്ക് സമത്വം ഉറപ്പാക്കാനും പോരാട്ടം തുടങ്ങിയ വെച്ച മുസ്‌ലിംലീഗ് ഇന്നോളം നിയമ നിര്‍മ്മാണ സഭകളെ സഗൗരവം സമീപിച്ചിട്ടുണ്ട്. 14 അംഗങ്ങളാണ് ലീഗിന് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ മുസ്്‌ലിംലീഗിനുണ്ടായിരുന്നത്. സത്താര്‍ സേട്ടുസാഹിബ് പാക്കിസ്താന്റെ ഈജിപ്ത് അമ്പാസിഡറായി പോയ ഒഴിവിലാണ് ഖാഇദെമില്ലത്ത് ഇടംപിടിക്കുന്നത്. നാസറുദ്ദീന്‍ അഹമ്മദ് (പശ്ചിമബംഗാള്‍), ഇസ്മാഈല്‍ ചുന്ദ്രാഗര്‍ (ബോംബെ), തജ്മുല്‍ ഹുസൈന്‍ (ബിഹാര്‍), ബി പോക്കര്‍ സാഹിബ്, മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം, മഹ്ബൂബ് അലിബേഗ് (മദ്രാസ്), കെ.എം കരീമുദ്ദീന്‍ (സെന്‍ട്രല്‍ പ്രൊവിഡന്‍സ്), ചൗധരി മാലി മുഹമ്മദ്, മുഹമ്മദ് ഇസ്്മാഈല്‍ ഖാന്‍, ഇസഡ് എച്ച് ലാരി (യുനൈറ്റഡ് പ്രൊവിഡന്‍സ്), ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗംമായി മുഹമ്മദ് സഅദുല്ല (ആസാം) എന്നിവരാണ് ഭരണഘടനാ നിര്‍മാണ സഭയിലെ മുസ്‌ലിംലീഗിന്റെ അംഗങ്ങള്‍.

1948 മാര്‍ച്ച് 10ന് മദിരാശിയിലെ രാജാജി ഹാളില്‍ അഭിമാനകരമായ അസ്തിത്വത്തിന്റെ ഉണര്‍ത്ത് പാട്ടിന് ചെവി കൊടുത്ത പതിത പിന്നോക്ക ജനകോടികള്‍് നിയമനിര്‍മ്മാണ സഭകളിലേക്ക് ജാഗ്രതയോടെയാണ് അംഗങ്ങളെ തിരഞ്ഞെടുത്തയക്കുന്നത്. ഇന്ത്യയൊരു റിപ്പബ്ലിക്കായി, വോട്ടവകാശവും പൊതുമണ്ഡലവും നിലവില്‍ വന്ന ശേഷം രാജ്യത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ലോക്‌സഭയിലേക്ക് അംഗങ്ങളെ എത്തിക്കാന്‍ മുസ്‌ലിംലീഗിനായി. കേരളത്തില്‍ നിന്ന് എല്ലാ ലോക്‌സഭയിലേക്കും പ്രതിനിധികളെ വിജയിപ്പിച്ച ഏക പാര്‍ട്ടി മുസ്്‌ലിംലീഗാണ്.

1952ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ മുസ്്‌ലിം ലീഗ് വിജയിക്കൊടി പാറിച്ചെങ്കിലും അധികാര പങ്കാളിത്തത്തിന് ഏതാനും വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. ഒരു പഞ്ചായത്ത് അംഗം പോലുമാവില്ലെന്ന് പരിഹസിച്ചവര്‍ക്ക് മുമ്പില്‍ 1979 ഒക്ടോബര്‍ 12ന് മുഖ്യമന്ത്രിയും (സി.എച്ച് മുഹമ്മദ് കോയ), 2004 മെയ് 23ന് കേന്ദ്രമന്ത്രിയും (ഇ.അഹമ്മദ്) വരെ മുസ്്‌ലിംലീഗ് അംഗങ്ങളായി. കേരളത്തിലെ വിമോചന സമരത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-മുസ്്‌ലിംലീഗ്-പി.എസ്.പി സഖ്യം 1960ല്‍ അധികാരത്തിലേറിയെങ്കിലും ലീഗിന് മന്ത്രിസ്ഥാനം നിഷേധിച്ചു. എന്നാല്‍, സ്പീക്കര്‍ പദവി ലഭിച്ചു. അങ്ങിനെ, 1960 മാര്‍ച്ച് 12ന് സീതി സാഹിബിലൂടെ രാജ്യത്ത് മുസ്‌ലിംലീഗിന് ആദ്യ ഔദ്യോഗിക പദവി ലഭിച്ചു. വൈകാതെ മുസ്‌ലിംലീഗ് കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ സാനിധ്യമായി.

കേരളപ്പിറവിക്ക് ശേഷം നടന്ന 1957ലെ ആദ്യ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗിന് എട്ട് അംഗങ്ങളാണുണ്ടായത്. സി.എച്ച് മുഹമ്മദ് കോയ (താനൂര്‍), ചാക്കീരി അഹമ്മദ് കുട്ടി (കുറ്റിപ്പുറം), കെ ഹസ്സന്‍ ഗനി (മലപ്പുറം), എം.പി.എം അഹമ്മദ് കുരിക്കള്‍ (കൊണ്ടോട്ടി), കെ അവുക്കാദര്‍കുട്ടി നഹ (തിരൂരങ്ങാടി), മണ്ണിശ്ശേരി കെ.വി മുഹമ്മദ് (മങ്കട), എം ചടയന്‍ (മഞ്ചേരി-സംവരണം), കെ മൊയ്തീന്‍കുട്ടി എന്ന ബാവ ഹാജി (തിരൂര്‍). ലോക്‌സഭയിലേക്ക് ബി പോക്കര്‍ സാഹിബും (മഞ്ചേരി) വിജയിച്ചു. 1960ല്‍ കോണ്‍ഗ്രസ്സ്-പി.എസ്.പി എന്നിവയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ 12 ല്‍ 11 ഉം വിജയിച്ചു. കെ.എം സീതി സാഹിബ് (കുറ്റിപ്പുറം), സി.എച്ച് മുഹമ്മദ് കോയ (താനൂര്‍), വി.പി.സി തങ്ങള്‍ (പൊന്നാനി), എം.പി.എം അഹമ്മദ് കുരിക്കള്‍ (കൊണ്ടോട്ടി), കെ അവുക്കാദര്‍കുട്ടി നഹ (തിരൂരങ്ങാടി), ബി.വി സീതി തങ്ങള്‍ (അണ്ടത്തോട്), കെ ഹസ്സന്‍ ഗനി (മലപ്പുറം), അഡ്വ.പി അബ്ദുല്‍ മജീദ് (മങ്കട), എം ചടയന്‍ (മഞ്ചേരി), കെ മൊയ്തീന്‍കുട്ടി എന്ന ബാവഹാജി (തിരൂര്‍), ഹമീദലി ഷംനാട് (നാദാപുരം). സീതി സാഹിബും (1960 മാര്‍ച്ച് 12) അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സി.എച്ച് മുഹമ്മദ് കോയയും (1961 ജൂണ്‍ 9) സ്പീക്കറായി.

1962ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിന് തനിച്ച് നിന്ന് രണ്ടംഗങ്ങളെ ജയിപ്പിക്കാനായി: ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് (മഞ്ചേരി), സി.എച്ച് മുഹമ്മദ് കോയ (കോഴിക്കോട്). (1957ല്‍ പി.എസ്.പി സഖ്യമായിട്ടും ഒരാളെ വിജയിച്ചിരുന്നൊള്ളൂ). 1965ല്‍ മുസ്്‌ലിംലീഗ് 11 പേരെ വിജയിപ്പിച്ചെങ്കിലും ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സമ്മേളിച്ചില്ല. കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 1967ലെ സപ്തകക്ഷി മുന്നണിയില്‍ മത്സരിച്ച 15 ല്‍ 14 ഉം വിജയിച്ചു: സി.എച്ച് മുഹമ്മദ് കോയ (മങ്കട), കെ അവുക്കാദര്‍കുട്ടി നഹ(തിരൂരങ്ങാടി), ഡോ.സി.എം കുട്ടി (കുറ്റിപ്പുറം),സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ (കൊണ്ടോട്ടി), എം മൊയ്തീന്‍കുട്ടി ഹാജി (താനൂര്‍), കെ മൊയ്തീന്‍കുട്ടി ഹാജി എന്ന ബാവ ഹാജി (തിരൂര്‍), ഇ അഹമ്മദ് (കണ്ണൂര്‍), എം.പി.എം ജാഫര്‍ ഖാന്‍ (മട്ടാഞ്ചേരി), പി.എം അബൂബക്കര്‍ (കോഴിക്കോട്), എം ചടയന്‍ (മഞ്ചേരി), ബി.വി സീതി തങ്ങള്‍ (ഗുരുവായൂര്‍), പി.വി.സി തങ്ങള്‍ (പൊന്നാനി), എം ഹക്കീംജി (കഴക്കൂട്ടം). സി.എച്ച് മുഹമ്മദ് കോയയും എം.പി.എം അഹമ്മദ് കുരിക്കളും മന്ത്രിമാരായി.

അഴിമതി ആരോപണത്തെ തുടര്‍ന്ന് ഇ.എം.എസ് മന്ത്രി സഭയില്‍ നിന്ന് മുസ്്‌ലിംലീഗ് രാജിവെച്ചു. തുടര്‍ന്ന് അഴിമതി ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐയിലെ ടി.എ മജീദ് അവതരിപ്പിച്ച പ്രമേയം പാസായതോടെ ഇ.എം.എസ് നാണംകെട്ട് രാജിവെച്ചു. ബാഫഖി തങ്ങളുടെ ചടുല നീക്കത്തില്‍ എം.പിയായിരുന്ന അച്യുത മേനോന്‍ (1969 നവംബര്‍ 1) മുഖ്യമന്ത്രിയായി. സി.എച്ച് മുഹമ്മദ് കോയ (ആഭ്യന്തരവും വിദ്യാഭ്യാസവും), കെ അവുക്കാദര്‍കുട്ടി നഹ (പഞ്ചായത്ത് വകുപ്പ്) എന്നിവര്‍ മന്ത്രിമാരായി. 1970-ല്‍ മുസ്്‌ലിംലീഗ് 12 സീറ്റുകളില്‍ വിജയിച്ചു: സി.എച്ച് മുഹമ്മദ് കോയ (കൊണ്ടോട്ടി), കെ അവുക്കാദര്‍കുട്ടി നഹ (തിരൂരങ്ങാടി), സൈതുമ്മര്‍ ബാഫഖി തങ്ങള്‍ (താനൂര്‍), ചാക്കീരി അഹമ്മദ്കുട്ടി (കുറ്റിപ്പുറം). ബി.എം അബ്ദുറഹിമാന്‍ (കാസര്‍കോട്), എ.വി അബ്ദുറഹിമാന്‍ ഹാജി (മേപ്പയൂര്‍), പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങള്‍ (കുന്ദമംഗലം), കെ മൊയ്തീന്‍കുട്ടി എന്ന ബാവ ഹാജി (തിരൂര്‍), എം മൊയ്തീന്‍കുട്ടി ഹാജി (മങ്കട), യു.എ ബീരാന്‍ (മലപ്പുറം), കെ.പി രാമന്‍ (മഞ്ചേരി), കെ.കെ.എസ് തങ്ങള്‍ (പെരിന്തല്‍മണ്ണ). രണ്ടാം അച്യുതമേനോന്‍ മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ്‌കോയയും കെ അവുക്കാദര്‍കുട്ടി നഹയും അംഗങ്ങളായി. ഖാഇദെമില്ലത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സി.എച്ച് ലോക്‌സഭയിലേക്ക് പോയപ്പോള്‍ (1973) പകരം ചാക്കീരി അഹമ്മദ്കുട്ടി മന്ത്രിയായി.

1977 ല്‍ മുസ്്‌ലിംലീഗ് 13 സീറ്റുകള്‍ നേടി. സി.എച്ച് മുഹമ്മദ്‌കോയ (മലപ്പുറം), കെ അവുക്കാദര്‍കുട്ടി നഹ (തിരൂരങ്ങാടി), ചാക്കീരി അഹമ്മദ്കുട്ടി (കുറ്റിപ്പുറം), ടി.എ ഇബ്രാഹീം (കാസര്‍കോഡ്), പണാറത്ത് കുഞ്ഞമ്മദ് ഹാജി (മേപ്പയൂര്‍), ഇ അഹമ്മദ് (കൊടുവള്ളി), പി സീതിഹാജി (കൊണ്ടോട്ടി), എം.പി.എം അബ്ദുല്ലക്കുട്ടി കുരിക്കള്‍ (മഞ്ചേരി), യു.എ ബീരാന്‍ (താനൂര്‍), കെ.കെ.എസ് തങ്ങള്‍ (പെരിന്തല്‍മണ്ണ), കൊരമ്പയില്‍ അഹമ്മദ് ഹാജി (മങ്കട), പി.ടി കുഞ്ഞുട്ടി ഹാജി(തിരൂര്‍), ബി.വി സീതി തങ്ങള്‍ (ഗുരുവായൂര്‍). കെ കരുണാകരന്‍ മന്ത്രി സഭയില്‍ സി.എച്ച് മുഹമ്മദ് കോയയും കെ അവുക്കാദര്‍കുട്ടിനഹയും മന്ത്രിമാരായി. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട രാജന്‍ കേസില്‍ കെ കരുണാകരന്‍ രാജിവെച്ചപ്പോള്‍ എ.കെ ആന്റണിയും തുടര്‍ന്ന് സി.പി.ഐയിലെ പി.കെ വാസുദേവന്‍ നായരും മുഖ്യമന്ത്രിയായി. ഇഷ്ടദാന ബില്ലിന്റെ പേരില്‍ സി.പി.എം ചതിയില്‍പെട്ട് സി.പി.ഐ മുന്നണി വിട്ടപ്പോള്‍ സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി (1979 ഒക്ടോബര്‍ 12).

1980-ല്‍ മുസ്്‌ലിംലീഗ് 14 സീറ്റുകളില്‍ വിജയം: സി.എച്ച് മുഹമ്മദ്‌കോയ (മഞ്ചേരി), കെ അവുക്കാദര്‍കുട്ടി നഹ (തിരൂരങ്ങാടി), ഇ അഹമ്മദ് (താനൂര്‍), സി.ടി അഹമ്മദലി (കാസര്‍കോട്), പി.വി മുഹമ്മദ് (കൊടുവള്ളി), പി സീതിഹാജി (കൊണ്ടോട്ടി), യു.എ ബീരാന്‍ (മലപ്പുറം), പി.ടി കുഞ്ഞുട്ടി ഹാജി (തിരൂര്‍), കെ.പി.എ മജീദ് (മങ്കട), നാലകത്ത് സൂപ്പി (പെരിന്തല്‍മണ്ണ), കൊരമ്പയില്‍ അഹമ്മദ്ഹാജി (കുറ്റിപ്പുറം), എ.പി ഹംസ (മണ്ണാര്‍കാട്), ബി.വി സീതി തങ്ങള്‍ (ഗുരുവായൂര്‍), പി.എ മുഹമ്മദ് കണ്ണ് (തിരുവനന്തപുരം വെസ്റ്റ്). ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായെങ്കിലും വൈകാതെ താഴെവീണു. 1981 ഡിസംബര്‍ 28 ന് കെ കരുണാകരന്‍ മുഖ്യമന്ത്രിയും സി.എച്ച് മുഹമ്മദ് കോയ ഉപ മുഖ്യമന്ത്രിയുമായി.

1982-ലും മുസ്്‌ലിംലീഗ് 14 സീറ്റുകളില്‍ വിജയിച്ചു: സി.ടി അഹമ്മദലി (കാസര്‍കോട്), പി.വി മുഹമ്മദ് (കൊടുവള്ളി), കെ അവുക്കാദര്‍കുട്ടി നഹ (തിരൂരങ്ങാടി), പി സീതിഹാജി (കൊണ്ടോട്ടി), സി.എച്ച് മുഹമ്മദ് കോയ (മഞ്ചേരി), കെ.പി.എ മജീദ് (മങ്കട), നാലകത്ത് സൂപ്പി (പെരിന്തല്‍മണ്ണ), യു.എ ബീരാന്‍ (തിരൂര്‍), പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഇ അഹമ്മദ് (താനൂര്‍), കൊരമ്പയില്‍ അഹമ്മദ് ഹാജി (കുറ്റിപ്പുറം), പി.കെ.കെ ബാവ (ഗുരുവായൂര്‍), കെ.എം ഹംസകുഞ്ഞ് (മട്ടാഞ്ചേരി), പി.എ മുഹമ്മദ് കണ്ണ് (തിരുവവന്തപുരം വെസ്റ്റ്). കെ കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രി. സി.എച്ച് മുഹമ്മദ്‌കോയ ഉപ മുഖ്യമന്ത്രി. യു.എ ബീരാനും ഇ അഹമ്മദും മന്ത്രിമാരായി. സി.എച്ച് മുഹമ്മദ് കോയയുടെ (1983 സെപ്തംബര്‍ 28) വിയോഗത്തെ തുടര്‍ന്ന് കെ അവുക്കാദര്‍കുട്ടി നഹ ഉപ മുഖ്യമന്ത്രിയായി. മഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ എം.പി.എം ഇസ്്ഹാഖ് കുരിക്കള്‍ വിജയിച്ചു.

1987ല്‍ മുസ്്‌ലിംലീഗിന് 15 അംഗങ്ങള്‍: ചെര്‍ക്കളം അബ്ദുല്ല (മഞ്ചേശ്വരം), സി.ടി അഹമ്മദലി (കാസര്‍കോട്), പി.വി മുഹമ്മദ് (കൊടുവള്ളി), പി സീതിഹാജി (കൊണ്ടോട്ടി), പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), കെ.പി.എ മജീദ് (മങ്കട), നാലകത്ത് സൂപ്പി (പെരിന്തല്‍മണ്ണ), എം.പി.എം ഇസ്്ഹാഖ് കുരിക്കള്‍ (മഞ്ചേരി),കെ മൊയ്തീന്‍കുട്ടി എന്ന ബാവഹാജി (തിരൂര്‍), കൊരമ്പയില്‍ അഹമ്മദ്ഹാജി (കുറ്റിപ്പുറം), യു.എ ബീരാന്‍ (താനൂര്‍), സി.പി കുഞ്ഞാലിക്കുട്ടി കേയി (തിരൂരങ്ങാടി), കല്ലടി മുഹമ്മദ് (മണ്ണാര്‍ക്കാട്), പി.കെ.കെ ബാവ (ഗുരുവായൂര്‍), എം.ജെ സക്കരിയ്യാ സേട്ട് (മട്ടാഞ്ചേരി). മുസ്്‌ലിംലീഗിന് ഭരണം ലഭിച്ചില്ല. ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായി.

1991ല്‍ മുസ്്‌ലിംലീഗിന് 19 മണ്ഡലങ്ങളില്‍ വിജയം: ചെര്‍ക്കളം അബ്ദുല്ല (മഞ്ചേശ്വരം), സി.ടി അഹമ്മദലി (കാസര്‍കോട്), കെ.എം സൂപ്പി (പെരിങ്ങളം), ഡോ.എം.കെ മുനീര്‍ (കോഴിക്കോട് 2), പി.വി മുഹമ്മദ് (കൊടുവള്ളി), എ.വി അബ്ദുറഹിമാന്‍ ഹാജി (തിരുവമ്പാടി), കെ.കെ അബു (കൊണ്ടോട്ടി), എ യൂനുസ് കുഞ്ഞ് (മലപ്പുറം), എം.പി.എം ഇസ്്ഹാഖ് കുരിക്കള്‍ (മഞ്ചേരി), കെ.പി.എ മജീദ് (മങ്കട), നാലകത്ത് സൂപ്പി (പെരിന്തല്‍മണ്ണ), പി.കെ കുഞ്ഞാലിക്കുട്ടി (കുറ്റിപ്പുറം), ഇ.ടി മുഹമ്മദ് ബഷീര്‍ (തിരൂര്‍), യു.എ ബീരാന്‍ (തിരൂരങ്ങാടി), പി സീതിഹാജി (താനൂര്‍), കല്ലടി മുഹമ്മദ് (മണ്ണാര്‍ക്കാട്), പി.എം അബൂബക്കര്‍ (ഗുരുവായൂര്‍), പി.കെ.കെ ബാവ (ഇരവിപുരം), സക്കരിയ്യാ സേട്ട് (മട്ടാഞ്ചേരി). കെ കരുണാകരന്‍ മന്ത്രിസഭയില്‍ മുസ്്‌ലിംലീഗിനി നാല് അംഗങ്ങളും ഒരു ചീഫ് വിപ്പും: പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ.കെ ബാവ, സി.ടി അഹമ്മദലി. പി സീതിഹാജി ചീഫ് വിപ്പായി. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് കെ.പി.എ മജീദ് ചാഫ് വിപ്പ്. അവസാന ഒരു വര്‍ഷം എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴും ലീഗ് മന്ത്രിമാര്‍ തുടര്‍ന്നു.

1996ല്‍ മുസ്്‌ലിംലീഗിന് 13 അംഗങ്ങള്‍: ചെര്‍ക്കളം അബ്ദുല്ല (മഞ്ചേശ്വരം), സി.ടി അഹമ്മദലി (കാസര്‍കോട്), സി മോയിന്‍കുട്ടി (കൊടുവള്ളി), എ.വി അബ്ദുറഹിമാന്‍ ഹാജി (തിരുവമ്പാടി), പി.കെ.കെ ബാവ (കൊണ്ടോട്ടി), ഡോ.എം.കെ മുനീര്‍ (മലപ്പുറം), എം.പി.എം ഇസ്്ഹാഖ് കുരിക്കള്‍ (മഞ്ചേരി), കെ.പി.എ മജീദ് (മങ്കട), നാലകത്ത് സൂപ്പി (പെരിന്തല്‍മണ്ണ), പി.കെ കുഞ്ഞാലിക്കുട്ടി (കുറ്റിപ്പുറം), ഇ.ടി മുഹമ്മദ് ബഷീര്‍ (തിരൂര്‍), പി.കെ അബ്ദുറബ്ബ് (താനൂര്‍), കെ കുട്ടി അഹമ്മദ് കുട്ടി (തിരൂരങ്ങാടി). ഇ.കെ നായര്‍ മന്ത്രിസഭ അധികാരമേറ്റു. 2001ല്‍ മുസ്്‌ലിംലീഗിന് 17 അംഗങ്ങളെ ലഭിച്ചു: ചെര്‍ക്കളം അബ്ദുല്ല (മഞ്ചേശ്വരം), സി.ടി അഹമ്മദലി (കാസര്‍കോട്), സി മമ്മുട്ടി (കൊടുവള്ളി), സി മോയിന്‍കുട്ടി (തിരുവമ്പാടി), ടി.പി.എം സാഹിര്‍ (കോഴിക്കോട് 2), യു.സി രാമന്‍ (കുന്ദമംഗലം), ഡോ.എം.കെ മുനീര്‍ (മലപ്പുറം), എം.പി.എം ഇസ്്ഹാഖ് കുരിക്കള്‍ (മഞ്ചേരി), അഡ്വ.കെ.എന്‍.എ ഖാദര്‍ (കൊണ്ടോട്ടി), നാലകത്ത് സൂപ്പി (പെരിന്തല്‍മണ്ണ), പി.കെ കുഞ്ഞാലിക്കുട്ടി (കുറ്റിപ്പുറം), ഇ.ടി മുഹമ്മദ് ബഷീര്‍ (തിരൂര്‍), പി.കെ അബ്ദുറബ്ബ് (താനൂര്‍), കെ കുട്ടി അഹമ്മദ് കുട്ടി (തിരൂരങ്ങാടി), കളത്തില്‍ അബ്ദുള്ള (മണ്ണാര്‍കാട്), പി.കെ.കെ ബാവ (ഗുരുവായൂര്‍), വി.കെ ഇബ്രാഹീംകുഞ്ഞ് (മട്ടാഞ്ചേരി). എ.കെ ആന്റണി മന്ത്രിസഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, നാലകത്ത് സൂപ്പി, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ അംഗങ്ങള്‍. എ.കെ ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി (2004 ഓഗസ്റ്റ് 31) മുഖ്യമന്ത്രിയായപ്പോള്‍ ചെര്‍ക്കളത്തിനും സൂപ്പിക്കും പകരം ഇ.ടി മുഹമ്മദ് ബഷീര്‍, കെ കുട്ടി അഹമ്മദ് കുട്ടി എന്നിവര്‍ മന്ത്രിമാരായി. ആരോപണത്തെ തുടര്‍ന്ന് ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോള്‍ പകരം (2005 ജനുവരി 4) വി.കെ ഇബ്രാഹീം കുഞ്ഞ് മന്ത്രിയായി.

2006ല്‍ മുസ്്‌ലിംലീഗിന് പരീക്ഷണങ്ങളുടെ കാലമായതിനാല്‍ എട്ടു സീറ്റുകളില്‍ മാത്രമായിരുന്നു ജയം: സി.ടി അഹമ്മദലി (കാസര്‍കോട്), യു.സി രാമന്‍ (കുന്ദമംഗലം), കെ കുട്ടി അഹമ്മദ് കുട്ടി (തിരൂരങ്ങാടി), കെ മുഹമ്മദുണ്ണി ഹാജി (കൊണ്ടോട്ടി), പി.കെ അബ്ദുറബ്ബ് (മഞ്ചേരി), അഡ്വ.എം ഉമ്മര്‍ (മലപ്പുറം), അബ്ദുറഹിമാന്‍ രണ്ടത്താണി (താനൂര്‍), വി.കെ ഇബ്രാഹീം കുഞ്ഞ് (മട്ടാഞ്ചേരി). അപ്രതീക്ഷിത തിരിച്ചടിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി (കുറ്റിപ്പുറം) ഇ.ടി മുഹമ്മദ് ബഷീര്‍ (തിരൂര്‍), ഡോ.എം.കെ മുനീര്‍ (മങ്കട) തുടങ്ങിയ പ്രമുഖ നേതാക്കള്‍ തോറ്റു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി. 2011 ല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ മുസ്്‌ലിംലീഗ് 20 സീറ്റുകളില്‍ വിജയിച്ചു: പി.ബി അബ്ദുറസാഖ് (മഞ്ചേശ്വരം), എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്), കെ.എം ഷാജി (അഴീക്കോട്), ഡോ.എം.കെ മുനീര്‍ (കോഴിക്കോട് സൗത്ത്), വി.എം ഉമ്മര്‍ മാസ്റ്റര്‍ (കൊടുവള്ളി) സി മോയന്‍കുട്ടി (തിരുവമ്പാടി), കെ മുഹമ്മദുണ്ണി ഹാജി (കൊണ്ടോട്ടി), പി.കെ ബഷീര്‍ (ഏറനാട്), അഡ്വ.എം ഉമ്മര്‍ (മഞ്ചേരി), പി ഉബൈദുള്ള (മലപ്പുറം), ടി.എ അഹമ്മദ് കബീര്‍ (മങ്കട), സി മമ്മുട്ടി (തിരൂര്‍), പി.കെ കുഞ്ഞാലിക്കുട്ടി (വേങ്ങര), അഡ്വ.കെ.എന്‍.എ ഖാദര്‍ (വള്ളിക്കുന്ന്), മഞ്ഞളാംകുഴി അലി (പെരിന്തല്‍മണ്ണ), അബ്ദുറഹിമാന്‍ രണ്ടത്താണി (താനൂര്‍), പി.കെ അബ്ദുറബ്ബ് (തിരൂരങ്ങാടി), എം.പി അബ്ദുസമദ് സമദാനി (കോട്ടക്കല്‍), അഡ്വ.എന്‍ ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്), വി.കെ ഇബ്രാഹീംകുഞ്ഞ് (കളമശ്ശേരി). ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, വി.കെ ഇബ്രാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നീ അഞ്ചു പേര്‍ അംഗങ്ങളായി.
2016ല്‍ മുസ്്‌ലിംലീഗിന് 18 അംഗങ്ങളെ ലഭിച്ചു: പി.ബി അബ്ദുറസാഖ് (മഞ്ചേശ്വരം), എന്‍.എ നെല്ലിക്കുന്ന് (കാസര്‍കോട്), കെ.എം ഷാജി (അഴീക്കോട്), ഡോ.എം.കെ മുനീര്‍ (കോഴിക്കോട് സൗത്ത്), പാറക്കല്‍ അബ്ദുള്ള (കുറ്റിയാടി), പി.കെ ബഷീര്‍ (ഏറനാട്), അഡ്വ.എം ഉമ്മര്‍ (മഞ്ചേരി), പി ഉബൈദുള്ള (മലപ്പുറം), സി മമ്മുട്ടി (തിരൂര്‍), പി.കെ കുഞ്ഞാലിക്കുട്ടി (വേങ്ങര), ടി.എ അഹമ്മദ് കബീര്‍ (മങ്കട), അഡ്വ.എന്‍ ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്), വി.കെ ഇബ്രാഹീംകുഞ്ഞ് (കളമശ്ശേരി), ടി.വി ഇബ്രാഹീം (കൊണ്ടോട്ടി), പി അബ്ദുല്‍ ഹമീദ് (വള്ളിക്കുന്ന്), പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍(കോട്ടക്കല്‍), മഞ്ഞളാംകുഴി അലി (പെരിന്തല്‍മണ്ണ), പി.കെ അബ്ദുറബ്ബ് (തിരൂരങ്ങാടി). പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണമേറ്റു. പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭായിലേക്ക തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന വേങ്ങര ഉപ തിരഞ്ഞെടുപ്പില്‍ (2017) അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി. പി.ബി അബ്ദുറസാഖിന്റെ വിയോഗത്തെ തുടര്‍ന്ന് നടന്ന മഞ്ചേശ്വരം ഉപ തിരഞ്ഞെടുപ്പില്‍ (2018) എം.സി ഖമറുദ്ദീന്‍ തിരഞ്ഞെടുക്കപ്പെട്ടു.

2021ല്‍ 15 അംഗളെയാണ് മുസ്്‌ലിംലീഗിന് വിജയിപ്പിക്കാനായത്: എ.കെ.എം അഷ്‌റഫ് (മഞ്ചേശ്വരം), എന്‍.എ നെല്ലിക്കുന്ന് (കാസര്‍ഗോഡ്), ഡോ.എം.കെ മുനീര്‍ (കൊടുവള്ളി), ടി.വി ഇബ്രാഹിം (കൊണ്ടോട്ടി), പി.കെ ബഷീര്‍ (ഏറനാട്), അഡ്വ.യു.എ ലത്തീഫ് (മഞ്ചേരി), നജീബ് കാന്തപുരം (പെരിന്തല്‍മണ്ണ), മഞ്ഞളാംകുഴി അലി (മങ്കട), പി. ഉബൈദുല്ല (മലപ്പുറം), പി.കെ കുഞ്ഞാലിക്കുട്ടി (വേങ്ങര), പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ (വള്ളിക്കുന്ന്), കെ.പി.എ മജീദ് (തിരൂരങ്ങാടി), കുറുക്കോളി മൊയ്തീന്‍ (തിരൂര്‍), ആബിദ് ഹുസൈന്‍ തങ്ങള്‍ (കോട്ടക്കല്‍), അഡ്വ.എന്‍ ഷംസുദ്ദീന്‍ (മണ്ണാര്‍ക്കാട്).

പുതിയ കാലത്തെ
പുതിയ കുതിപ്പ്
1970ല്‍ മുസ്്‌ലിംലീഗിന് നാലു സംസ്ഥാനങ്ങളില്‍ നിന്നായി (കേരളം -14, തമിഴ്‌നാട് -3, മഹാരാഷ്ട്ര -1, പശ്ചിമബംഗാള്‍ -7) 25 എം.എല്‍.എമാരുണ്ടായിരുന്നു. പിന്നീട് 2011ല്‍ കേരളത്തില്‍ 20 എം.എല്‍.എമാര്‍ ലീഗിനുണ്ടായി. 1970ല്‍ ബംഗാളില്‍ ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിയും (എ.കെ ഹസനുസമാന്‍), രണ്ടു സഹമന്ത്രിമാരും മുസ്‌ലിംലീഗിനുണ്ടായതും അതേ വര്‍ഷമാണ്. മുക്കാല്‍ നൂറ്റാണ്ടിന്റെ വേളയില്‍ മൂന്ന് ലോക്‌സഭാംഗങ്ങളും (കേരളം-2, തമിഴ്‌നാട് 1), രണ്ടു രാജ്യസഭാംഗവും ഉള്‍പ്പെടെ അഞ്ച് പാര്‍ലമെന്റ് അംഗങ്ങളാണുള്ളത്. കേരളത്തില്‍ 15 എം.എല്‍.എമാരും പ്രതിപക്ഷ ഉപനേതൃപദവിയും തമിഴ്‌നാട്ടില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനും മുസ്‌ലിംലീഗിനുണ്ട്. ഒടുവില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മലപ്പുറവും (ഇ.ടി മുഹമ്മദ് ബഷീര്‍), രണ്ടര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് പൊന്നാനിയും (ഡോ.എം.പി അബ്ദുസമദ് സമദാനി) വിജയിച്ചത് മാത്രമല്ല, 20ല്‍ 18 സീറ്റുകളുടെ യു.ഡി.എഫിന്റെ മിന്നും ജയവും പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ യു.ഡി.എഫ് മുന്നേറ്റത്തില്‍ മുസ്്‌ലിംലീഗിന്റെ പങ്കും പ്രത്യാശാ നിര്‍ഭരമാണ്. തദ്ദേശ പത്തു ശതമാനത്തിലേറെ വോട്ട് വിഹിതം ലഭിച്ച പാര്‍ട്ടിക്ക് കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളാണുള്ളത്. ഇതാദ്യമായി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 14 ജില്ലകളിലും മെമ്പര്‍മാരുണ്ട് എന്നതാണ് ഇത്തവണ മുസ്്‌ലിംലീഗിന്റെ നേട്ടം. കഴിഞ്ഞ തവണ ഒരംഗം പോലുമില്ലാത്ത പത്തനംതിട്ട ജില്ല പോലും ഏഴ് അംഗങ്ങളുണ്ട്. 2248 ഗ്രാമ പഞ്ചായത്ത് അംഗങ്ങളും 300 ബ്ലോക്ക പഞ്ചായത്ത് അംഗങ്ങളും 51 ജില്ലാ പഞ്ചായത്ത് അംഗങ്ങളും 36 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് ഇത്തവണ മുസ്്‌ലിംലീഗിനുള്ളത്. 865 പുതിയ അംഗങ്ങളെ നേടാനായി എന്നതിനോടൊപ്പം കോണ്‍ഗ്രസ്സിനും സി.പി.എമ്മിനും തൊട്ടു പിറകെ മൂന്നാം സ്ഥാനത്താണ് മുസ്്‌ലിംലീഗ്. എല്ലാ ജില്ലകളിലും ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ അംഗങ്ങളുള്ള മുസ്്‌ലിംലീഗിന് ഒമ്പത് ജില്ലാ പഞ്ചായത്തുകളിലും അഞ്ച് കോര്‍പ്പറേഷനുകളിലും അംഗങ്ങ ളുണ്ട്.

ഇത്തവണ അസംബ്ലി തിരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയ മുസ്്‌ലിംലീഗ് സാരഥികള്‍ 22 ആണ്. എ.കെ.എം അഷ്‌റഫ് (മഞ്ചേശ്വരം), കല്ലട്ര മായിന്‍ ഹാജി (കാസര്‍ഗോഡ്), പാറക്കല്‍ അബ്ദുല്ല (കുറ്റിയാടി), ഫാത്തിമ തഹ്‌ലിയ (പേരാമ്പ്ര), പി.കെ ഫിറോസ് (കൊടുവള്ളി), സി.കെ കാസിം (തിരുവമ്പാടി), അഡ്വ. ഫൈസല്‍ ബാബു (.കോഴിക്കോട് സൗത്ത്), എം.എ റസാഖ് മാസ്റ്റര്‍ (കുന്ദമംഗലം), പി.കെ ബഷീര്‍ (ഏറനാട്), പി.കെ കുഞ്ഞാലിക്കുട്ടി (മലപ്പുറം), അഡ്വ.എം റഹ്മത്തുള്ള (മഞ്ചേരി), ടി.പി അഷ്‌റഫലി (കൊണ്ടോട്ടി), മഞ്ഞളാംകുഴി അലി (മങ്കട), നജീബ് കാന്തപുരം (പെരിന്തല്‍മണ്ണ), കെ.എം ഷാജി (വേങ്ങര), ടി.വി ഇബ്രാഹിം (വള്ളിക്കുന്ന്), പി.എം.എ സമീര്‍ (തിരൂരങ്ങാടി), കുറുക്കോളി മൊയ്തീന്‍ (തിരൂര്‍), പി.കെ നവാസ് (താനൂര്‍), അബിദ് ഹുസൈന്‍ തങ്ങള്‍ (കാട്ടക്കല്‍), അഡ്വ. എന്‍ ഷംസുദ്ദീന്‍ (.മണ്ണാര്‍ക്കാട്), വി.ഇ അബ്ദുല്‍ ഗഫൂര്‍ (കളമശ്ശേരി). ആത്മാഭിമാനം സ്ഫുരിക്കുന്ന ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ തത്തിക്കളിക്കുകയാണ്. മുസ്്‌ലിംലീഗിന് എത്ര മന്ത്രിമാരുണ്ടാവും. ഉപമുഖ്യമന്ത്രി ഉണ്ടാവുമോ.

രാഷ്ട്രീയ ശാക്തികരണത്തിലൂടെ ന്യൂനപക്ഷം അടയാളപ്പെടുത്തുമ്പോള്‍ ഉയരുന്നു നിലാവിന്റെ വഴിവിളക്കായി നക്ഷത്രാങ്കിത ഹരിതപതാക; ഉയരെ, ഉയരെ, ഉയരെ...