VOL 12 |
 Flip Pacha Online

കേരള പരിസ്ഥിയിലും ഇനി വേണ്ടത്‌ പരിസ്ഥിതി സൗഹൃദ ആനന്ദ കേരളം

By: ഡോ.വി.സുഭാഷ്‌ ച്രന്ദബോസ്‌

കേരള പരിസ്ഥിയിലും ഇനി വേണ്ടത്‌  പരിസ്ഥിതി സൗഹൃദ ആനന്ദ കേരളം
ജൂണ്‍ അഞ്ച്‌ എല്ലാവര്‍ഷവും ലോകപരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയിട്ട്‌ അമ്പതാണ്ട്‌ കഴിയുന്നു. 1972ല്‍ സ്വീഡനിലെ സ്റ്റോക്ക്‌ ഹോം സമ്മേളനമാണ്‌ പരിസ്ഥിതിയും വികസനവും ചേര്‍ത്തുള്ള സുസ്ഥിര വികസനം വേണമെന്ന്‌ പറഞ്ഞുതുടങ്ങിയത്‌. 1974 മുതല്‍ വിവിധ വിഷയങ്ങളില്‍ പരിസ്ഥിതി ദിനാചരണം നടക്കുന്നുണ്ട്‌. കാലാവസ്ഥ പ്രവര്‍ത്തനം, ക്ലൈമറ്റ് ആക്ഷന്‍ എന്നതാണ്‌ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണ വിഷയം കാലാവസ്ഥാ മാറ്റത്തിന്റെ വലിയ ദുരന്തങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞവരാണ്‌ മലയാളികള്‍. 2018-ലെ പ്രളയവും തുടര്‍വര്‍ഷങ്ങളിലെ ഉരുള്‍പൊട്ടലുകളും ഇന്നും ഭീതി ചെലുത്തുന്ന ഓര്‍മ്മകളാണ്‌. ചെറിയ സമയത്തിനുള്ളില്‍ വലിയ മഴ ചെറിയ പ്രദേശങ്ങളില്‍ പെയ്യുന്നുവെന്നതാണ്‌ പുതിയ പ്രതിസന്ധി. മേഘവിസ്ഫോടനവും മഴയുടെ മാറലും കുറയലുമെല്ലാം പ്രധാന വെല്ലുവിളികളാണ്‌. ലോകത്തിലേറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മണ്‍സൂണിന്റെ കവാടം കൂടിയാണ്‌ കേരളം. പ്രതിവര്‍ഷം 3000 മുതല്‍ 5000 മി.മീറ്റര്‍ വരെ മഴ ലഭിക്കുന്നുണ്ട്‌. ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു പുരപ്പുറത്ത്‌ 3 ലക്ഷം മുതല്‍ 5 ലക്ഷം വരെ ലിറ്റര്‍ മഴവെള്ളാണ്‌ പെയ്തു വീഴുന്നത്‌. ഒരേക്കറില്‍ 1 കോടി ഇരുപത്‌ ലക്ഷം ലിറ്റര്‍ മഴവെള്ളം ലഭിക്കുന്ന നാട്ടില്‍ മഴക്കാലത്ത്‌ വെള്ളപ്പൊക്കം, പ്രളയം, മഴമാറിയാല്‍ വരള്‍ച്ച എന്നതാണ്‌ അവസ്ഥ. ഒരു ഹെക്ടര്‍ വനസദൃശ്യമായ ആവാസവ്യവസ്ഥ 32,000 ഘനകിലോമീറ്ററും 10 സെന്റ്‌ വയല്‍ 1,60,000 ലിറ്ററും മഴവെള്ളത്തെ ഉള്‍ക്കൊള്ളുന്നതാണ്‌. ജലസ്രോതസ്സുകളായ വനങ്ങള്‍, തോടുകള്‍, നീരുറവകള്‍, കായലുകള്‍, തടാകങ്ങള്‍, വയലുകള്‍, തണ്ണീര്‍തടങ്ങള്‍ എന്നിവയിലുണ്ടാകുന്ന നാശവും കുറവും മലിനീ കരണവും ഇല്ലാതാക്കുന്നത്‌ ജലസുരക്ഷയെ കൂടിയാണ്‌.

ഒരിഞ്ചു കനത്തില്‍ സ്വാഭാവിക മണ്ണ്‌ രൂപപ്പെട്ടാല്‍ ആയിരം വര്‍ഷം വേണം. ഒലിച്ചു നഷ്ടപ്പെടാന്‍ കേവലം 4 വര്‍ഷം മതി. കേരളത്തില്‍ ഒരു ഹെക്ടറില്‍ നിന്നും പ്രതിവര്‍ഷം 32 ടണ്‍ മേല്‍മണ്ണാണ്‌ മണ്ണൊലിപ്പിലൂടെയും മറ്റും ഇല്ലാതാകുന്നത്‌ ഭൂമിയുടെ ചരിവ്‌ കാരണം മൊത്തം മണ്ണൊലിപ്പ്‌ ഒഴിവാ ക്കാനാവില്ല. എങ്കിലും പരമാവധി നിയന്ത്രിക്കുവാന്‍ കഴിയും. മാലിന്യ സംസ്കരണം കണ്‍മുന്നിലെ കീറാമുട്ടിയാണ്‌. ജൈവദ്രവ മാലിന്യങ്ങള്‍ വലിയ പ്രതിസന്ധിയാണ്‌ ജലസ്രോതസ്സുകളില്‍ സൃഷ്ടിക്കുന്നത്‌. സമ്രഗവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. അന്തരീക്ഷ താപനില വര്‍ദ്ധിക്കുന്നതിലും സൂക്ഷ്മ കാലാവസ്ഥ രൂപപ്പെടുന്നതിലും മാലിന്യം പ്രധാന പങ്കുവഹിക്കുന്നു. പ്ലാസ്റ്റിക്കുകള്‍ ഉൾപ്പടെ കത്തിക്കുന്നതിലൂടെ കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌, മീഥൈന്‍, കാര്‍ബണ്‍ മോണോക്സൈഡ്‌, മറ്റ്‌ കാര്‍ബണിക വസ്തുക്കള്‍ എന്നിവ അന്തരീക്ഷത്തിലേക്ക്‌ വര്‍ദ്ധിച്ച തോതില്‍ എത്തുന്നുണ്ട്‌. അന്തരീക്ഷ താപനില ഇപ്പോള്‍ തന്നെ 1.5 ഡിഗ്രി സെന്റിഗ്രേഡ്‌ ആകുന്നു. 2 ഡിഗ്രി സെന്റീഗ്രേഡാകുമെന്നാണ്‌ ശാസ്ത്രനിഗമനം. അങ്ങനെ വന്നാല്‍ സ്ഥിതി വഷളാകുന്നതാണ്‌.

ചൂട്‌ കുടുന്നതിനനുസരിച്ച്‌ കടല്‍ നിരപ്പ്‌ ഉയരുക, പുതിയ കാറ്റുകള്‍ രൂപ പ്പെടുക, ഹിമവാനികള്‍ കൂടുതല്‍ ഉരുകുക തുടങ്ങിയ പ്രതിഭാസങ്ങളുടെ തോതും കാഠിന്യവും വര്‍ദ്ധിക്കുന്നതാണ്‌. വരള്‍ച്ചയും പ്രളയവും മാറിമാറി തുടര്‍ച്ചയായി സംഭവിച്ചാല്‍ ആ പ്രദേശത്ത്‌ ദീര്‍ഘ കാലയളവില്‍ മരുവല്‍ക്കരണം സംഭവിക്കാം. സംസ്ഥാനത്ത്‌ ഉഷ്ണ തരംഗവും നഗരതാപ കൂടുതലും അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്‌. ജനസംഖ്യ, ജനസാന്ദ്രത വികസനാവശ്യങ്ങള്‍, വാഹനപ്പെരുപ്പം എന്നിവയെല്ലാം കൂടി വലിയ വെല്ലുവിളികളാണുണ്ടാകുന്നത്‌.

ലോകത്തിലേറ്റവും കൂടുതല്‍ സ്വകാര്യ വാഹനങ്ങളുള്ള സംസ്ഥാനമായി കേരളം മാറികഴിഞ്ഞു. ദേശിയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്‌ കേരളത്തിലെ പൊതു സ്വകാര്യ വാഹന അനുപാതം. അതുപോലെ കെട്ടിടനിര്‍മ്മാണവും വളരെ കൂടുതലാണ്‌. 1 കോടി 20 ലക്ഷം വീടുകളില്‍ ആളുകള്‍ താമസം ഇല്ലയെന്നതും പ്രധാന ഡാറ്റയാണ്‌. നിര്‍മ്മിതികള്‍ക്കുവേണ്ടിയുള്ള പാറ, മണല്‍, ഇഷ്ടക, തടി എന്നിവ വേണ്ട്രത ഇല്ലാത്തതും പ്രശ്നമാണ്‌. ക്വാറികളെ നിയന്ത്രിക്കണമെന്ന മുറവിളി തുടങ്ങിയിട്ട്‌ വളരെ കാലമായി. വികസനം വേണം. മെറ്റീരിയലുകളും ആവശ്യമുണ്ട്‌. ഇവ തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുത്തുമെന്നത്‌ നാം കാണേണ്ട മറ്റൊരു വിഷയാണ്‌. താമസത്തിനുപ്പുറം സുരക്ഷിതമായ നിക്ഷേപമന്ന നിലയിലും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു വരുന്നുണ്ട്‌.

കേരളത്തിലെ വനവും മണ്ണും വെള്ളവുമെല്ലാം അവയുടെ തനിമയില്‍ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിരമായി പരിസ്ഥി വളരെ പ്രധാനമാണ്‌. പരി സ്ഥിതി ഘടകങ്ങളെയും വികസനാവശ്യങ്ങളെയും ബന്ധിപ്പിക്കുമ്പോഴാണ്‌ പുതിയ ബദല്‍ കേരള ചിന്ത വരുന്നത്‌. തെങ്ങ്‌ നല്ലൊരു നിര്‍മ്മാണോപാധിയാണ്‌. നാമിനിയും ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്തിയിട്ടില്ല. തെങ്ങിന്‍ തടി സീസ്‌ ചെയ്ത്‌ നിരവധി ആവശ്യങ്ങള്‍ക്ക്‌ പകരം ഉപയോഗിക്കാവുന്നതാണ്‌. മാലിനൃത്തില്‍ നിന്നും വൈദ്യുതിയും ഗ്യാസും വളവും രൂപപ്പെടുത്തുവാന്‍ കഴിയുന്നതാണ്‌.വിവാദങ്ങള്‍ക്കപ്പുറം സോളാര്‍ എനര്‍ജി നാമിനിയും സമ്പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. കാറ്റ്‌, തിരമാല എന്നിവയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാവുന്നതാണ്‌.

ഹരിത കെട്ടിടങ്ങള്‍, ഹരിത ക്യാമ്പസുകള്‍, ഹരിത വീഥികള്‍, ഹരിത റോഡുകള്‍, ഹരിത ഇടനാഴികള്‍ എന്നിവയെല്ലാം മുന്നിലെ സാധ്യതകളാണ്‌. മഴവെള്ള സംഭരണവും കൃത്രിമ ഭൂജല പരിപോഷണവും പ്രധാനമേഖലകളാ ണ്‌. സംസ്ഥാനത്ത്‌ ഭൂജല നിരപ്പില്‍ വലിയ ഏറ്റ കുറച്ചില്‍ ഉണ്ടാകുന്ന സാഹ ചര്യത്തില്‍ ശാസ്ത്രീയമായ ഭൂജല നീരട്ടി സര്‍വ്വെ അനിവാര്യമാണ്‌. പ്ലാസ്റ്റി ക്കുല്‍പ്പന്നങ്ങള്‍ക്ക്‌ ബദലായുള്ള വസ്തുക്കള്‍ വ്യാപനമാക്കണം. മൈക്രോണ്‍ കുറഞ്ഞ പ്ലാസ്റ്റിക്‌ നിരോധനം കര്‍ശനമാക്കേണ്ടതാണ്‌. പേപ്പര്‍, പാള, വാഴയി ല, തുണി, കൈത്തറി, ബൂട്ട്‌ എന്നിവകൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി നിര്‍മ്മിക്കണം.

സംസ്ഥാനത്തെ സ്വകാര്യ കുളങ്ങളും വയലുകളും സര്‍വെ ചെയ്ത്‌ പരമാവധിയെണ്ണം പൊതു സ്വത്താക്കണം. ഉടമസ്ഥാവകാശം മാറ്റണ്ട പക്ഷെ ജല സ്രോതസുകള്‍ നികത്താന്‍ പാടില്ല. വയലുകള്‍ തരിശിടരുത്. സംഘകൃഷി പോലുള്ള സഹകരണാടിസ്ഥാനത്തില്‍ നടപ്പിലാക്കണം. ഇടനാടന്‍ കുന്നുകള്‍ സംരക്ഷിക്കപ്പെടണം. സൂക്ഷ്മ വനങ്ങള്‍ കൂടുതലായി രൂപപ്പെടുത്തണം. വനംവകുപ്പിന്റെ നേതൃത്വത്തില്‍ അഗ്രോഫോറസ്ട്രി പ്രവര്‍ത്തനങ്ങളാരംഭിക്കണം. സംസ്ഥാനത്ത്‌ പ്രകൃതി വിഭവ പരിപാലന സാക്ഷരതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.

ഓരോ നിയോജകമണ്ഡലത്തിനും പരിസ്ഥിതി സൗഹൃദ ആനന്ദ കേരളത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കപ്പെടണം. കായലുകള്‍, തടാകങ്ങള്‍, തണ്ണീര്‍ തടങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജുകള്‍ ആവശ്യമാണ്‌. കുട്ടനാട്‌ മേഖലകളിലെ വെള്ളപ്പൊക്കം കൂടി കണക്കിലെടുത്ത്‌ പ്രത്യേക സൂക്ഷ്മതല പ്ലാനുകള്‍ രൂപപ്പെടുത്തണം. മണ്ണ്‌, ജലം, ആരോഗ്യം, ഈര്‍ജ്ജം, മഴ, സുര്യതാപം, പരിസ്ഥിതി, കാലാവസ്ഥ, ദുരന്തപരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ വിപുലമായ അവബോധ പ്രചരണ പരിപാടികള്‍ വ്യാപകമാക്കണം.

ഓരോ വിളകള്‍ക്കുമാവശ്യമായ ജലസേചന രീതികള്‍ വികസിപ്പിക്കണം. ഭൂവിനിയോഗത്തിന്‌ പ്രത്യേക നയവും ചട്ടവും നിയമവും കൊണ്ടുവരണം. മിശ്രിത വിളകള്‍ പരമാവധി പ്രോത്സാഹിപ്പിക്കണം. മണ്ണ്‌, ജല പരിശോധന സംവിധാനങ്ങള്‍ വിപുലപ്പെടുത്തണം. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ ടീം സജ്ജമാക്കണം. പരിസ്ഥിതി സംരക്ഷണം കേവലം ഒരു ചര്‍ച്ചാവിഷയം എന്നനില മാറി പ്രവര്‍ത്തികളാണാവശ്യം പൊതുഗതാഗതം പരമാവധി പ്രോത്സാഹിപ്പിക്കണം

വിവിധ പാരിസ്ഥിതിക മേഖലകളില്‍ ആഡിറ്റ്‌ ആവശ്യമാണ്‌. കേരളത്തിന്റെ പുതിയ മഴരീതികള്‍ നാം പഠിച്ചേ കഴിയൂ. പരമ്പരാഗതമായ രീതികള്‍ മാറണം. കൃഷിയുടെ പുതിയ കലണ്ടര്‍ വരേണ്ട സമയമായി. ഓരോ പ്രദേശത്തിനുമാവശ്യമായ മൈക്രോപ്ലാനുകള്‍ അനിവാര്യമാണ്‌. നീര്‍തടാധിഷ്ഠിത മണ്ണ്‌, ജല, ജൈവ സംരക്ഷണം പ്രധാനമാണ്‌. പഞ്ചായത്തുതല വിഭവ, ഭൂപടങ്ങള്‍, നീര്‍തട ഭൂപടങ്ങള്‍, വിവിധ രേഖകള്‍ എന്നിവവ ഗ്രാമ-ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ലഭ്യമാണ്‌. അവയുടെ അടിസ്ഥാനത്തില്‍ പ്രാദേശികമായി പുതിയ രൂപരേഖ തയ്യാറാക്കണം. കാര്‍ബണ്‍ ക്രെഡിറ്ററിന്റെ സാധ്യത വലുതാണ്‌. ദുരന്തപ്രതിരോധസേന രുപികരിക്കേണ്ടതും അത്യാവശ്യമാണ്‌. കാലാവസ്ഥ മാറ്റത്തെ നമുക്ക്‌ മാറ്റാനാവില്ല. പക്ഷെ അവയുടെ തീവ്രത കുറക്കുവാനും പുതിയ സൂക്ഷ്മ കാലാവസ്ഥ രൂപപ്പെടുത്തുവാനും മനുഷ്യ ഇടപെടലുകളിലൂടെ കഴിയുന്നതാണ്‌. സഹ്യാദ്രി കാടുകള്‍ മുതല്‍ കടല്‍ തീരംവരെ നിരവധി പരിസ്ഥിതി പ്രശ്‌നങ്ങളുണ്ട്‌. അവ വേര്‍തിരിച്ചറിയുകയെന്നതും പ്രധാനമാണ്‌. സ്റ്റേറ്റ് ലെവല്‍ പരിസ്ഥിതി സ്റ്റാറ്റസ്‌ റിപ്പോര്‍ട്ട്‌ ര്രസിദ്ധീകരിക്കണം.

പരിസ്ഥിതി ക്രെഡിറ്റ്‌ കാര്‍ഡുകളും ഇന്‍സെന്റീവുകളും ഏർപ്പെടുത്തേണ്ടതാണ്‌ പരിസ്ഥിത സാഹൃദമായ ഒരു കേരളത്തിലൂടെ മാത്രമെ ആനന്ദ കേരളത്തിലേക്ക്‌ എത്താന്‍ കഴിയുകയുള്ളൂ. പരമാവധി ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണ്‌, ശുദ്ധപരിസ്ഥിതി എന്നിവയോടൊപ്പം നല്ല കാലാവസ്ഥയും പ്രധാനമാണ്‌. പ്രശ്‌നങ്ങള്‍ വലുതാണ്‌. സാധ്യതകള്‍ ധാരാളം ഉണ്ട്‌. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൂട്ടായ്മകള്‍, സിവില്‍ സൊസൈറ്റി എന്നിവരുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പ്രധാനമാണ്‌.

പരിസ്ഥിതിയും വികസനവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്‌. അങ്ങനെ കണ്ടുതുടങ്ങിയാല്‍ സുസ്ഥിര പരിസ്ഥിതിയും ആനന്ദകേരളവുമൊ ക്കെ യാഥാര്‍ത്ഥ്യമാവും.