VOL 12 |
 Flip Pacha Online

സി.പി.എം ട്രോജൻ കുതിരകൾ പടിയിറങ്ങുന്നു

By: മുസ്തഫ വാക്കാലൂർ

സി.പി.എം ട്രോജൻ കുതിരകൾ പടിയിറങ്ങുന്നു
കെ.ടി ജലീൽ, പി.ടി.എ റഹീം, വി. അബ്ദുറഹ്മാൻ എന്നീ ട്രോജൻ കുതിരകൾ (Trojan Horses) നിയമസഭാ തെരെഞ്ഞെടുപ്പിൽ വീണു. ഇതേപടി തുടർന്നാൽ ഇനിയവർക്ക് രാഷ്ട്രീയ ഭാവിയുണ്ടാവില്ല. അവർ രാഷ്ട്രീയമെന്ന പേരിൽ നടത്തിവന്നിരുന്നത് ദല്ലാൾ പണിയായിരുന്നു. മാർക്സിസ്റ്റ് പാർട്ടിക്കുവേണ്ടി വോട്ടുചെയ്യുന്ന കേവല സമൂഹമാക്കി മുസ്ലിം സമുദായത്തെ ശന്ധീകരിക്കുക എന്ന ജോലി ഏൽപ്പിക്കപ്പെട്ടവരായിരുന്നു. കൂടാതെ, മുസ്ലിം സമുദായത്തിൽനിന്ന് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ദുഷ്ചെയ്തികൾക്കെതിരെ വിമർശനമുയരുമ്പോൾ അതിനെ പ്രതിരോധിക്കുന്ന ചുമതലയും ഇവർക്കായിരുന്നു. നേരത്തെയിത് ടി.കെ ഹംസ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളായിരുന്നു. പിന്നീട് കാൽ നൂറ്റാണ്ടായിട്ട് ഈ ട്രോജൻ കുതിരകളിൽ വിശ്വാസമർപ്പിച്ച് വരികയായിരുന്നു സി.പി.എം. അതിനാണിപ്പോൾ അന്ത്യമായിരിക്കുന്നത്.

പത്ത് വർഷം പിണറായിഭരണം തുടർന്നുവെന്നതാണ് ഇപ്പോഴെങ്കിലും ഈ കരിങ്കാലി പുറംകരാർ അവസാനിപ്പിക്കപ്പെടാൻ കാരണമായത്. ജലീലും ഭാര്യയും അവസാനം പാർട്ടി മെമ്പർമാരാകുന്നത് മറ്റു പോംവഴികൾ അടഞ്ഞതിനാലാണ്. മറ്റുള്ളവർക്കും ഇതേപാത പിന്തുടരേണ്ടിയും വരും. ട്രോജൻ യുദ്ധത്തിൽ ട്രോയ് പട്ടണത്തെ കീഴ്‌പ്പെടുത്താൻ ഗ്രീക്ക് സൈന്യം ഉപയോഗിച്ച വഞ്ചനാപരമായ സൈനിക തന്ത്രത്തിന്റെ ഭാഗമായിരുന്നു ട്രോജൻ കുതിരയുടെ ആവിർഭാവത്തിന് നിമിത്തമായത്. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം മുതൽ മലബാറിലെ മുസ്ലിംകൾ സമാഹരിച്ച രാഷ്ട്രീയ സാമാജികതയുടെ ആശയധാരയെക്കുറിച്ച് ധാരണയില്ലാത്ത, സമുദായത്തിനകത്തെ ചില വിഭാഗങ്ങൾക്കുള്ളിൽ ഉരുവംകൊണ്ട പാരമ്പര്യബദ്ധമല്ലാത്ത നിരുത്തരവാദ പ്രവണതകളാണ് ഇത്തരം എജെന്റുകളെ സമർത്ഥമായി ഉപയോഗിക്കുവാൻ സി.പി.എമ്മിനെ പ്രചോദിപ്പിച്ചിട്ടുണ്ടാവുക.

കമ്മ്യൂണിസം ആഗോളതലത്തിൽ പയറ്റിവരുന്ന പ്രത്യയശാസ്ത്രായുധം തന്നെയാണ് നുഴഞ്ഞുകയറ്റങ്ങൾ. അതുപക്ഷെ സായുധമായും ശാരീരികമായുമുള്ള ശത്രുവിന്റെ ഉന്മൂലനത്തിനാണ് ഉപയോഗിച്ചിരുന്നത്. കമ്മ്യൂണിസത്തിന് ജനാധിപത്യത്തിൽ പ്രവർത്തിപരിചയമുള്ളത് ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളിൽ മാത്രമാണല്ലോ. തത്വശാസ്ത്രപരമായി നോക്കുമ്പോൾ കമ്മ്യൂണിസത്തിന് ലക്ഷ്യമാണ് പ്രധാനം, മാർഗം എത്ര നികൃഷ്ടവുമാകാം. അതുകൊണ്ട് തന്നെ മുസ്ലിം സംഘശക്തിയെ ഭിന്നിപ്പിക്കാനും അവരുടെ കോട്ടകൾ പിടിച്ചെടുക്കുവാനും സമയാസമയങ്ങളിൽ ഇത്തരം ട്രോജൻ കുതിരകളെ കണ്ടെത്തുമെന്ന് മാത്രമല്ല, സാമൂഹിക ഭവിഷ്യത്തിനെക്കുറിച്ച് ഭയാശങ്കകളില്ലാതെ എത്ര ഹീനമായ വർഗീയ ദുഷ്പ്രചരണവും അഴിച്ചുവിടും. ഇതുരണ്ടും ഒരു ദശകമായി അക്ഷീണം പയറ്റിയതിന്റെ ദുരന്തം കേരളീയ സമൂഹത്തിൽ അത്ര ചെറുതായിരുന്നില്ല.

ലീഗിനകത്ത് പ്രവർത്തിക്കവേ സ്വന്തം അഹന്തക്ക് പാർട്ടിയേക്കാൾ വലിപ്പമുണ്ടെന്ന് തോന്നിത്തുടങ്ങുന്ന അവസരത്തിലാണ് ജലീലിനെപ്പോലെയുള്ള ഇരകളെ സി.പി.എം സമീപിക്കുകയും ഡീൽ ഉറപ്പിക്കുകയും ചെയ്യുക. മലപ്പുറം ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുകയാണ് ആദ്യപടി. ജയിച്ചാൽ എത്ര തവണ കൂടി പരിഗണിക്കുമെന്നും മന്ത്രിസ്ഥാനം അടക്കമുള്ള കാര്യങ്ങളും, തോറ്റാൽ പിന്നീടെന്ത് എന്നതും എല്ലാം ഡീലിന്റെ ഭാഗമാണ്. രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് അത് തന്നെ ധാരാളമാണല്ലോ. തങ്ങളുടെ സമുദായത്തിന്റെ താൽപര്യങ്ങൾക്ക് അവരുടെ ഈ ചെയ്തി കാരണമായി സംഭവിക്കുന്ന ക്ഷതങ്ങളെ കുറിച്ചോ മത സൗഹാർദ്ദങ്ങൾക്കേൽക്കുന്ന ഹാനിയെക്കുറിച്ചോ ഇവർക്ക് ഒന്നുമറിഞ്ഞുകൂടാ; അല്ലെങ്കിൽ അറിഞ്ഞില്ലെന്നു മട്ടിൽ അഭിനയിക്കും. ഒരുതരം കൂട്ടിക്കൊടുപ്പ് സംസ്‌കാരമാണ് ഇതിലൂടെ കമ്മ്യൂണിസം പ്രോത്സാഹിപ്പിച്ചതെന്ന് പറയാതെ വയ്യ.

മുസ്ലിം സമുദായത്തോട് മാത്രമാണ് ഈ അസ്പൃശ്യതാനിലപാട് എന്നുമോർക്കുക. ലീഗിന് തീവ്രത കുറവായതിന്റെ പേരിൽ ഐ.എൻ.എൽ രുപീകരിക്കാൻ സർവ്വാത്മനാ പിന്തുണ നൽകിയെങ്കിലും കാൽ നൂറ്റാണ്ട് കാലം അവരെ മുന്നണിയിൽ എടുത്തില്ല. പി.ഡി.പിയെ കൂടെക്കൂട്ടി വെറുപ്പിന്റെ വോട്ടുകൾ വാങ്ങി വെച്ചതല്ലാതെ പകരമൊന്നും അവർക്കും നൽകിയില്ല. ഈ തെരെഞ്ഞെടുപ്പിൽ പ്രത്യേകിച്ചൊരു നേട്ടവും അവകാശപ്പെടാനില്ലാതെ തന്നെ എസ്.ഡി.പി.ഐ ഇടതുപക്ഷത്തിന് പിന്തുണയേകി. ചില മുസ്ലിം മത സംഘടനകൾക്കകത്തെ അർബുദ സെല്ലുകളെ പ്രത്യേക മാർഗങ്ങളിലൂടെ സ്വാധീനിച്ചും മോഹിപ്പിച്ചും വലയിലാക്കുക. പരസ്യപ്പലകകളിലൂടെ 'ഒപ്പം' ആണെന്ന് ധ്വനിപ്പിക്കുക. ഇത്രയുമൊക്കെ ചെയ്‌താൽ ഈ സമുദായം തൃപ്തരാകുമെന്നും അവരുടെ വോട്ട് ഇടത് പെട്ടിയിൽ വീഴ്ത്താമെന്നും വിദഗ്ദോപദേശം നൽകുകയാണ് ലീഗ് വിട്ടുപോകുന്ന കോടാലിക്കൈകൾ ചെയ്തുകൊണ്ടിരുന്നത്.

എന്നാൽ കുറച്ചെന്തെങ്കിലും കിട്ടിയത് ട്രോജൻ കുതിരകൾക്ക് മാത്രമാണ്. കമ്മ്യൂണിസത്തിന്റെ ഈ മുസ്ലിം വിരുദ്ധ മനോഭാവം തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ഇത്തവണ മലബാറിൽ പാർട്ടി കടപുഴകിയത്. ജലീൽ-റഹീം-ഹംസാതികൾക്ക് മാത്രമല്ല സി.പി.എം എന്ന പാർട്ടിക്ക് തന്നെയും വീണ്ടുവിചാരം നൽകേണ്ടുന്ന ജനവിധിയാണ് കടന്നുപോയത്. സി.പി.എമ്മിലെ ജനാധിപത്യ വിശ്വാസികളും മുസ്ലിം സമുദായത്തിലെ 'പ്രോത്സാഹന കമ്മറ്റി'കളും പൊതുസമൂഹവും ഈ പ്രവണതക്കെതിരെ ജാഗ്രത പുലർത്തണം. ഇത് രാഷ്ട്രീയ പ്രവർത്തനമേയല്ല. ഒരു ആദർശത്തേക്കാൾ മറ്റൊരാദർശം മികച്ചതായതിന്റെ പേരിലോ, സമാന ആദർശങ്ങളിൽ കൂടുതൽ പരിഗണന കിട്ടുന്നതിനാലോ അല്ല വളയമില്ലാതെയുള്ള ഈ ചാട്ടം. ശിഷ്ടകാലമത്രയും 'ഇടത് സഹയാത്രികൻ' എന്ന ഐഡന്റിറ്റി കാർഡ് മാത്രമാണ് ഇവർക്കുണ്ടാവുക.

ഒരു പാർട്ടിയുടെയും അംഗത്വമിവരെടുക്കില്ല, സി.പി.എം കൊടുക്കില്ല. അതുകൊണ്ട് തന്നെ പാർട്ടി വിപ്പൊന്നും ഇവർക്ക് ബാധകമല്ല. ഇവരെ അധികാരക്കസേരയിലിരുത്തിയാൽ സൂത്രത്തിൽ സ്വജനപക്ഷപാതം കാണിക്കും, അഴിമതി നടത്തും, കള്ളക്കടത്തിന് ഒത്താശ ചെയ്യും. പുറത്തുള്ള അഴിമതി വീരന്മാർക്ക് സംസ്ഥാനത്തിന്റെ സ്വത്തുവഹകൾ ചുളുവിലക്ക് വിറ്റുതുലക്കും. ജലീലും അബ്ദുറഹ്‌മാനും ചേർന്ന് ചെയ്തുകൂട്ടിയ അഴിമതികളും സ്വജനപക്ഷ കൊള്ളകളും പഠിക്കേണ്ട വിഷയമാണ്. അരമന്ത്രി ലഭിച്ച ഐ.എൻ.എല്ലും ഇതേ മാതൃകയിൽ പി.എസ്.സിയിലും മറ്റും താന്തോന്നിത്തരം നടത്തി. അഴിമതി ഓഹരി വെപ്പിന്റെ കാര്യത്തിൽ ആ പാർട്ടി പിളർന്നത് നമ്മൾ കണ്ടു.

അവർക്കാർക്കും ആരോടും കണക്കു പറയാനുള്ള ബാദ്ധ്യതയില്ല, ധാർമ്മികോത്തരവാദിത്വമോ പാർട്ടിതല ഇടപെടലോ ഭയക്കേണ്ടതില്ല. അദ്ദേഹം ന്യുനപക്ഷ മന്ത്രിയായിരിക്കെ പിതൃസഹോദരന്റെ പുത്രനെ ആ വകുപ്പിലെ ഉന്നത സ്ഥാനത്ത് നിയമിക്കാൻ മന്ത്രിസഭ നേരത്തേയുണ്ടാക്കിയ തസ്തികാ മാനദണ്ഡങ്ങളിൽ വരെ വെള്ളം ചേർത്തു. കേരളത്തിന്റെ ഭരണ സംവിധാനം, പൊതു സ്വത്ത്, ജനതയുടെ സർക്കാറിനോടുള്ള വിശ്വാസ്യത എന്നിവയൊക്കെ അപ്പൂപ്പൻതാടിപോലെ വലിച്ചെറിയാൻ പാകത്തിൽ ഇത്തരമാളുകൾക്ക് പ്രചോദനമാകുന്ന സ്ഥിതിവിശേഷം സംജാതമാക്കിയത് സി.പി.എം ആണ്. കാലം അതിന് കണക്ക് ചോദിച്ചിരിക്കുകയാണ്.

ജലീലിനെ തവനൂർ മണ്ഡലത്തിൽ നിന്നും 2006 മുതൽ നാല് തവണ 'സഹ യാത്രികനാ’യി നിയമസഭയിലെത്തിച്ചു. ഒരു തവണ മന്ത്രിയുമാക്കി. തവനൂരിൽ മാത്രമല്ല ഇഹലോകത്തും പരലോകത്തും തന്നെ തോൽപ്പിക്കാൻ ആവില്ലെന്ന വെല്ലുവിളി ജനം ഏറ്റെടുത്തപ്പോൾ സുൽത്താൻ നിലംപൊത്തി. വി. അബ്ദുറഹിമാൻ 2016 മുതൽ രണ്ട് തവണ എം.എൽ.എയും ഒരു തവണ മന്ത്രിയുമായി. പി.ടി.എ റഹീമിനെ നാല് തവണ എം.എൽ.എ ആക്കി. മൂന്ന് തവണ വിജയിച്ച കുന്നമംഗലത്തു നിന്നും ഈ തെരെഞ്ഞെടുപ്പിൽ പരാജയം രുചിച്ചു. കെ.എസ് ഹംസയെ പൊന്നാനി പാർലമെന്റ് പിടിക്കാൻ നിയോഗിച്ചു, എട്ടുനിലയിൽ പൊട്ടി. മുസ്ലിം ലീഗിനുള്ളിലിരുന്ന് കൈരളിക്കും മറ്റും വാർത്തകൾ ചോർത്തി നൽകിയ സേവനത്തിന് പ്രത്യുപകാരമായി വഖഫ് ചെയർമാൻ സ്ഥാനം നൽകി.

ലീഗിനെതിരെ രൂപം കൊണ്ട എല്ലാ വിമത സംവിധാനങ്ങളെയും സി.പി.എം ഏറ്റെടുത്തു. മുസ്ലിം ലീഗിനെതിരെ പ്രോഗ്രസ്സിവ് ലീഗ്, എം.ഡി.പി, പി.ഡി.പി, ഐ.എൻ.എൽ, ഒടുക്കം എസ്.ഡി.പി.ഐ വരേയ്ക്കും രൂപീകരിക്കുന്നതിൽ സി.പി.എം കാർമ്മികത്വം വഹിച്ചു. ട്രോജൻ കുതിരകളെ മുന്നിൽ നിർത്തിക്കൊ ണ്ടോ വിമത സ്വരങ്ങൾക്ക് ആദർശക്കുപ്പായമിടുവിച്ച് സംഘടനാ ചട്ടക്കൂട് സംവിധാനിച്ച് ഗോദയിൽ ഇറക്കിയത് കൊണ്ടോ മലബാറിൽ ലീഗിനെ തോൽപ്പിക്കാൻ ആവില്ല. മുസ്ലിം സമുദായത്തെ പിന്നിൽനിന്ന് കുത്തിയാൽ സി.പി.എം ഇന്നനുഭവിച്ചതിനേക്കാൾ വേദനാജനകമായ പരാജയം വീണ്ടും രുചിക്കുകതന്നെ ചെയ്യും.

ആയതിനാൽ, കുൽസിത മാർഗങ്ങളിലൂടെ മുസ്ലിം രാഷ്ട്രീയ ബോധത്തെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന സി.പി.എം കർമ്മപദ്ധതി അവസാനിപ്പിക്കുക. ക്രിയാത്മകവും സർഗാത്മകവുമായി ഇടപെടുകയും ആത്മാർത്ഥമായി സാമൂഹിക-രാഷ്ട്രീയ നൈതികതയെ അംഗീകരിക്കുകയും ചെയ്യുക. കമ്മ്യൂണിസം ഒരു ആദർശ പ്രസ്ഥാനമാണ്. അതുമായി പുലബന്ധം പോലും ഇല്ലാത്ത ഇത്തരം ഇത്തിൾകണ്ണികൾക്ക് വളാരാനുള്ള വളവും വെള്ളവും നൽകിയാൽ സി.പി.എം എന്ന വന്മരത്തിന്റെ കാതൽ പൂതലാകും. പഴയ കാല കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്തരം ജീർണ്ണതകൾക്കെതിരെ പ്രതിഷേധിക്കും. ലെനിനിസ്റ്റ് മാർഗത്തിലൂടെ തിരുത്താൻ ശ്രമിക്കും. എന്നാൽ കഴിഞ്ഞ ഒരു ദശകത്തിലധികം കാലം പാർട്ടിയിൽ സമ്പൂർണ്ണ ഏകാധിപത്യയായിരുന്നു. ജനമതിനെ 'പിണറായിസം' എന്ന് വിളിച്ചു.

തങ്ങൾ നിസ്സഹായരാണെന്ന് പതിയെ പാർട്ടി അണികൾക്കും മനസ്സിലായി. അവസാനം ജനവും പാർട്ടി അണികളും ചേർന്നൊരുക്കിയ ശവമഞ്ചത്തിലേറിയത് പിണറായിസം മാത്രമല്ല, പാർട്ടി താലോലിച്ചു പോന്ന ട്രോജൻ കുതിരകളുമാണ്. അവർക്കിനി ദല്ലാലിപ്പണിയിലൂടെ അതിജീവിക്കാൻ കഴിയില്ല. ഒന്നുകിൽ ജലീൽ ചെയ്തത് പോലെ പാർട്ടിക്കുള്ളിലേക്ക് വലിഞ്ഞു കയറുക. അതല്ലെങ്കിൽ രാഷ്ട്രീയമവസാനിപ്പിക്കുക. ഇവർ ഛായം തേച്ച കുറുക്കന്മാരാണെന്ന് മുസ്ലിം സമുദായവും തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പിന്റെ മനോഹര പാഠങ്ങളിൽ ഒന്നാണ് ട്രോജൻ കുതിരകളുടെ പതനം.