VOL 12 |
 Flip Pacha Online

വി ഡി രാഷ്ട്രീയം;

By: എമി ഷറഫലി

വി ഡി രാഷ്ട്രീയം;
ചേർത്ത് നിർത്തലിന്റെ പുഞ്ചിരിയും നയതന്ത്രജ്ഞതയുടെ കരുതിവെയ്പും കേരളത്തിന്റെ രാഷ്ട്രീയ പരിസ്ഥിതി എന്നും വസന്തങ്ങൾ മാറിമറിയുന്ന ഒരു വിസ്മയ ഭൂമിയാണ്. അവിടെ ജനവിശ്വാസത്തിന്റെ പുതിയൊരു സൂര്യോദയത്തിനാണ് വി.ഡി. സതീശൻ എന്ന ജനനായകന്റെ മുഖ്യമന്ത്രിപദവിയിലൂടെ വഴി ഒരുങ്ങിയത്. കഴിഞ്ഞ അഞ്ചുവർഷക്കാലം നിയമസഭയ്ക്കുള്ളിലും പുറത്തും അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ അദ്ദേഹം ഉയർത്തിയ ശബ്ദം കേവലം ഒരു പ്രതിപക്ഷ ശബ്ദമായിരുന്നില്ല, മറിച്ച് മാറ്റം കൊതിച്ച ഒരു ജനതയുടെ ഹൃദയമിടിപ്പായിരുന്നു.

ആ ഹൃദയമിടിപ്പാണ് ഭരണമേറ്റ്, യുവത്വത്തിന്റെ ആവേശവും വാർദ്ധക്യത്തിന്റെ തണലുമായി മാറിയിരിക്കുന്നത്. ​ഡിജിറ്റൽ യുഗത്തിന്റെ നവഭാവുകത്വങ്ങളിലേക്ക് കേരളം പരിവർത്തനം ചെയ്യപ്പെടുമ്പോൾ, അതിന്റെ ഏറ്റവും മനോഹരമായ അടയാളപ്പെടുത്തലായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് സൈബർ ലോകം ചാർത്തി നൽകിയ 'പൂക്കി സി.എം' (Pookie CM) എന്ന വിശേഷണം. Gen Z-യുടെ വശ്യമായ സ്നേഹ ത്തിന്റെ ഭാഷാ ചാതുര്യമായിരുന്നു അത്. ഭരണസിരകേന്ദ്രത്തിന്റെ ഇടനാഴികളിലേക്ക് അദ്ദേഹം പെയ്തിറങ്ങുമ്പോൾ, വെറും കൗതുകത്തിനപ്പുറം ഒരൊറ്റ ചിരി കൊണ്ട് ജനഹൃദയങ്ങളിലേക്ക് പാലമിട്ട ഒരു ഭരണാധികാരിയുടെ സരളതയുടെ വിളംബരമായി ആ പ്രതികരണം മാറുന്നു. പ്രസ് മീറ്റിലെ കനത്ത അന്തരീക്ഷത്തിൽ വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള യുവത്വത്തിന്റെ ചോദ്യത്തിന് നേരെ, വരുംവരായ്കകളുടെ കടുംപിടുത്തങ്ങളില്ലാതെ, ഒരു കണ്ണിറുക്കലിലൂടെയും സുതാര്യമായൊരു പുഞ്ചിരിയിലൂടെയും "ശരിയാക്കാം" എന്ന് അദ്ദേഹം നൽകിയ മറുപടി കേവലമൊരു അഭിനയമായിരുന്നില്ല; മറിച്ച്, അത് അധികാരത്തിന്റെ ഗൗരവക്കോട്ടകളെ ഉടച്ചുവാർത്ത കാപട്യമില്ലാത്ത ആർദ്രതയുടെ ആവിഷ്‌കാരമായിരുന്നു. മനഃശാസ്ത്രപരമായി വിശകലനം ചെയ്താൽ, ഉള്ളിൽ തികഞ്ഞ ആത്മവിശ്വാസവും സുരക്ഷിതത്വബോധവുമുള്ള ഒരു വ്യക്തിത്വംത്തിനു മാത്രമേ ക്യാമറകളുടെ പരുക്കൻ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ ഇത്രയേറെ സ്വാഭാവികമായും വാത്സല്യത്തോടെയും സ്വയം പ്രകാശിക്കാൻ സാധിക്കൂ.

​കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും ഭരണപരമായ അനിശ്ചിതത്വങ്ങളുടെയും കനൽവഴികളിലൂടെ കടന്നുപോകുമ്പോഴാണ് വി.ഡി. സതീശൻ സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. അധികാരമേറ്റയുടൻ തന്നെ, സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ അദ്ദേഹം കാണിച്ച ആർജ്ജവം ശ്രദ്ധേയമാണ്. മുൻകാലങ്ങളിലെ വീഴ്ചകൾ മൂടിവെക്കാതെ, ഭരണ സുതാര്യതയുടെ ആദ്യപടിയായി 5.07 ലക്ഷം കോടിയുടെ കടബാധ്യത വ്യക്തമാക്കുന്ന ധനകാര്യ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചതിലൂടെ താൻ വാക്കുകളിലല്ല, പ്രവൃത്തിയിലാണ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു. വരാനിരിക്കുന്ന ജൂൺ 19-ന്റെ പരിഷ്കരിച്ച പുതിയ ബജറ്റിലൂടെ ധനകാര്യ അച്ചടക്കം കർശനമാക്കാനും അനാവശ്യ ചിലവുകൾ നിയന്ത്രിക്കാനും കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമ്പോൾ തന്നെ ജനക്ഷേമ വാഗ്ദാനങ്ങൾ ഓരോന്നായി പൂട്ടഴിക്കുകയാണ് ഈ സർക്കാർ.
​ഭരണനിർവ്വഹണത്തിൽ വിപ്ലവകരമായ പ്രൊഫഷണലിസമാണ് അദ്ദേഹം കൊണ്ടുവരുന്നത്. ഫയൽ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സെക്രട്ടേറിയറ്റിൽ ഡിജിറ്റൽ പ്രോജക്ട് മോണിറ്ററിങ് സംവിധാനവും, ഇടനിലക്കാരില്ലാതെ പൊതുജനങ്ങൾക്ക് കാര്യങ്ങൾ സാധിച്ചെടുക്കാൻ നിയന്ത്രിത പബ്ലിക് ആക്സസ് സിസ്റ്റവും നടപ്പിലാക്കുന്നു. കനത്ത നഷ്ടത്തിൽ ഓടുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷനെ (സപ്ലൈകോ), വലിയ വരുമാനമുള്ള ബെവ്കോയുമായി (BEVCO) ലയിപ്പിക്കാനുള്ള തന്ത്രപരമായ നീക്കവും, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ രീതി (OPS) പുനഃസ്ഥാപിക്കാനുള്ള സമിതി രൂപീകരണവുമെല്ലാം പ്രായോഗിക ബുദ്ധിയുടെ തെളിവുകളാണ്.

​നവമാധ്യമങ്ങളിലെ റീൽ വസന്തങ്ങളിലെ ആ 'പൂക്കി' പ്രതികരണത്തിൽ ഒളിഞ്ഞിരിക്കുന്ന അടിസ്ഥാന സ്വഭാവത്തിന്റെ അതേ കരുതലാണ് കേരളത്തിൽ പുതുതായി രൂപംകൊണ്ട വയോജന ക്ഷേമ വകുപ്പിന്റെ കാര്യത്തിലും ഇന്ന് പ്രകടമാകുന്നത്. അതിവേഗം പ്രായമേറിക്കൊണ്ടിരിക്കുന്ന കേരളീയ ജനസംഖ്യയെ ഒരു ബാധ്യതയായി കാണാതെ, സമൂഹത്തിന്റെ ആസ്തിയായി കണ്ട് കേരളത്തെ ഒരു സിൽവർ ഇക്കോണമി (Silver Economy) ആക്കി മാറ്റുകയാണ് ഈ പ്രത്യേക വകുപ്പിലൂടെ ലക്ഷ്യമിടുന്നത്. മുൻപ് സാമൂഹികനീതി വകുപ്പിന്റെ ഒരു ചെറിയ ഭാഗമായിരുന്ന വയോജന ക്ഷേമത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ ഒരു വലിയ വകുപ്പാക്കി മാറ്റിയത് മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണമാണ്.

​മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ഏകാന്തത ഒഴിവാക്കാൻ ആധുനിക രീതിയിലുള്ള പകൽവീടുകൾ (സായാഹ്ന കേന്ദ്രങ്ങൾ) നിർമ്മിക്കുക, കിടപ്പിലായ വയോധികരെ പരിചരിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച കെയർ ടേക്കർമാരുടെ വയോമിത്രം കമ്മ്യൂണിറ്റി ഹോം കെയർ സംവിധാനം ഏർപ്പെടുത്തുക, ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക, ഒപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ വഴി അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ വകുപ്പിന്റെ കരുത്തുറ്റ ലക്ഷ്യങ്ങൾ. ഒരേസമയം പുതിയ തലമുറയുടെ പൾസ് തൊട്ടറിയുകയും, മറുപുറത്ത് കാഴ്ച മങ്ങുന്ന വയോജനങ്ങൾക്ക് സുരക്ഷിതത്വത്തിന്റെ കരുതലായി മാറുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയാണ്.

സ്ത്രീ ശാക്തീകരണത്തിലും അവരുടെ ആരോഗ്യ സുരക്ഷിതത്വത്തിലും വിട്ടുവീഴ്ചയില്ലാത്ത വലിയൊരു ചുവടുവെപ്പാണ് സതീശൻ സർക്കാർ നയരൂപീകരണങ്ങളിലൂടെ കാഴ്ചവെക്കുന്നത്. ഇതിൽ ഏറ്റവും വിപ്ലവകരവും ശ്രദ്ധേയവുമായ ഒന്നാണ് തൊഴിൽ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർത്തവാവധി (Menstrual Leave) ഉറപ്പാക്കാനുള്ള സർക്കാരിന്റെ ആലോചനകളും നയങ്ങളും. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും അവരുടെ അവകാശങ്ങളെയും പൂർണ്ണമായും മാനിക്കുന്ന ഒരു പുരോഗമന സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാൻ ഈ തീരുമാനം വഴിതുറക്കും.

ഇതിനൊപ്പം തന്നെ സാധാരണക്കാരായ സ്ത്രീകളുടെ സഞ്ചാര സൗകര്യങ്ങളോട് കൂട്ട് ചേർന്ന് ജൂൺ 15 മുതൽ പൊതുഗതാഗത ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്ന വിപ്ലവകരമായ ഇന്ദിരാ ഗ്യാരണ്ടി പദ്ധതിക്ക് തുടക്കമാവുകയാണ്. പദ്ധതിയുടെ പ്രവർത്തന രൂപരേഖ കൃത്യമായ പഠനത്തിന് ശേഷം നിലവിലെ സാമ്പത്തിക ഭദ്രതയുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കും. ആശാ വർക്കർമാരുടെ ഓണറേറിയം 3,000 രൂപയായും, അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ തുടങ്ങിയവരുടേത് 1,000 രൂപയായും വർദ്ധിപ്പിച്ചതും, പ്രൈമറി സ്കൂൾ അധ്യാപകരുടെ ശമ്പളം വർദ്ധിപ്പിച്ചതും താഴെത്തട്ടിലുള്ള ജനങ്ങളോടുള്ള ഈ സർക്കാരിന്റെ അടങ്ങാത്ത പ്രതിബദ്ധതയുടെ തെളിവാണ്. ക്ഷേമ പെൻഷനുകൾ ഘട്ടം ഘട്ടമായി 3,000 രൂപയാക്കി ഉയർത്താനുള്ള പ്രഖ്യാപനവും, അഞ്ച് വർഷം കൊണ്ട് അഞ്ച് ലക്ഷം പേർക്ക് വീട് നൽകുന്ന ഭവന പദ്ധതിയും ജനപക്ഷത്തുനിന്നുള്ള ഭരണത്തിന്റെ നേർക്കാഴ്ചകളാണ്.

വികസനങ്ങൾ ​വെറും കോൺക്രീറ്റ് സൗധങ്ങൾ കെട്ടിപ്പൊക്കലല്ല, മറിച്ച് പ്രകൃതിയെയും മനുഷ്യനെയും ചേർത്തുവെക്കുന്ന സുസ്ഥിര വികസനം കൊണ്ടുവരികയാണ് നാടിനാവശ്യമെന്ന് അദ്ദേഹം അടിവരയിടുന്നു. വയനാട് തുരങ്കപാത ഉൾപ്പെടെയുള്ള വൻകിട പദ്ധതികളിൽ കൃത്യമായ പാരിസ്ഥിതികാഘാത പഠനം വേണമെന്ന അദ്ദേഹത്തിന്റെ കടുപ്പമേറിയ നിലപാട്, വരുംതലമുറയോടുള്ള കരുതലാണ് വ്യക്തമാക്കുന്നത്. വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന ഈ ദീർഘവീക്ഷണം അദ്ദേഹത്തെ ഒരു നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് ധാരയിലേക്ക് ഉയർത്തുന്നു. ഉന്നത വിദ്യാഭ്യാസ രംഗം നവീകരിച്ച് വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാനും, കേരളത്തെ ആഗോള മെഡിക്കൽ ടൂറിസം ഹബ്ബാക്കി മാറ്റാനുമുള്ള ദീർഘകാല പദ്ധതികളും ഇതിനകം തുടങ്ങിക്കഴിഞ്ഞു.

വാഗ്ദാനങ്ങളുടെ പെരുമഴക്കാലമല്ല, മറിച്ച് പ്രായോഗിക ബുദ്ധിയും സുതാര്യതയും ഒത്തുചേരുന്ന ഒരു പുതിയ ഭരണസംസ്കാരത്തിനാണ് വി.ഡി. സതീശൻ മന്ത്രിസഭ തുടക്കം കുറിച്ചിരിക്കുന്നത്. തങ്ങളുടെ പ്രഖ്യാപനങ്ങൾ വെറുമൊരു വിനോദമല്ല മറിച്ച് മനുഷ്യരെയും അവരുടെ ആവശ്യങ്ങളെയും നെഞ്ചേറ്റാൻ തയ്യാറുള്ള ഒരു പുതിയ രാഷ്ട്രീയ ശൈലിയുടെ ഉറപ്പാണ്. അവ ജനങ്ങൾക്കിടയിലുണ്ടാക്കിയ ആവേശവും പുതുതായി വന്ന വയോജന വകുപ്പിലൂടെയും ആർത്തവാവധി പോലുള്ള സ്ത്രീസൗഹൃദ നയങ്ങളിലൂടെയും ജനങ്ങൾക്ക് നൽകുന്ന സുരക്ഷിതത്വവും കേരള രാഷ്ട്രീയത്തിൽ വി. ഡി. സതീശൻ എന്ന ജനകീയ നായകനെ കൂടുതൽ പ്രിയങ്കരനാക്കുകയാണ്.
​മാറ്റത്തിന്റെ പുതിയ കാറ്റിലേറി, ജനങ്ങളുടെ പൾസ് അറിഞ്ഞ് ഭരണത്തിലേറിയ വി.ഡി. സതീശൻ മന്ത്രിസഭയ്ക്ക് നവകേരള നിർമ്മിതിയുടെ ഈ പാതയിൽ എല്ലാവിധ ആശംസകളും നേരുന്നു. പരമ്പരാഗത ശൈലികളിൽ നിന്ന് മാറി, വയോജന ക്ഷേമവും സ്ത്രീ ശാക്തീകരണവും ഉൾപ്പെടെയുള്ള മേഖലകളിൽ സർക്കാർ കൊണ്ടുവന്ന നവീനമായ നയങ്ങളും പ്രഖ്യാപനങ്ങളും തികച്ചും അഭിനന്ദനാർഹമാണ്. യുവത്വത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകേകാനും, പുതിയ നയങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും വാർദ്ധക്യത്തിന്റെ ആകുലതകൾക്ക് കാവലാകാനും വരും തലമുറയ്ക്ക് കരുത്താവാനും ഈ സർക്കാരിന് സാധിക്കട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ