VOL 12 |
 Flip Pacha Online

വിണ്ണിലുയർന്ന് പറക്കുക നീ

By: ഷെരീഫ് സാഗർ

വിണ്ണിലുയർന്ന് പറക്കുക നീ
മണ്ണിന് ശാന്തി കതിർ തൂകി
വിണ്ണിലുയർന്നു പറക്കുക നീ
ഹരിത പതാകേ ജയ് ജയ് ജയ്
വിമല പതാകേ ജയ് ജയ് ജയ്
(മഹാകവി ടി. ഉബൈദ്)

പഞ്ചനക്ഷത്രങ്ങളുടെ മൊഞ്ചോടെ വി.ഡി.എസ് മന്ത്രിസഭയിൽ മുസ്‌ലിംലീഗ് അംഗങ്ങൾ അധികാരമേറ്റതിന്റെ ആനന്ദത്തിലാണ് പാർട്ടി പ്രവർത്തകർ. കഴിഞ്ഞ 10 വർഷമായി കേരളം ഭരിച്ച ഇടത് മുന്നണിയെ തൂത്തെറിഞ്ഞാണ് ഇക്കുറി യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത്. ഈ രാഷ്ട്രീയ മുന്നേറ്റത്തെ മുന്നിൽനിന്ന് നയിച്ച യു.ഡി.എഫ് മുന്നണിയിലെ രണ്ടാമത്തെ കക്ഷി മുസ്‌ലിംലീഗായിരുന്നു. ചരിത്രത്തിലാദ്യമായി തമിഴ് നാട്ടിലും മന്ത്രിസഭാ പ്രവേശം സാധ്യമായതോടെ ഇന്ത്യയിൽ രണ്ട് സംസ്ഥാനങ്ങളിൽ മന്ത്രിമാരുള്ള പാർട്ടിയായി മുസ്‌ലിംലീഗ് മാറി. മലപ്പുറം പാർട്ടിയെന്ന് മുസ്‌ലിംലീഗിനെ നിരന്തരം ആക്ഷേപിക്കുന്ന സി.പി.എമ്മിന് ഇന്ത്യയിൽ ഒരിടത്തും അധികാര പങ്കാളിത്ത മില്ലാത്ത കാലം കൂടിയാണിത്. ആറ് മന്ത്രിമാരും 22 എം.എൽ.എമാരും അഞ്ച് എം.പിമാരുമായി ചരിത്രത്തിലെ തിളക്കമുള്ള കാലം. നവകേരളത്തിന് ദിശ നിർണയിക്കുന്ന സുപ്രധാന വകുപ്പുകളുമായാണ് യു.ഡി .എഫ് മുന്നണിയിൽ മുസ്ലിംലീഗ് വീണ്ടും അധികാരമേൽക്കുന്നത്. ഓരോ മുസ്ലിംലീഗ് പ്രവർത്തകനും അഭിമാന മുഹൂർത്തമാണിത്. ന്യൂനപക്ഷ രാഷ്ട്രീയം കൂടുതൽ പ്രസക്തമായ കാലത്താണ് ഈ അധികാരാരോഹണം. ഇന്ത്യൻ ജനാധിപത്യത്തിൽ ന്യൂനപക്ഷങ്ങളുടെ ഭാഗധേയം നിർണയിക്കുന്നതിൽ ചരിത്രപരമായ പങ്ക് വഹിച്ച ഒരേയൊരു രാഷ്ട്രീയ പാർട്ടി എന്ന അംഗീകാരവും ഇതുവഴി മുസ്ലിംലീഗിനെ തേടിയെത്തുകയാണ്.

ആര് ഭരിച്ചാലും ഭൂരിപക്ഷം ഭരിക്കുന്ന ഒരു ജനാധിപത്യ സംവിധാനത്തിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയെയും പ്രൗഢിയെയും അടയാളപ്പെടുത്തുകയാണ് മുസ്‌ലിംലീഗ്. ഭരണഘടനാധിഷ്ഠിതമായ ഒരു രാജ്യത്തെ സുസ്ഥിര ന്യൂനപക്ഷത്തിന്റെ അഭിമാനകരമായ നിലനിൽപ് എങ്ങനെയായിരിക്കണം എന്നതിന്റെ അടയാളപ്പെടുത്തൽ. വർഗ്ഗീയതയുടെ ചാപ്പയടിച്ച് ലീഗിനെയും യു.ഡി.എഫ് മുന്നണിയെയും മൂലക്കിരുത്താമെന്ന് കരുതിയവരെ കേരളം മൂലക്കിരുത്തിയ തെരഞ്ഞെടുപ്പാണ് കടന്നുപോയത്. വീട്ടിൽ പോയി ചോദിക്ക് എന്ന് പറഞ്ഞവരോട് ജനം വീട്ടിൽ പോയിരിക്കാൻ പറഞ്ഞ തെരഞ്ഞെടുപ്പ്. കേരളം എക്കാലത്തും മുന്നോട്ടുകൊണ്ടുപോയ സാഹോദര്യത്തിന്റെയും പ്രാതിനിധ്യത്തിന്റെയും രാഷ്ട്രീയം കൂടുതൽ മിഴിവോടെ വിജയിച്ചുവന്ന തെരഞ്ഞെടുപ്പ്.

നക്ഷത്രങ്ങൾ ശപിച്ച ഒരു രാത്രിയിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് കോളിൻസും ലാപിയറും സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്. ജ്യോത്സ്യന്മാർ കവടി നിരത്തി കുറിച്ച് കൊടുത്തതായിരുന്നു മുഹൂർത്തം. പ്രാണന് വേണ്ടി മനുഷ്യർ പരക്കം പായുന്ന നാളുകളായിരുന്നു പിന്നീട്. വിഭജനത്തിന്റെ മുറിവുകളിൽനിന്ന് ചോരയിറ്റിയ കാലം. സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തോടൊപ്പം കലാപത്തിന്റെ വടുക്കളുമായി കരഞ്ഞൊലിച്ച കാലം. അക്കാലത്താണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്. തുടക്കം തൊട്ടേ ഈ രാഷ്ട്രീയ സംഘാടനത്തെ നഖശിഖാന്തം എതിർക്കാനാണ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം ശ്രമിച്ചത്. എന്നാൽ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്ത് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ നേതൃത്വത്തിൽ സംഘടന മുന്നോട്ട് പോയി. എതിർത്തവർ തന്നെ അംഗീകാരത്തിന്റെ പൂച്ചെണ്ടുകളുമായി ലീഗിനെ തേടിയെത്തി.

ഭൂരിപക്ഷാധിപത്യ സമൂഹത്തിൽ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും സമസ്യയാണ്. ആ സമസ്യക്ക് ഉത്തരം തേടുകയായിരുന്നു മുസ്‌ലിംലീഗ്. ഭരണഘടനാദത്തമായ ന്യൂനപക്ഷ അസ്തിത്വ സംരക്ഷണം തന്നെയാണ് മുസ്‌ലിംലീഗ് ഈ മുന്നേറ്റത്തിലൂടെ സാധ്യമാക്കിയത്. 1950ൽ മദിരാശി അസംബ്ലിയിലേക്ക് നടന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കിട്ടാതെ പത്രത്തിൽ പരസ്യം ചെയ്യേണ്ടിവന്ന കാലം പാർട്ടിക്കുണ്ടായിരുന്നു. അന്ന് എല്ലാ ലീഗ് വിരോധികളെയും തൂത്തെറിഞ്ഞ് എം.പി.എം ഹസ്സൻകുട്ടി കുരിക്കൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടുന്ന് തുടങ്ങിയ ജൈത്രയാത്രയാണ് ഇന്നത്തെ അഭിമാന നേട്ടത്തിൽ എത്തി നിൽക്കുന്നത്. ദുർഘട പാതകളിലൂടെയായിരുന്നു ആ യാത്ര.

1952ൽ മദിരാശി അസംബ്ലിയിലേക്ക് മലബാറിൽനിന്ന് അഞ്ച് എം.എൽ.എമാരെ തെരഞ്ഞെടുത്തയച്ചു. 1957ൽ കേരള നിയമസഭയിൽ പി.എസ്.പിയുമായി ഉണ്ടാക്കിയ സഖ്യം മുന്നണി രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കും. 1960ൽ ത്രികക്ഷി മുന്നണിയും 1967ലെ സപ്തകക്ഷി മുന്നണിയുമെല്ലാം മുസ്ലിംലീഗിന്റെ താൽപര്യപ്രകാരം സംഭവിച്ച മുന്നണി പരീക്ഷണങ്ങളാണ്. സപ്തകക്ഷി മുന്നണിയിലൂടെ അധികാര പ്രവേശം സുഗമമാക്കിയ മുസ്‌ലിംലീഗിന് അന്ന് ലഭിച്ചത് രണ്ട് മന്ത്രി സ്ഥാനങ്ങളാണ്. 1969ൽ സി. അച്യുതമേനോനെ കളത്തിലിറക്കി മുന്നണി രാഷ്ട്രീയത്തിലെ ത്രസിപ്പിക്കുന്ന പരീക്ഷണം നടത്താനും 1970ൽ ഭരണ തുടർച്ച ഉറപ്പ് വരുത്താനും ലീഗിന് സാധിച്ചു. ഭൂപരിഷ്‌ക്കരണം ഉൾപ്പെടെ വിപ്ലവകരമായ സാമൂഹിക മാറ്റങ്ങൾ സംഭവിക്കുന്നത് മുസ്‌ലിംലീഗിന്റെ പങ്കാളിത്തമുള്ള ഐക്യമുന്നണി നാട് ഭരിച്ചപ്പോഴാണ്. കെ. കരുണാകരൻ, എ.കെ ആന്റണി മന്ത്രിസഭകളിലും 1978ൽ പി.കെ വാസുദേവൻ നായർ മുഖ്യമന്ത്രിയായപ്പോഴും മുസ്‌ലിംലീഗിന് അർഹിച്ച പരിഗണന ലഭിച്ചു. 1979 ഒക്ടോബർ 12ന് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായത് രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ ഐതിഹാസിക സംഭവമായിരുന്നു.

1981-ൽ കെ. കരുണാകരൻ മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ സി.എച്ച് ഉപമുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ വിയോഗശേഷം 1983ൽ അവുക്കാദർകുട്ടി നഹ ആ പദവിയിൽ തുടർന്നു. കേരളത്തിന്റെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഉപമുഖ്യമന്ത്രി തുടങ്ങിയ സുപ്രധാന പദവികളെല്ലാം ഇക്കാലത്തിനിടെ മുസ്‌ലിംലീഗ് കൈകാര്യം ചെയ്തു. അർഹതപ്പെട്ട ഈ സ്ഥാനമാനങ്ങൾക്കെതിരെ ഇന്നത്തെ പോലെ വർഗ്ഗീയ പ്രചാരണം അന്നുണ്ടായിരുന്നില്ല. കുറഞ്ഞ സീറ്റുകളുള്ള മുസ്‌ലിംലീഗിന് മുഖ്യമന്ത്രി പദം കൊടുക്കാൻ മടിയില്ലാത്ത കേരളം ഇവിടെ ഉണ്ടായിരുന്നു. മുസ്ലിംലീഗ് ഫോബിയയിലൂടെ ഇസ്ലാമോഫോബിയ ഒളിച്ചുകടത്തുന്ന ബി.ജെ.പിയും സി.പി.എമ്മും അന്നുണ്ടായിരുന്നില്ല. മലപ്പുറം ജില്ലക്ക് വേണ്ടി ആവശ്യമുന്നയിച്ചത് പോലെ മുസ്‌ലിംലീഗ് കാസർക്കോട് ജില്ലക്ക് വേണ്ടിയും സമരം നടത്തിയിരുന്നു. എന്നാൽ മലപ്പുറത്തിനു വേണ്ടിയുള്ള മുറവിളി പോലെ എരിവുള്ള വിഷയമല്ലാത്തത് കൊണ്ട് അതത്ര ശ്രദ്ധിക്കപ്പെടാതെ പോയി.

1991ൽ 19 സീറ്റുകളോടെ പാർട്ടി അധികാരത്തിന്റെ ഭാഗമായി. 1995ൽ കെ. കരുണാകരന് രാജിവെക്കേണ്ട സാഹചര്യമുണ്ടായി. പകരം മുഖ്യമന്ത്രിയായ എ.കെ ആന്റണിയെ തിരൂരങ്ങാടിയിൽനിന്ന് മത്സരിപ്പിച്ചാണ് അന്ന് മുസ്ലിംലീഗ് നിയമസഭയിലെത്തിച്ചത്. 2001ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലായിരുന്നു സർക്കാർ. 17 സീറ്റുകളോടെ അന്നും ലീഗ് കരുത്ത് തെളിയിച്ചു. 2004ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും മുസ്ലിംലീഗിന് നിർണായക പദവികളുണ്ടായി. 2011ൽ 20 എം.എൽ.എമാരുമായാണ് മുസ്ലിംലീഗ് ജയിച്ച് കയറിയത്. ഇന്നത്തെ പോലെ അന്നും അഞ്ച് മന്ത്രിമാരുടെ മൊഞ്ചോടെയായിരുന്നു ലീഗിന്റെ അധികാര പങ്കാളിത്തം. 2016ൽ 18 സീറ്റുകളും 2021ൽ 15 സീറ്റുകളും ലഭിച്ച മുസ്‌ലിംലീഗ് ഏത് കൊടുങ്കാറ്റിലും നിലനിൽക്കാൻ കഴിയുന്ന സുസ്ഥിര രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് തെളിയിച്ചു.

2026-ൽ 22 സീറ്റുകളുമായി ചരിത്രം കുറിച്ച മുസ്‌ലിംലീഗ് ഭൂരിപക്ഷത്തിന്റെ കാര്യത്തിലും മുന്നിലായി. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ അഞ്ച് ഭൂരിപക്ഷവും സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ച മുസ്ലിംലീഗ് സ്ഥാനാർത്ഥികളുടേതാണ്. പി.കെ കുഞ്ഞാലിക്കുട്ടി-85327, പി.എം.എ സമീർ-63387, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ-62638, അഡ്വ. എം റഹ്‌മത്തുള്ള-57887, ടി.പി അഷ്‌റഫലി-56017 എന്നിവരാണ് നിയമസഭാ ചരിത്രത്തിലെ തന്നെ മികച്ച ഭൂരിപക്ഷത്തോടെ സഭയിലിരിക്കുന്നത്. മലപ്പുറത്ത് നിന്ന് പി കെ കുഞ്ഞാലിക്കുട്ടി, മഞ്ചേശ്വരത്ത് എ കെ എം അഷറഫ്, കാസർകോട് കല്ലട്ര മായിൻ ഹാജി, കുറ്റ്യാടിയിൽ പാറക്കൽ അബ്ദുളള, പേരാമ്പ്രയിൽ ഫാത്തിമ തഹലിയ, തിരുവമ്പാടിയിൽ സി.കെ കാസിം, കൊടുവളളിയിൽ പി കെ ഫിറോസ്, കുന്നമംഗലത്ത് എം.എ റസാക്ക് മാസ്റ്റർ, കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബു, വളളിക്കുന്നിൽ ടി വി ഇബ്രാഹിം, കൊണ്ടോട്ടിയിൽ ടി പി അഷ്റഫ് അലി, മഞ്ചേരിയിൽ അഡ്വ. റഹ്‌മത്തുളള, ഏറനാട് പി കെ ബഷീർ, മങ്കടയിൽ മഞ്ഞളാംകുഴി അലി, പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം, വേങ്ങരയിൽ കെ എം ഷാജി, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, തിരൂരിൽ കുറുക്കോളി മൊയ്തീൻ, താനൂരിൽ പി കെ നവാസ്, തിരൂരങ്ങാടിയിൽ പി എം എ സമീർ, മണ്ണാർക്കാട് അഡ്വ. എൻ ഷംസുദ്ദീൻ, കളമശ്ശേരിയിൽനിന്ന് അഡ്വ. വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് നിയമസഭയിലെത്തിയത്. ഗുരുവായൂരിലും കൂത്തുപറമ്പിലും അഴീക്കോടും മത്സരിച്ച ലീഗ് സ്ഥാനാർത്ഥികൾ കുറഞ്ഞ വോട്ടുകൾക്കാണ് പിന്നിലായത്. ചരിത്രത്തിലാദ്യമായി ഒരു വനിതയെ നിയമസഭയിലെത്തിക്കാൻ സാധിച്ചു എന്നതും മുസ്‌ലിംലീഗിന് ഈ തെരഞ്ഞെടുപ്പിലെ നേട്ടമാണ്.

പി.കെ കുഞ്ഞാലിക്കുട്ടി (വ്യവസായം, വാണിജ്യം, ഐ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, സ്റ്റാർട്ടപ്‌സ് , മൈനിങ് ആന്റ് ജിയോളജി, ഹാന്റ്ലൂംസ് ആന്റ് ടെക്സ്റ്റൈൽസ്), അഡ്വ. എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസം, സാക്ഷരത, വഖഫ്, ന്യൂനപക്ഷ വികസനം, ഹജ്ജ്), കെ.എം ഷാജി (തദ്ദേശ സ്വയംഭരണം- പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ടൗൺ പ്ലാനിങ്, റൂറൽ ഡവലപ്മെന്റ്, റീജ്യണൽ ഡെവലപ്മെന്റ് അതോറിറ്റീസ്, കില), പി.കെ ബഷീർ (പൊതുമരാമത്ത്), അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ (ഫിഷറീസ്, സാമൂഹ്യനീതി, ഹാർബർ എഞ്ചിനീയറിങ്) എന്നിവരാണ് യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്‌ലിംലീഗ് മന്ത്രിമാർ.

യു.ഡി.എഫിന് ലഭിച്ച 102 സീറ്റുകളിൽ മിക്കതും നേടിയെടുക്കാൻ മുസ്ലിംലീഗിന്റെ കഠിനാധ്വാനം സഹായമായി. ടീം യു.ഡി.എഫ് ഒന്നിച്ച് നിന്നതോടെയാണ് കേരളത്തിൽ യു.ഡി.എഫ് ഒരു കൊടുങ്കാറ്റായി തിരിച്ചെത്തിയത്. ലീഗിനെ മുൻനിർത്തി ഇടതുപക്ഷവും ബി.ജെ.പിയും അഴിച്ചുവെട്ട വർഗ്ഗീയ പ്രചാരണത്തിന്റെ വിഷവ്യാപനത്തെ നിർവീര്യമാക്കിയാണ് മതേതര കേരളം യു.ഡി.എഫിനെ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്തത്. വീണ്ടും അതേ വർഗ്ഗീയ പ്രചാരണവുമായി ആര് രംഗത്തിറങ്ങിയാലും കേരളം ഒന്നിച്ച് അതിനെ ചെറുക്കുമെന്ന് ഈ തെരഞ്ഞെടുപ്പ് തന്നെ തെളിയിച്ചതാണ്. ഇന്നലെ പെയ്ത മഴയ്ക്ക് കുരുത്ത തകരയല്ല, കോരിക്കൊട്ടിപ്പെയ്യുന്ന പേമാരികളെയും കൊടുങ്കാറ്റുകളെയും തകർത്തെറിഞ്ഞ് അന്തസ്സോടെ നിലനിൽക്കുന്ന പ്രസ്ഥാനമാണിത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത്, ലീഗിനെ വിശ്വസിച്ചവരെ നിരാശപ്പെടുത്താതെ ആ ദൗത്യം അഭംഗുരം തുടരാൻ തെരഞ്ഞെടുക്കപ്പെട്ടവർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.