VOL 12 |
 Flip Pacha Online

പുതുയുഗ സർക്കാറുംപുതിയ പ്രതീക്ഷകളും

By: സുഫ്‌യാൻ അബ്‌ദുസ്സലാം

പുതുയുഗ സർക്കാറുംപുതിയ പ്രതീക്ഷകളും
കേരളത്തെ എല്ലാ മേഖലയിലും ഇരുട്ടിലേക്ക് നയിച്ച പത്തുവർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് വിഡി സതീശന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്നിരിക്കുകയാണ്. ഐക്യജനാധിപത്യമുന്നണിക്ക് ലഭിച്ച അഭൂതപൂർവമായ മുന്നേറ്റം മുന്നണിയുടെയോ പാർട്ടിയുടേയോ പ്രകടനം കൊണ്ട് മാത്രം ലഭിച്ചതല്ല. യുഡിഎഫിനെ സ്നേഹിക്കുന്ന വിവിധ ജനവിഭാഗങ്ങളുടെ ഒറ്റക്കെട്ടായ പിന്തുണയും കഴിഞ്ഞ പത്ത് വർഷത്തെ പിണറായിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ സ്വന്തം പാർട്ടി അംഗങ്ങൾ നടത്തിയ പ്രതിഷേധങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. ശക്തമായ ജനപിന്തുണയാണ് യുഡിഎഫിന് ലഭിച്ചത്. 85000 വരെ യുഡിഎഫ് അംഗങ്ങളുടെ ഭൂരിപക്ഷം വർധിച്ചപ്പോൾ മിക്ക എൽഡിഎഫ് അംഗങ്ങളുടെയും ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷക്കാലം പ്രതിപക്ഷനേതാവായി പ്രവർത്തിച്ച വിഡി സതീശന്റെ പ്രവർത്തനങ്ങളിലും നിലപാടുകളിലുമുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത്ര വലിയ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫിനെ എത്തിച്ചത്. കഴിഞ്ഞ പത്ത് വർഷമായി നാഥനില്ലാ കളരിയായിരുന്ന സംസ്ഥാന സർക്കാരിന് ഒരു കരുത്തുറ്റ, മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന, പൊതുജനങ്ങളെ ശ്രവിക്കുന്ന സത്യസന്ധനും നീതിമാനായ ഒരു ഭരണാധികാരിയെയായിരുന്നു ജനങ്ങൾ ആഗ്രഹിച്ചിരുന്നത്. അത് വിഡി സതീശനിലൂടെ സാധ്യമാവുമെന്ന പൊതുബോധമാണ് ഇതുവരെ ഒരു മന്ത്രിയോ, പാർട്ടി പ്രസിഡണ്ടോ ഒന്നുമാവാതിരുന്നിട്ട് പോലും അദ്ദേഹത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

യുഡിഎഫിന് മേൽ വലിയ ഉത്തരവാദിത്തം
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം യുഡിഎഫിന് മേൽ വലിയ ഉത്തരവാദിത്വമാണ് വർധിച്ചിരിക്കുന്നത്. ജനങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഈ പ്രതീക്ഷകളെ ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുക യുഡിഎഫിന്റെ ഉത്തരവാദിത്വമാണ്. തെരഞ്ഞെടുപ്പ് കാലത്തും അതിനുമുമ്പും ശേഷവും നൽകിയ വാഗ്‌ദാനങ്ങൾ നടപ്പിൽ വരുത്തുവാൻ ടീം യുഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കേണ്ടതുണ്ട്. വാഗ്ദാനങ്ങൾ പൊള്ളയായിരുന്നു എന്ന ശങ്ക വോട്ടു ചെയ്തവരിൽ ഉണ്ടായിക്കഴിഞ്ഞാൽ അതിശക്തമായ പ്രതിഷേധങ്ങളെ നേരിടേണ്ടിവരികയും അത് യുഡിഎഫിന്റെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന ബോധം യുഡിഎഫ് നേതൃത്വത്തിന് ഉണ്ടാവുകയും വേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ചിന്തകൾ
മുഖ്യമന്ത്രി വിഡി സതീശൻ മുന്നോട്ടുവെച്ച ചിന്തകളാണ് കേരള വികസനത്തിനും യുഡിഎഫിന്റെ മുന്നോട്ടുള്ള ഗമനത്തിനും ശക്തി പകരാൻ പോകുന്നത്. കടുത്ത പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് അലങ്കാരത്തിന് വേണ്ടിയുള്ള ഒരു മുഖ്യമന്ത്രി മതിയാവില്ല. ഉയർന്ന കസേരകളോ മോടിയുള്ള വാഹനങ്ങളോ അകമ്പടി സേവിക്കുന്ന അംഗരക്ഷകക്കൂട്ടമോ അല്ല ഒരു മുഖ്യമന്ത്രിയുടെ യഥാർത്ഥ സൗന്ദര്യം എന്ന് കൃത്യമായി മനസ്സിലാക്കിയ നേതാവാണ് അദ്ദേഹം. എല്ലാവരെയും കേൾക്കുന്ന, എല്ലാ കാര്യങ്ങളെ കുറിച്ചും അവധാനതയോടെ പഠിക്കുന്ന, സംസ്ഥാനത്തിന്റെ ധനസ്ഥിതി ഭദ്രമാക്കുന്ന, സാധാരണക്കാരോടും വിവിധ സമൂഹങ്ങളോടും കനിവോടെ പെരുമാറുന്ന, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന, ജനങ്ങളിൽ ഒരാളായി അലിഞ്ഞുചേരുന്ന ഒരു പോരാളിയെയാണ് കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹത്തിലൂടെ കേരളം കണ്ടത്.

പക്ഷപാതമില്ലാതെ ജനങ്ങൾക്കുവേണ്ടി
ഏതെങ്കിലും വ്യക്തികളിലേക്കോ കക്ഷികളിലേക്കോ ചാഞ്ഞു നിൽക്കാതെ ആരുടേയും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വിധേയമാകാതെ പ്രവർത്തിക്കുക എന്നതാണ് വിഡിഎസ്സിന്റെ ശൈലി. സാധാരണ രാഷ്ട്രീയപ്രവർത്തകരിൽ നിന്നും വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ ലോകം. ഒരുപാട് വായിക്കുകയും ചിന്തിക്കുകയും സംവദിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെയുള്ളിൽ കൊച്ചുകേരളത്തെ കുറിച്ചുള്ള വളരെ ആഴമുള്ള സങ്കല്പങ്ങളുണ്ട്. പലപ്പോഴും പല വേദികളിലും അഭിമുഖങ്ങളിലും നിയമസഭയിലും അദ്ദേഹമത് വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളോടും വിദ്യാർത്ഥികളോടുമെല്ലാം സംവദിച്ച് മാറുന്ന കാലത്തിന്റെയും വളരുന്ന തലമുറയുടെയും ആവശ്യങ്ങൾ മനസ്സിലാക്കിയ അദ്ദേഹത്തിൽ പുതിയ തലമുറ വലിയ പ്രതീക്ഷകളാണ് വച്ചുപുലർത്തുന്നത്.

സൗഹാർദ്ദം വികസനത്തിന്റെ കാതൽ
ഒരു നാട്ടിൽ യഥാർത്ഥ വികസനമുണ്ടാവണെങ്കിൽ അവിടുത്തെ ജനങ്ങളിൽ സൗഹാർദ്ദപരമായ അന്തരീക്ഷമുണ്ടാവണം. വിവിധ ജാതി മത സമുദായങ്ങൾക്കിടയിൽ മനസ്സിന്റെ അടിത്തട്ടിൽ നിന്നുയർന്നുവരുന്ന സ്നേഹവും സഹിഷ്ണുതയും ഉണ്ടാവണം. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസത്തിനിടയിലും നാടിന്റെ സമാധാനാന്തരീക്ഷത്തിനും പുരോഗതിക്കും വേണ്ടി കൈകോർക്കണം. ജീവിക്കുന്ന മണ്ണിന്റെ പേരിലുള്ള ദുരഭിമാനങ്ങളെക്കാൾ ജീവിക്കുന്ന ജനങ്ങളുടെ സുരക്ഷയും അവർക്കിടയിലുള്ള ഐക്യവുമാണ് പ്രധാനം. ഇങ്ങനെയെല്ലാം ചിന്തിക്കുന്ന അദ്ദേഹം ഇക്കാര്യത്തിൽ കൃത്യമായ നിലപാട് വെച്ചുപുലർത്തുന്നു.

ജനങ്ങളെ ഭിന്നിപ്പിച്ച് അതിൽ നിന്ന് മുതലെടുപ്പ് നടത്തി അതിൽ നിന്ന് അധികാരം പിടിച്ചെടുത്ത് ലാഭമുണ്ടാക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കരുത്. ചില വർഗീയകേന്ദ്രങ്ങൾ പുറത്തേക്കെറിയുന്ന തീപ്പൊരിയിലേക്ക് തീപ്പന്തമെറിഞ്ഞുകൊടുക്കാൻ മുതിരരുത്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാർ തുടങ്ങിയ അലങ്കാര പദവികൾ കുറച്ചുകാലമേ ഉണ്ടാവൂ. നാം മരിച്ചാലും നമ്മുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഇവിടെ ജീവിക്കണം. നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ ചെറുത്തുനിൽക്കാനുള്ള മാർഗം നാം തോളോടുതോൾ ചേർന്ന് നിൽക്കുക എന്നതാണ്. നാം ഒറ്റക്കെട്ടാണെങ്കിൽ നമ്മെ ഭിന്നിപ്പിക്കാൻ ഒരു വർഗീയശക്തിക്കും സാധിക്കില്ല. ഭിന്നതയുടെ വർത്തമാനവുമായി വരുന്ന രാഷ്ട്രീയക്കാരെയും മതത്തിന്റ മേലങ്കിയണിഞ്ഞവരെയും ദൂരെ നിർത്താൻ കഴിവുള്ളവനായിരിക്കണം യഥാർത്ഥ ഭരണാധികാരി. കേരളം സെക്കുലറാണ്. അതിനെ മാറ്റാൻ ആരും ശ്രമിക്കേണ്ട. വി ഡി സതീശന്റെ വിവിധ പ്രഭാഷണങ്ങളിലെ ഏതാനും ആശയങ്ങളാണിത്.

യഥാർത്ഥ ഇടതുപക്ഷം
പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പഠിപ്പിച്ച സാമൂഹിക വീക്ഷണത്തെ പൂർണ്ണമായും ഉൾക്കൊണ്ട വ്യക്തിയാണ് വിഡിഎസ്. താനൊരു നെഹ്‌റുവിയൻ ലെഫ്റ്റ് ആണെന്ന് തുറന്നുപറയുന്നതിൽ ഒട്ടും മടി അദ്ദേഹത്തിനില്ല. തീവ്ര വലതുപക്ഷത്തോടും തീവ്ര ഇടതുപക്ഷത്തോടും ഒട്ടും സന്ധിയാവില്ലെന്ന് മാത്രമല്ല, അത്തരം നിലപാടുകളോടുള്ള പരസ്യമായ എതിർപ്പും അതിനെതിരെയുള്ള പോരാട്ടവും അദ്ദേഹത്തിൽ പ്രകടമാണ്. പുരോഗമന ചിന്തയാണ് ഇടതുപക്ഷത്തിന്റെ ശരിയായ അടയാളം. പാർശ്വവൽക്കരിക്കപ്പെട്ട സാധാരണക്കാരായ മനുഷ്യരെ ഹൃദയത്തോട് ചേർത്തുനിർത്തി അവന്റെ കണ്ണീരൊപ്പാനും അവന്റെ സങ്കടങ്ങൾ മാറ്റാനും നടത്തുന്ന കഠിനാധ്വാനമാവണം രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും. ഇടതുപക്ഷമെന്ന സ്വയം വിശേഷിപ്പിക്കുന്നവർ ഇക്കാര്യങ്ങൾ വിസ്മരിക്കുകയും മുതലാളിത്ത ചിന്തകളിലേക്ക് അവർ വഴിതെറ്റുകയും ചെയ്തിരിക്കുന്നു.

വർഗീയതക്കെതിരെ ഉറച്ച നിലപാട്
വർഗീയത പറയുന്നവർ എത്ര വലിയ തമ്പുരാക്കളാണെങ്കിലും അവരുടെ മുമ്പിൽ ഭരണാധികാരി തലകുനിക്കരുത്. താൽക്കാലിക ലാഭത്തിനുവേണ്ടി അവർക്ക് കീഴടങ്ങരുത്. ആയിരം തെരഞ്ഞെടുപ്പുകളിൽ തോറ്റാലും വർഗീയതയുമായി രാജിയാവരുത്. സെക്കുലറായ കേരള ജനത കൂടെയുണ്ടാവും. അദ്ദേഹം ഇത് പറഞ്ഞുതുടങ്ങിയപ്പോൾ പല നേതാക്കളും നെറ്റിചുളിച്ചു. പല കാലങ്ങളിലായി പലരും വർഗീയ വിഭജനത്തിലൂടെയാണ് നേട്ടമുണ്ടാക്കുന്നത്. മതമേലധ്യക്ഷന്മാരുടെ പിന്തുണയില്ലാതെ എങ്ങനെ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് പലരും ഭയപ്പെട്ടു. പക്ഷെ വിഡി സതീശൻ എന്ന ആർജ്ജവമുള്ള രാഷ്ട്രീയ നേതാവ് സത്യം വിളിച്ചുപറഞ്ഞപ്പോൾ കേരള ജനത കൂടെനിന്നു. കേരളം സെക്കുലറാണെന്ന് പലവുരു വിളിച്ചുപറഞ്ഞ അദ്ദേഹത്തിന്റെ ശബ്ദം സത്യമായി പുലർന്നു.

ഭരണാധികാരി ഏകാധിപതിയല്ല
ഭരണരംഗത്ത് ഏകാധിപത്യ കാർക്കശ്യ ശൈലി പാടില്ലെന്നും ജനങ്ങളോട് തുറന്ന സമീപനമാണ് വേണ്ടതെന്നും അദ്ദേഹം വിശ്വസിക്കുന്നു. ജനാധിപത്യം അടിച്ചേൽപിക്കലല്ല. മറിച്ച് നാടിന് ഗുണപ്രദമാവുന്ന വിധ ത്തിലുള്ള സംവാദങ്ങളിലൂടെ ആശയങ്ങൾ കൈമാറലും പ്രതിപക്ഷത്തിന്റെയടക്കം അഭിപ്രായങ്ങളെ ഉൾക്കൊള്ളലുമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒരു ഭരണാധികാരി നാടിന് ആവശ്യമായ മുൻഗണനകളെ മനസ്സിലാക്കണം. പത്തുവർഷം ദൂരത്തേക്കെങ്കിലും ചിന്തിക്കാനുള്ള ബൗദ്ധികശേഷി അയാൾക്കുണ്ടായിരിക്കണം. ദ്രുതഗതിയിലുള്ള വൈജ്ഞാനിക വിസ്‌ഫോടനങ്ങൾ ലോകത്ത് നടന്നുകൊണ്ടിരിക്കുമ്പോൾ അവയെക്കുറിച്ചുള്ള തന്റെ ധാരണകളെ അയാൾ നവീകരിക്കണം. കേരളത്തിൽ നിന്നും വിദ്യാർഥികൾ പുറത്തേക്ക് ഒഴുകുകയും അതുമൂലമുണ്ടാകുന്ന വലിയ തോതിലുള്ള മസ്തിഷ്ക ചോർച്ച തടയാനും അയാൾക്ക് സാധിക്കണം. ഇങ്ങനെ വിവിധ കാഴ്ചപ്പാടുകളിലൂടെ വിഡിഎസിന്റെ ബൗദ്ധിക ലോകം വിശാലമാണ്.

ധനതത്വശാസ്ത്രത്തിൽ കൃത്യമായ അറിവും പാണ്ഡിത്യവുമുള്ള വിഡി സതീശൻ ധനവകുപ്പിന്റെ കൂടി ചുമതല ഏറ്റെടുത്തത് സംസ്ഥാനം ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. സംസ്ഥാനം നേരിടുന്ന വിലക്കയറ്റം നിയന്ത്രിക്കുവാൻ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കെ ഒട്ടേറെ നിർദ്ദേശങ്ങൾ വെച്ചിരുന്നു.

വിലക്കയറ്റം: വേറിട്ട
ചിന്തകൾ
കമ്പോളങ്ങളിൽ ഭരണകൂടം നിരന്തരം ഇടപെടുകയും കമ്പോളങ്ങളെ ചലിപ്പിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിക്കുകയും വേണം. ഉത്പാദനത്തേക്കാൾ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയും അതുവഴി വിപണികളെ സജീവമാക്കുകയും ചെയ്യണമെന്ന കെയ്‌നീഷ്യൻ സിദ്ധാന്തത്തെയാണ് അദ്ദേഹം കൂടുതൽ ഊന്നിപ്പറയുന്നത്. കൺസ്യുമർഫെഡ്, സപ്ലൈകോ തുടങ്ങിയ സംവിധാനങ്ങൾക്ക് സബ്‌സിഡി നൽകി വില കുറച്ചാൽ ഓപ്പൺ മാർക്കറ്റിൽ വില താനേ കുറയും. വിപണികളെ നിയന്ത്രിക്കുന്ന ഭീമന്മാർ ഉപയോഗിക്കുന്ന ടെക്നിക്കുകൾ സർക്കാർ ഉപയോഗിച്ചാൽ സാധാരണക്കാർക്ക് വിലകുറച്ച് സാധനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.

നവീകരിക്കേണ്ട തൊഴിൽ
ചിന്തകൾ
ആഗോള തൊഴിൽ വിപണിയിൽ സജീവമായി പുതിയ തൊഴിലുകളെ കുറിച്ച് പഠിക്കുകയും കേരളത്തിലെ യുവാക്കളെ അതിന് പ്രാപ്തമാക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. ഹൃസ്വകാല തൊഴിലുകൾ ലോകത്തിന്റെ പലയിടങ്ങളിലും രൂപപ്പെട്ടുവരുമ്പോൾ അവയിൽ പ്രാവീണ്യം നൽകാൻ പുതിയ ഹൃസ്വകാല കോഴ്‌സുകളും കരിക്കുലവും നമ്മുടെ സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് നടപ്പാക്കണമെന്നതും അദ്ദേഹത്തിന്റെ താല്പര്യമാണ്.

പുതുയുഗ ഗതാഗതം
ജനസാന്ദ്രത കൂടുതലുള്ള കേരളത്തിന്റെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ 600 കിലോമീറ്ററോളം വരുന്ന സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തി കോസ്റ്റൽ ഷിപ്പിംഗ് ആരംഭിക്കുക. ഗതാഗതച്ചിലവ് കുറക്കാനും റോഡുകളിലെ തിരക്കുകൾ കുറക്കാനും മലിനീകരണം ഇല്ലാതാക്കാനും അത് വഴി സാധിക്കും. തീരപ്രദേശങ്ങളിലെ പാവപ്പെട്ടവർക്ക് തൊഴിൽ നൽകാനും കഴിയും. ഇതിനായി സർക്കാർ ഫണ്ട് കണ്ടെത്തേണ്ടതില്ല. സ്വകാര്യ ഏജൻസികളെ ഉപയോഗിക്കാം. കാലം കൊണ്ട് ഇതുവഴി കേരളത്തെ ഒരു പോർട്ട് സിറ്റിയാക്കി ഉയർത്താനും സാധിക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളമുള്ള സംസഥാനമാണ് കേരളം.എയർക്രാഫ് മെയിന്റനൻസ്, പൈലറ്റ് ട്രെയിനിങ് കോളേജ് അടക്കമുള്ള നിരവധി ഏവിയേഷൻ പ്രോജക്റ്റുകൾ ആരംഭിക്കാൻ സാധിക്കും.

കൃഷിയും ഉത്പാദനങ്ങളും
കൃഷിയും ഉത്പാദനങ്ങളും ആധുനികവത്കരിക്കണം. ഉഷ്ണ കാലാവസ്ഥയുടെ അനുകൂല സാഹചര്യത്തെ ഉത്‌പാദനങ്ങളുടെ ആധുനികവത്കരണത്തിന് ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളാണ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ. ഈ കാലാവസ്ഥ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അവർ ഫ്രൂട്ട് പ്ലാന്റുകൾ നിർമ്മിച്ചിട്ടുള്ളത്. എന്നാൽ കേരളം ഇതുവരെ അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ല. പരമ്പരാഗത കാർഷിക രീതികൾ ഉപയോഗപ്പെടുത്തുമ്പോൾ തന്നെ ഇങ്ങനെയുള്ള ആധുനിക കാഴ്ചപ്പാടുകളെ പുതുതലമുറ ആവേശത്തോടെ സ്വീകരിക്കും. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് പോലും വിപണിമൂല്യം സ്ഥാപിച്ചെടുക്കാൻ നമുക്ക് സാധിച്ചിട്ടില്ല. പല രാജ്യങ്ങളും അത് ശാസ്ത്രീയമായി കൃഷി ചെയ്ത് സുന്ദരമായ പാക്കിങ്ങുകളിലൂടെ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വിദേശനാണ്യങ്ങൾ നേടിയെടുക്കുമ്പോൾ നമ്മുടെ ചക്ക ഒരു മാലിന്യപ്രശ്നമായി മാറുകയാണ്. കാഴ്ചപ്പാടുകൾ നവീകരിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ നടക്കാൻ നാം ശ്രമിക്കണം.

ചോദ്യചിഹ്നമാവുന്ന
ആരോഗ്യകേരളം
ആരോഗ്യകേരളം ഇപ്പോൾ വെന്റിലേറ്ററിലാണ്. കഴിഞ്ഞ വർഷങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് ആശുപത്രികളിലെ കെടുകാര്യസ്ഥത. ഇത് നമ്മുടെ സിസ്റ്റത്തിന്റെ ന്യൂനതയാണ്. സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്തവിധം ചികിത്സാ ചിലവുകൾ വർധിക്കുന്നു. പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ പ്രതീക്ഷ നഷ്ടമാവുമ്പോൾ സാധാരണക്കാർക്കും സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരുന്നു. ബ്ളാക്ക്സ്റ്റോൺ പോലെയുള്ള ലോകത്തെ വൻകിട അസറ്റ് മാനേജർമാർ നമ്മുടെ നാട്ടിലെ സ്വകാര്യ ആശുപത്രികൾ വിലക്കെടുക്കുകയാണ്. അതോടെ സാധാരണക്കാർക്ക് അവിടെയും പോവാൻ സാധിക്കാതെ വരുന്നു. മാഫിയകളാണ് നമ്മുടെ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്നത്. ഉത്തരവാദപ്പെട്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും ഒഴിഞ്ഞുമാറിയതുകൊണ്ടാ യില്ല. സിസ്റ്റം നവീകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണം. അലോപ്പതി, ആയുർവ്വേദം, ഹോമിയോ എന്നിവയെയെല്ലാം ഉപയോഗപ്പെടുത്തി ഒരു ഹോളിസ്റ്റിക് മെഡിസിൻ സംവിധാനം കൊണ്ടുവന്നാൽ അത് സാധാരണക്കാർക്ക് ഉപകാരപ്പെടും. റിഹാബ് സെന്ററുകൾ സ്ഥാപിച്ച് കേരളത്തെ ഒരു ഹെൽത്ത് ഡെസ്റ്റിനേഷൻ ഹബ് ആക്കി മാറ്റാൻ സാധിക്കും.

വന്യജീവി ആക്രമണം
വന്യജീവികളുടെ ആക്രമണം നമ്മുടെ നാട് നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആയിരത്തിലധികം പേർ കേരളത്തിൽ ഇതുമൂലം കൊല്ലപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ വേലി നിർമ്മാണം, മുന്നറിയിപ്പ് സംവിധാനങ്ങൾ, നിലവിലുള്ള കേന്ദ്ര വന്യജീവി സംരക്ഷണ നിയമം മനുഷ്യ സൗഹൃദമായി ഭേദഗതി ചെയ്യൽ തുടങ്ങിയ പരിഹാര നിർദ്ദേശങ്ങൾ അദ്ദേഹം നേരത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷം ഇക്കാര്യത്തിൽ ഫലപ്രദമായ യാതൊന്നും കേരളത്തിലെ വനം വകുപ്പ് ചെയ്തിട്ടില്ല എന്നത് യാഥാർഥ്യമാണ്.

പ്രവാസികളുടെ സമ്പാദ്യം
പ്രവാസികൾ കേരളത്തിലേക്കയക്കുന്ന വിദേശനാണ്യം വേണ്ടവിധത്തിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഉപയോഗപ്പെടുത്തുന്ന പദ്ധതികൾ ഉണ്ടാവേണ്ടതുണ്ട് എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. കേരളത്തിൽ പ്രവാസികൾക്ക് മാത്രമായി വാണിജ്യ, വ്യവസായ മേഖലകളിൽ നിക്ഷേപ സംവിധാനങ്ങൾ ഒരുക്കിയാൽ ഏറെക്കാലം നമ്മുടെ സംസ്ഥാനത്തിന് വേണ്ടി അന്യനാടുകളിൽ പോയി വിയർപ്പൊഴുക്കിയ പ്രവാസികൾക്ക് അവരുടെ വിരമിക്കലിന് ശേഷവും പരസഹായമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോവാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം 35 ലക്ഷത്തിലധികം വരുന്ന അതിഥിതൊഴിലാളികൾ കേരളത്തിൽ നിന്നും പുറത്തേക്ക് അയക്കുന്ന പണം കേരളത്തിന് നഷ്ടമാണ്. നമ്മുടെ ആളുകളുടെ കൈയിൽ പണമുണ്ടാവുകയും നമ്മുടെ മാർക്കറ്റിൽ അത് കൈമാറ്റം ചെയ്യപ്പെടുകയും വേണ്ടതുണ്ട്. അതിനാവശ്യമായ സാമ്പത്തിക പാക്കേജ് പദ്ധതികൾ സർക്കാർ തലത്തിൽ രൂപപ്പെടുത്തണം.

ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം (Accountability)
സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ഉത്തരവാദിത്തം ചോദ്യം ചെയ്യപ്പെടണം. കൃത്യസമയത്ത് നിർവഹിച്ചില്ലെങ്കിൽ അവർ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിയമപരമാക്കണം. സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടും കെടുകാര്യസ്ഥത കൊണ്ടുമാണ് ഒരു പാട് സാമ്പത്തിക നഷ്ടമുണ്ടാകുന്നത്. 50 കോടിക്ക് തീർക്കേണ്ട പ്രോജക്റ്റുകൾ അവസാനം പൂർത്തിയാവുമ്പോൾ 500 കോടി കടക്കും. സിക്രട്ടറിയേറ്റ് അടക്കം സർക്കാർ ഓഫീസുകളിലെ ഫയൽ സിസ്റ്റം 105 കൊല്ലം മുമ്പത്തെ സിസ്റ്റമാണ്. അതുകൊണ്ടാണ് 'സർക്കാർ കാര്യം മുറ പോലെ' എന്ന വൈകലുകൾ ഉണ്ടാവുന്നത്. അതിന് മാറ്റം വരണം. സർക്കാർ ഖജനാവിലേക്ക് വരേണ്ട നികുതികളിൽ ധാരാളം ലീക്കേജ് ഉണ്ട്. നികുതിയിളവിലൂടെ നികുതി മുഴുവൻ പിരിച്ചെടുക്കാൻ സാധിക്കും.

പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രശ്നങ്ങൾ
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധി മറികടക്കാൻ ചില ഓട്ടയടക്കൽ പ്രക്രിയകൾ മാത്രമാണ് കഴിഞ്ഞ പത്തുവർഷമായി ഉണ്ടായിട്ടുള്ളത്. എൽപി സ്‌കൂളുകളിൽ 1:30, യുപി സ്‌കൂളുകളിൽ 1:35, ഹൈസ്കൂളുകളിൽ 1:40, ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ 1:50 എന്നിങ്ങനെയാണ് അനുപാതമായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ഇതെല്ലാം ലംഘിക്കപ്പെടുന്നത് കൊണ്ട് വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ വിദ്യാഭ്യാസം നൽ കാൻ നമ്മുടെ അധ്യാപകർക്ക് സാധ്യമാവുന്നില്ല. പ്രാഥമിക പഠനം കഴിഞ്ഞ് ഉന്നത പഠനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള പാലമാണ് ഹയർ സെക്കണ്ടറി സ്‌കൂളുകൾ. ഒരു ക്ലാസ്സിൽ 50 കുട്ടികൾ എന്ന് പറയുന്നത് തന്നെ വളരെക്കൂടുതലാണ്. യുനെസ്‌കോയുടെ നിർദ്ദേശമനുസരിച്ച് പരമാവധി 25 കുട്ടികൾ മാത്രമേ ഒരു ഹയർ സെക്കണ്ടറി ക്ലാസ്സിൽ ഉണ്ടാവാൻ പാടുള്ളൂ എന്നാണ്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി മലബാർ മേഖലയിലെ വിശിഷ്യാ മലപ്പുറം ജില്ലയിലെ സ്‌കൂളുകളിൽ 'മാർജിനൽ ഇന്ക്രീസ്' എന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന തിരുകിക്കയറ്റൽ പ്രക്രിയയിലൂടെയാണ് പ്രശ്നം പരിഹരിക്കപ്പെടുന്നത്. അങ്ങനെ ഒരു ക്ലാസിൽ 65 അല്ലെങ്കിൽ 70 എന്ന രൂപത്തിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു. അധ്യാപകർക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വരുമ്പോൾ കുട്ടികളുടെ പഠനനിലവാരം മാത്രമല്ല അവരുടെ അച്ചടക്കവും സ്വഭാവവും മോശമാവുന്നു. ഈ വർഷത്തെ പ്ലസ് ടു ഫലം ഈ ജില്ലകളിലെ വിദ്യാർത്ഥികളെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. 'മാർജിനൽ ഇന്ക്രീസ്' ആണ് പ്രതി എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഓരോ സ്‌കൂളുകൾക്കും ആവശ്യമായ ക്ലാസ് മുറികൾ പണിയുകയും അവിടേക്ക് അധ്യാപകരെ നിയമിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കൂ. സമൂഹത്തിന്റെ സംസ്കാരം, സ്വഭാവം, നിലവാരം എന്നിവ പ്രതിഫലിക്കുന്നതിൽ അടിസ്ഥാനപരമായ പങ്ക് നിർവഹിക്കുന്നത് പ്രാഥമിക വിദ്യാഭ്യാസമാണ്. അതുകൊണ്ടുതന്നെ മറ്റെല്ലാ കാര്യങ്ങളെക്കാളും മുൻഗണന നൽകേണ്ടതും അതിനുതന്നെയാണ്.

യുഡിഎഫ് ജനാധിപത്യപരമായിരിക്കണം
ഒരു പുതുയുഗമാണ് യുഡിഎഫ് കേരളത്തിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഗവർണർ നിയമസഭയിൽ അവതരിപ്പിച്ച പതിനാറാം കേരള നിയമസഭയുടെ നയപ്രഖ്യാപനം വളരെ വ്യക്തമാണ്. മുഖ്യമന്ത്രി വിഡി സതീശൻ പ്രതിപക്ഷനേതാവായിരിക്കെ കേരളത്തിന്റെ ഭാവിയെ കുറിച്ച് നടത്തിയ വിവിധ പ്രസംഗങ്ങളും ലേഖനങ്ങളും സമാഹരിച്ചതുപോലെ തന്നെയാണ് നയപ്രഖ്യാപനം. ഇവ സന്ദർഭോചിതമായി ഘട്ടം ഘട്ടമായി നടപ്പാക്കുകയാണെങ്കിൽ കേരളത്തിന് വലിയ പ്രതീക്ഷയാണെന്ന കാര്യത്തിൽ സംശയമില്ല. പ്രതിപക്ഷത്തിന്റെ പോസിറ്റിവായ അഭിപ്രായങ്ങളെയും വിമർശനങ്ങളെയും ഉൾക്കൊണ്ടുകൊണ്ടും പൊതുജനങ്ങളിൽ നിന്നും ഉയർന്നുവരുന്ന പ്രതികരണങ്ങളെ മുഖവിലക്കെടുത്തുകൊണ്ടും തികച്ചും ജനാധിപത്യ സ്വഭാവത്തോടെയാണ് അവ നടപ്പാക്കേണ്ടത്. ഏകാധിപത്യ ശൈലിയിലോ ജനഹിതങ്ങൾക്ക് വിരുദ്ധമായോ പ്രവർത്തിച്ചാൽ നാശമായിരിക്കും ഫലം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിലുണ്ടായ ആശങ്കകളും തുടർന്ന് ഘടകകക്ഷികളിലടക്കം മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ ഉണ്ടായ ചില താല്പര്യങ്ങളും യുഡിഎഫിനെ കുറിച്ച് പൊതുസമൂഹത്തിൽ മോശമായ ചിന്തകൾ വളർന്നുവരാൻ കളമൊരുക്കിയിരുന്നു എന്ന യാഥാർഥ്യം എത്രമാത്രം സംവേദന ക്ഷമതയുള്ള സമൂഹമാണ് കേരള സമൂഹം എന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്.